Sections

സംരംഭക വർഷം തുണയായി; അധ്യാപികയിൽ നിന്നും റോസ് സംരംഭകയിലേക്ക്

Monday, Sep 11, 2023
Reported By Admin
Women Entrepreneur

എന്നും രാവിലെ എഴുന്നേൽക്കുക, കുട്ടികളുടെ കാര്യം നോക്കുക, തിരുക്കുപിടിച്ച് ജോലി സ്ഥലത്തേക്ക് ഓടുക, തിരികെ വീണ്ടും അടുക്കളയിലെ ലോകത്തേക്ക്... ഒരേ മട്ടിൽ പോയിക്കൊണ്ടിരുന്ന ജീവിതരീതിയിൽ നിന്നും വ്യത്യസ്തമായി ഓരോ ദിനവും പുതിയതായി തുടങ്ങണമെന്ന ആഗ്രഹമാണ് ചോറ്റാനിക്കര ഐനിപ്പിള്ളി വീട്ടിൽ റോസ് ഗ്ലൈസിനിനെ ഒരു സംരംഭകയാക്കിയത്. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാര്യം എന്തെങ്കിലും വരുമാനം നേടണമെന്ന ആഗ്രഹത്തിൽ റോസ് ബിസിനസിൻറെ പല വഴികളെയും പറ്റി ആലോചിച്ചു. ഒടുവിൻ പാചകത്തിലുള്ള താല്പര്യം എന്തുകൊണ്ട് ഒരു തൊഴിലായി മുന്നോട്ടുകൊണ്ടുപോയി ബിസിനസ് ആരംഭിച്ചാലോ എന്ന ആലോചന മനസ്സിലുദിച്ചത്.

പാചകത്തിനുള്ള താൽപര്യം സ്വന്തമായി ഒരു ബോർമ്മ സംരംഭം ആരംഭിക്കാൻ റോസിന് പ്രചോദനമായി. ചോക്ലേറ്റ്, ബട്ടർ സ്കോച്ച്, സ്ട്രോബറി, മാംഗോ, പൈനാപ്പിൾ എന്നിങ്ങനെ വിവിധ രുചികളോട് കൂടിയ കേക്കുകൾ, ബ്രഡ്, ബൺ, ബട്ടർ ബൺ എന്നിവയ്ക്കും ഇന്ന് റോസിന്റെ രുചി വിഭവങ്ങൾക്ക് ആവശ്യക്കാർ എത്തുന്നുണ്ട്.

ചോറ്റാനിക്കര പഞ്ചായത്തിൽ തലക്കോട് ഫയർ സ്റ്റേഷന് സമീപമാണ് ഗ്ലെസ് ബേക്ക് ഹൗസ് എന്ന പേരിൽ റോസിൻറെ സ്ഥാപനം പ്രവർത്തിക്കുന്നത്. രണ്ട് ബോർമ്മ സ്റ്റാഫും ഒരു സെയിൽ സ്റ്റാഫ് ഉൾപ്പെടെ മൂന്നുപേർ ഈ സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നുണ്ട്. മുളന്തുരുത്തി ചോറ്റാനിക്കര മുതൽ ഫോർട്ട്കൊച്ചി വരെയുള്ള വിവിധ ബേക്കറികളിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നുണ്ട്.

ഒരു വർഷം മുമ്പാണ് ഗ്ലേസ് ബേക്ക് ഹൗസ് ആരംഭിക്കുന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പുതിയ ഉത്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി ബിസിനസ് വിപുലീകരിക്കാനുള്ള ആലോചനയിലാണ് ഈ സംരംഭക. ഇവർക്ക് എല്ലാവിധ പിന്തുണയും നൽകി സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് ഭർത്താവ് ഷാനും ഒപ്പമുണ്ട്.

6.5 ലക്ഷം രൂപ ലോൺ എടുത്താണ് സംരംഭം ആരംഭിച്ചത്. സർക്കാരിന്റെയും പഞ്ചായത്തിന്റെയും പിന്തുണയോടെ പ്രൈം മിനിസ്റ്റർ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം ( പി എം ഇ ജി പി) പ്രകാരം 35% സബ്സിഡിയും ലഭിച്ചിട്ടുണ്ട്. അധ്യാപികയായും പരസ്യ കമ്പനി ജീവനക്കാരിയായും ജോലി ചെയ്തിട്ടുണ്ടെങ്കിലും ബിസിനസ് എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണമെന്ന ആശങ്ക ഉണ്ടായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ വിവിധ സംരംഭക പദ്ധതികൾ തുണയായതെന്നും റോസ് പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.