Sections

സമ്പന്നപട്ടികയിലെ സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്ക് 

Tuesday, Feb 28, 2023
Reported By admin
musk

മസ്കിന്റെ ആസ്തി നവംബറിനും ഡിസംബറിനുമിടയിൽ 200 ബില്യൺ ഡോളറിലധികം കുറഞ്ഞിരുന്നു


ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി ഇലോൺ മസ്ക് തിരിച്ചുപിടിച്ചു. തിങ്കളാഴ്ച വിപണികൾ അവസാനിച്ചതിന് ശേഷമുളള കണക്കിൽ മസ്കിന്റെ ആസ്തി ഏകദേശം 187.1 ബില്യൺ ഡോളറായിരുന്നു.
ബെർണാഡ് അർനോൾട്ടിന്റെ ആസ്തിയായ 185.3 ബില്യൺ ഡോളറിനെ അങ്ങനെ മസ്ക് മറികടന്നു. ഈ വർഷം ടെസ്ലയുടെ ഓഹരി വിലയിലുണ്ടായ 70 ശതമാനം വർദ്ധന കാരണം മസ്കിന്റെ സമ്പത്ത് വർദ്ധിച്ചിരുന്നു. ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, ടെസ്ല സ്റ്റോക്കിലെ കുതിച്ചുചാട്ടം മസ്കിനെ ശതകോടീശ്വരന്മാരുടെ സൂചികയുടെ മുകളിലേക്ക് തിരികെ എത്തിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഫ്രഞ്ച് ആഡംബര ബ്രാൻഡായ Louis Vuitton സിഇഒ ബെർണാഡ് അർനോൾട്ട് മസ്കിനെ പിന്തളളി ശതകോടീശ്വരപട്ടികയിൽ ഒന്നാമതെത്തിയത്. ഇതോടെ തുടർച്ചയായ മാസങ്ങളിൽ തിരിച്ചടി നേരിട്ട ഇലോൺ മസ്കിന്റെ ആസ്തി നവംബറിനും ഡിസംബറിനുമിടയിൽ 200 ബില്യൺ ഡോളറിലധികം കുറഞ്ഞിരുന്നു. ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്തിന്റെ നഷ്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രണ്ട് മാസത്തിലേറെയായി മസ്ക് രണ്ടാം സ്ഥാനത്തായിരുന്നു. ആ സമയത്ത് ടെസ്ല ഓഹരികളുടെ മൂല്യത്തിലുണ്ടായ ദ്രുതഗതിയിലുള്ള ഇടിവ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായി.

കഴിഞ്ഞവർഷം വാൾസ്ട്രീറ്റിൽ കമ്പനിക്ക് അതിന്റെ ഏറ്റവും മോശം വർഷമായിരുന്നു. കോവിഡ് -19ന്റെ പ്രത്യാഘാതങ്ങ ളെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളും, ട്വിറ്ററിനെ മസ്ക് വിവാദപരമായി ഏറ്റെടുത്തതും കാരണം 700 ബില്യൺ ഡോളറാണ് നഷ്ടപ്പെട്ടത്. 44 ബില്യൺ ഡോളർ ചെലവഴിച്ച് ഏറ്റെടുത്ത കമ്പനിയുടെ ചെലവ് ചുരുക്കുന്ന നടപടികളിലാണ് മസ്ക് ഇപ്പോൾ. മൈക്രോബ്ലോഗിംഗ് സൈറ്റിന് പ്രതിദിനം ഏകദേശം 4 മില്യൺ ഡോളർ നഷ്ടപ്പെടുന്നതായി നവംബറിൽ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. അടുത്തിടെ, ട്വിറ്റർ എട്ടാം റൗണ്ട് പിരിച്ചുവിടൽ പ്രഖ്യാപിക്കുകയും, 50-ലധികം ആളുകളെ പുറത്താക്കുകയും ചെയ്തു. ആദ്യഘട്ടം ട്വിറ്ററിലെ 3,700-ലധികം ജോലികൾ അല്ലെങ്കിൽ കമ്പനിയിലെ പകുതിയോളം തസ്തികകൾ വെട്ടിക്കുറച്ചതിന് ശേഷമായിരുന്നു പുതിയ പിരിച്ചുവിടൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.