Sections

50 സ്റ്റാളുകൾ, വൈവിധ്യങ്ങളായ ഉൽപന്നങ്ങൾ; സഹകരണ വകുപ്പ് ട്രേഡ് ഫെയറിനും ഭക്ഷ്യമേളയ്ക്കും തുടക്കം

Thursday, Nov 02, 2023
Reported By Admin
Keraleeyam 2023

സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ പ്രദർശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാൾ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയിലെ ഗുണമേന്മേയുള്ളതും കൂപ്കേരള ബ്രാൻഡിലുള്ളതുമായ നാനൂറിലേറെ ഉൽപ്പന്നങ്ങൾ പ്രദർശന വിപണനത്തിനായി 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. ജി.ഐ. ടാഗുള്ള പൊക്കാളി ഉൽപ്പന്നങ്ങൾ, മറയൂർ ശർക്കര, വിർജിൻ കോക്കനട്ട് ഓയിൽ, ശുദ്ധമായ വെളിച്ചെണ്ണ, ആറന്മുള കണ്ണാടി, വാസ്തുവിളക്ക്, വൈവിധ്യമാർന്ന കരകൗശല വസ്തുക്കൾ, വനവിഭവങ്ങൾ, ഗാർമെന്റ്സ്, വിവിധ ബാഗ് ഉൽപന്നങ്ങൾ, കശുവണ്ടി, തേൻ, കുന്തിരിക്കം, ചിക്കൻ ചമ്മന്തിപ്പൊടി, വെജ് ചമ്മന്തി പൊടി, ചൂരൽ ഉൽപന്നങ്ങൾ, ബനാന വാക്വം ഫ്രൈ, കറി പൗഡറുകൾ, ടീ പൗഡറുകൾ, ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ്, ജാക്ക് ഫ്രൂട്ട് ൗെഡർ, പുൽത്തൈലം, പൊക്കാളി അരി, കത്തി, കൊടുവാൾ പോലുള്ള ഉപകരണങ്ങൾ, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ബ്ലീച്ചിംഗ് പൗഡർ, സാനിറ്റൈസർ, മലയാളം ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ മേളയുടെ ആകർഷണങ്ങളാണ്.

ടാഗോർ തീയറ്റർ കോമ്പൗണ്ടിലെ സഹകരണ സംഘങ്ങളുടെ 13 ഫുഡ് കോർട്ടിലൂടെ കാസർകോഡൻ വിഭവങ്ങളായ നീർദോശ, നെയ്പത്തൽ, പത്തിരി, കോഴികടമ്പ്, ചിക്കൻ സുക്ക, കോഴിറൊട്ടി, വയനാടൻ വിഭവങ്ങളായ ഗന്ധകശാല അരി പായസം, മുളയരി പായസം, ഉണ്ടപ്പുട്ട്കറി, കോഴിക്കോടൻ വിഭവങ്ങളായ ഉന്നക്കായ, കായ് പോള, വറുത്തരച്ച കോഴിക്കറി, പാലക്കാടൻ വിഭവങ്ങളായ വനസുന്ദരി ചിക്കൻ, റാഗി പഴം പൊരി, ചാമ അരി, ഉപ്പുമാവ്, ആലപ്പുഴയുടെ വിഭവങ്ങളായ കപ്പ, കരിമീൻ പൊള്ളിച്ചത്, പത്തനംതിട്ടയുടെ തനതു വിഭവങ്ങളായ കപ്പ, കാച്ചിൽ, ചേന, ചേമ്പ്, പുഴുക്കുകൾ, വിവിധയിനം ചമ്മന്തികൾ തുടങ്ങിയ കൊതിയൂറും വിഭവങ്ങൾ ലഭിക്കും.

ആകർഷകമായ ലൈവ് സ്റ്റാളുകൾ, ലൈവ് മൺകല നിർമ്മാണം, പൊക്കാളി പൈതൃക ഗ്രാമം, മനോഹര സെൽഫി പോയിന്റുകൾ, വർണ്ണാഭമായ ചെടികൾ തുടങ്ങിയവയും മറ്റൊരു ആകർഷണമാണ്. മേളയോട് അനുബന്ധിച്ച് സഹകരണ മേഖലയിലെ കൊല്ലം എൻ.എസ്. ഹോസ്പിറ്റലും, പെരിന്തൽമണ്ണ ഇ.എം.എസ്. ഹോസ്പിറ്റലും സംയുക്തമായി മിതമായ നിരക്കിൽ ഹെൽത്ത് ചെക്ക് അപ്പ് പാക്കേജും നടത്തുന്നുണ്ട്.

സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ സാംസ്കാരിക പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം കേരളീയം, സഹകരണവീഥി പ്രത്യേക പതിപ്പും മന്ത്രി പ്രകാശനം ചെയ്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും സഹകരണ വകുപ്പ് രജിസ്ട്രാറുമായ ടി.വി സുഭാഷ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഐ.പി.ആർ.ഡി. അഡീഷണൽ ഡയറക്ടർമാരായ അബ്ദുൾ റഷീദ്, വി. സലിൻ, കെ.ജി. സന്തോഷ് എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.