- Trending Now:
കൊച്ചി: ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണങ്ങൾ തടയാൻ പൊതുജനങ്ങൾക്ക് കാർഡിയോ പൾമണറി റിസസ്സിറ്റേഷൻ (സിപിആർ) പരിജ്ഞാനം നിർബന്ധമാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഇതിലൂടെ നിരവധി അമൂല്യ ജീവനുകൾ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനവ്യാപകമായി അടിയന്തര ജീവൻരക്ഷാ പരിശീലനം നൽകാനുള്ള ഹാർട്ട് കെയർ ഫൗണ്ടേഷന്റെ 'സേവ് എ ലൈഫ്, സേവ് എ ലൈഫ്ടൈം' പദ്ധതി സെന്റ് തെരേസാസ് കോളേജിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. വാലന്റൈൻസ് ദിനത്തിൽ തന്നെ ഇത്തരമൊരു പരിപാടിക്ക് തുടക്കംകുറിച്ച ഹാർട്ട് കെയർ ഫൗണ്ടേഷനെ ഗവർണർ അഭിനന്ദിച്ചു. പൊതുജനാരോഗ്യ രംഗത്ത് ഫൗണ്ടേഷൻ നടത്തുന്ന സേവനങ്ങൾ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയാഘാതമുണ്ടാകുന്ന സാഹചര്യത്തിൽ ഉടനെ തന്നെ ശാസ്ത്രീയമായി സിപിആർ നൽകുന്നതിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത 18 മുതൽ 70 ശതമാനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഈ പദ്ധതിയിലൂടെ കേരളത്തിലെയും രാജ്യത്തെയും മുഴുവൻ ജനങ്ങളെയും സിപിആർ നൽകുന്നതിന് പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ചാണ് ഹാർട്ട് കെയർ ഫൗണ്ടേഷൻ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിലെ 1000 പേർക്കാണ് സിപിആർ പരിശീലനം നൽകുക.
ചടങ്ങിൽ ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം പദ്ധതി വിശദാംശങ്ങൾ വിവരിച്ചു. ബിപിസിഎൽ എക്സിക്യുട്ടിവ് ഡയറക്ടർ അജിത്കുമാർ കെ, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ ജോസഫ്, ഹാർട്ട് കെയർ ഫൗണ്ടേഷൻ സെക്രട്ടറി രാജു കണ്ണമ്പുഴ, ഡോ. ജോ ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.