- Trending Now:
പുതിയ യു എസ് താരിഫ് നയത്തിലൂടെ കയർ മേഖലയിലെ കയറ്റുമതി വ്യവസായങ്ങളിൽ വന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് മെമ്മോറാണ്ടം കയർ ബോർഡിന് സമർപ്പിക്കാൻ കയർ കോൺക്ലേവിൽ തീരുമാനമായതായി നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച കയർ കോൺക്ലേവ് 2025ന്റെ സമാപന സമ്മേളനത്തിൽ ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനകത്തുനിന്നും ഗുണമേന്മയുള്ള ചകിരിയുടെ സംഭരണത്തിനായി ഫൈബർ ബാങ്ക് പ്രവർത്തനം ഒക്ടോബറിൽ തന്നെ ആരംഭിക്കും.
പ്രാദേശികമായി തൊണ്ട് സംഭരിക്കുവാൻ ഹരിത കർമ്മസേനയെ ഉപയോഗിക്കുവാൻ കഴിയുമോ എന്നത് പരിശോധിക്കുവാൻ തീരുമാനിച്ചു. കയർ സംഘങ്ങൾക്ക് സംഭരിച്ച കയറിന്റെ വില സമയബന്ധിതമായി നൽകാൻ 10 കോടിയുടെ റിവോൾവിംഗ് ഫണ്ട് ആവിഷ്കരിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
കേരളത്തിൻറെ കയർ മേഖലക്ക് സംഘടിത സ്വഭാവം വേണം, ആധുനികവത്ക്കരണവും വൈവിധ്യ വത്ക്കരണവും നടപ്പിലാക്കണം, കൂലി ഉല്പാദനവുമായി ബന്ധപ്പെടുത്തി വർദ്ധിപ്പിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് കോൺക്ലേവിൽ പ്രധാനമായും ഉയർന്ന് വന്നത്.
കയർ കോൺക്ലേവ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിർവഹിച്ചു.
പുതിയ കാലഘട്ടത്തിൽ കയർ വ്യവസായം നിലനിൽക്കണമെങ്കിൽ കയർമേഖലയെ ആധുനികവൽക്കരിക്കണമെന്നും ഉൽപ്പന്നങ്ങൾ വൈവിധ്യവൽക്കരിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. അമേരിക്കയുടെ തീരുവ അടിച്ചേൽപ്പിക്കൽ നയം വഴി വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കയർമേഖല മുന്നോട്ട് പോകുന്നത് . അതുകൊണ്ട് നമ്മുടെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ പുതിയ പാക്കേജുകൾ വരണമെന്നും അദ്ദേഹം പറഞ്ഞു.
കോൺക്ലേവിൽ പി. പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് , കയർ വികസന ഡയറക്ടർ ആനി ജൂല തോമസ്, കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ, കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി ചെയർമാൻ എം എച്ച് റഷീദ്, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ നാസർ, പ്രകാശൻ, വേലൻചിറ സുകുമാരൻ, സി എസ് രമേശൻ, സലിം ബാബു, ബിനീഷ് ബോയ്, കയർ മേഖലാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.