- Trending Now:
വിദ്യാർത്ഥികൾക്ക് അവരവരുടെ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഉച്ചകോടി ഇന്ന് (ഫെബ്രുവരി 11) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അധ്യക്ഷതവഹിക്കും. ഉച്ചകോടിയിൽ ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയാകും. നാക് ചെയർമാൻ ഡോ. ഭൂഷൺ പട് വർദ്ധൻ, ആമസോൺ വെബ് സർവീസ് ഹെഡ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് അമിത് മേത്ത തുടങ്ങി 25 വിദഗ്ധരുടെ വിവിധ സെഷനുകളും ചർച്ചകളും നടക്കും.
അസാപിന്റെ(അഡീഷണൽ സ്കിൽ അക്യുസിഷൻ പ്രോഗ്രാം) നേതൃത്വത്തിൽ നടത്തുന്ന ഉച്ചകോടിയിൽ നാനൂറിലധികം പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളും അഞ്ഞൂറോളം അധ്യാപകരും പങ്കെടുക്കും. ഓരോ മേഖലയിലും ഉയർന്നുവരുന്ന തൊഴിലവസരങ്ങളും തൊഴിൽമേഖലയിലെ മാറ്റങ്ങളും പുത്തൻ സാങ്കേതികവിദ്യകളും മനസിലാക്കുവാനും അതിനനുസരിച്ച് ഭാവി കരുപ്പിടിപ്പിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ പ്രൊഫഷനൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ പിന്തുണ നൽകും. വിദ്യാർഥികളുടെ കഴിവുകൾ ഇവിടത്തന്നെ പ്രയോജനപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമം. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
തൊഴിലധിഷ്ഠിത പരിശീലനം നൽകും... Read More
നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനുള്ള അംഗീകാരമായി ദേശീയ അക്രഡിറ്റേഷൻ ഏജൻസിയായ നാക്(NAAC)ന്റെ ഉയർന്ന ഗ്രേഡുകൾ നമ്മുടെ സർവകലാശാലകൾക്കും സർക്കാർ, എയ്ഡഡ് കോളജുകൾക്കും ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളെ സ്വയം തൊഴിലന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽദാതാക്കളായി മാറ്റുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പ്രൊഫഷനൽ സ്റ്റുഡന്റ്സ് ഉച്ചകോടിയും ഇതിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും നേരിടുന്ന പ്രശ്നങ്ങളും പരിമിതികളും പങ്കുവയ്ക്കുന്നതിനുമുള്ള വേദി കൂടിയാണ് ഇത്. കേരളത്തെ പുതിയ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സർവകലാശാലകളും മറ്റു ഏജൻസികളും കേന്ദ്രീകരിച്ച് ഗവേഷണങ്ങൾക്കും നൈപുണ്യ വികസനത്തിനും വലിയ പിന്തുണ നൽകിവരുന്നു. കേരള സാങ്കേതിക സർവകലാശാലയോട് ചേർന്ന് ഐഐടി നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രം ആരംഭിക്കും. മഹാത്മാ ഗാന്ധി സർവകലാശാല ഒരു കമ്പനി രൂപീകരിക്കുകയും 35 കോടി രൂപ ചെലവിൽ ഇന്നോവേഷൻ ഇൻക്യൂബേഷൻ സെന്റർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ അടക്കം പ്രൊഫഷണൽ വിദ്യാർത്ഥികളെ പ്രായോഗിക തലത്തിൽ തൊഴിൽ, സംരംഭക സജ്ജരാക്കാനുള്ള ശ്രമങ്ങളാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്നത്.
നമ്മുടെ വിദ്യാർത്ഥികൾക്ക് ഇവിടെ തുടരാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് പ്രാഥമിക പരിഗണന. ഗുണനിലവാരമില്ലാത്ത വിദേശ സർവകലാശാലകളിലേക്ക് വിദ്യാർത്ഥികൾ റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.