Sections

സിബിഎൽ അഞ്ചാം സീസൺ- മറൈൻ ഡ്രൈവ് മത്സരം ഡിസംബർ 30 ന്

Monday, Dec 22, 2025
Reported By Admin
Champions Boat League Season 5 Race at Kochi on Dec 30

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കൊച്ചി മറൈൻ ഡ്രൈവിലെ മത്സരം ഡിസംബർ 30 ന് നടക്കും.

വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടൻ 90 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 77 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ നാല് സീസണിലെയും ചാമ്പ്യന്മാരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്. 66 പോയിന്റ് വീതം നേടി നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടനും പുന്നമട ബോട്ട് ക്ലൂബ് തുഴയുന്ന നടുഭാഗം ചുണ്ടനുമാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

നടുവിലേപറമ്പൻ(ഇമ്മാനുവേൽ ബോട്ട് ക്ലബ്) നാല്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി) അഞ്ച്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ആറ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) ഏഴ്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) എട്ട് എന്നിങ്ങനെയാണ് ബാക്കി പോയിന്റ് നില.

ഒക്ടോബർ 17നായിരുന്നു മറൈൻ ഡ്രൈവിലെ മത്സരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളെത്തുടർന്നാണ് മത്സരം മാറ്റിവച്ചത്. ഡിസംബർ 30 ന് നടക്കുന്ന മത്സരങ്ങൾ വ്യവസായ-കയർ-നിയമവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. എറണാകുളം എംഎൽഎ ടി ജെ വിനോദ് അധ്യക്ഷനാകും.

എംഎൽഎ ടി ജെ വിനോദ്, ജില്ലാകളക്ടർ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വിപുലമായ സംഘാടക സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തും. ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കുന്ന സിബിഎൽ മത്സരം നഗരത്തിലെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾക്ക് മാറ്റു കൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.

ഫൈനൽ മത്സരങ്ങൾ കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാണ് നടക്കുന്നത്. അഞ്ചാം സീസണിലെ ജേതാവിനുള്ള ചാമ്പ്യൻഷിപ്പും അന്ന് സമ്മാനിക്കും.
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.