- Trending Now:
കൊച്ചി: രാജ്യത്തെ പ്രസവാരോഗ്യ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളിൽ വൻ വർധനയാണ് ഉണ്ടായതെന്ന് കെയർ ഹെൽത്ത് ഇൻഷുറൻസ് റിപ്പോർട്ട്. 2025 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തിൽ സ്ത്രീകളുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ 37 ശതമാനം ഉയർന്നു. 20 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്കിടയിലെ ക്ലെയിം വർധന 25 ശതമാനത്തിലെത്തി.
നിലവിൽ രാജ്യത്തെ 88 മുതൽ 90 ശതമാനം വരെ പ്രസവങ്ങൾ ആശുപത്രികളിലാണ്. 2024-25 കാലയളവിൽ രാജ്യത്തെ ആകെ പ്രസവങ്ങളിൽ 27 ശതമാനത്തിലധികവും ശസ്ത്രക്രിയ മുഖേനയായിരുന്നു. രാജ്യത്തെ രണ്ട്, മൂന്ന് നിര നഗരങ്ങളിൽ പ്രസവവുമായി ബന്ധപ്പെട്ട ക്ലെയിമുകളുടെ ചെലവ് ഗണ്യമായി ഉയരുകയാണ്. 35 വയസിന് മുകളിലുള്ള സ്ത്രീകളുടെ പ്രസവ ക്ലെയിമുകളിലും വർധന രേഖപ്പെടുത്തി. 2026 സാമ്പത്തിക വർഷത്തിൽ ആകെ പ്രസവ ക്ലെയിമുകളുടെ 12 ശതമാനവും ഈ പ്രായക്കാരിൽ നിന്നായിരുന്നു.
പ്രസവപരിചരണം കൂടുതൽ കാര്യക്ഷമമാകുന്നതോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീകൾ അഞ്ച് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടുന്ന തോതും വർധിച്ചു. 2024 സാമ്പത്തിക വർഷത്തിലെ 75 ശതമാനത്തിൽ നിന്ന് ഇത് 2026 സാമ്പത്തിക വർഷത്തിൽ 82 ശതമാനമായി ഉയർന്നു. ഇന്ത്യയിൽ കൂടുതൽ സ്ത്രീകൾ ഇപ്പോൾ ഔപചാരിക ഗർഭകാല പരിചരണ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങളും പോഷകാഹാരക്കുറവും ഇപ്പോഴും ഗുരുതര വെല്ലുവിളികളായി തുടരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.