Sections

പ്രമുഖരോട് മത്സരിക്കാൻ കാമ്പ കോള വീണ്ടും വിപണിലെത്തുന്നു

Saturday, Mar 11, 2023
Reported By admin
india

എഫ്എംസിജി ബിസിനസ് വിപുലീകരിക്കുന്നതിനായുള്ള ചുവടുവെയ്പ്പാണ് റിലയൻസ് നടത്തുന്നത്


വിപണിയിലെ പ്രമുഖരായ കൊക്കകോളയോടും, പെപ്സിയോടും മത്സരിക്കാൻ കാമ്പ കോളയടക്കം മൂന്ന നിരകളിൽ വീണ്ടും വിപണിലെത്തുന്നു. ഫാസ്റ്റ് മൂവിംഗ് ഉപഭോക്തൃ ഉൽപ്പന്ന വിഭാഗമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ (ആർആർവിഎൽ) ഉപസ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് (ആർസിപിഎൽ) വ്യാഴാഴ്ച ഇന്ത്യയ്ക്കായി നിർമ്മിച്ച കാമ്പ കോള എന്ന ഐക്കണിക് ബ്രാൻഡിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ആധുനിക ഇന്ത്യൻ വിപണിയിൽ മുന്നേറുന്നതിന്റെ ഭാഗമായാണ് ഐക്കണിക് ബിവറേജസ് ബ്രാൻഡായ കാമ്പയ്ക്ക് റിലയൻസ് റീട്ടെയിൽ ഒരു പുത്തൻ രൂപം നൽകിയിരിക്കുന്നത്. 50 വർഷത്തെ പാരമ്പര്യമുള്ള കാമ്പ ഈ വേനൽക്കാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് 'ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ്' നൽകി ആകർഷിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

തുടക്കത്തിൽ, കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് തുടങ്ങിയ വൈവിധ്യമാർന്ന പാനീയങ്ങളാണ് കമ്പനി വിപണിയിലിറക്കുക. സമ്പന്നമായ പാരമ്പര്യം മാത്രമല്ല, തനതായ രുചികളിലൂടേയും, അഭിരുചികളിലൂടേയും ഇന്ത്യൻ ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധമുണ്ടാക്കുന്നതിനും, തദ്ദേശീയ ഇന്ത്യൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ ലോഞ്ച്. വ്യത്യസ്ത അവസരങ്ങൾക്ക് അനുയോജ്യമായ അഞ്ച് പാക്കുകളിൽ കാമ്പ പാനീയങ്ങൾ വിപണിയിലെത്തും. 1000 മില്ലി, 2000 മില്ലി, 600 മില്ലി, 500 മില്ലി എന്നിങ്ങനെയുള്ള പാക്കുകളിലാണ് കാമ്പ പാനീയങ്ങൾ എത്തുന്നത്.

കാമ്പ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നതിലൂടെ, ഒരു യഥാർത്ഥ ഐക്കണിക് ബ്രാൻഡ് സ്വീകരിക്കുന്നതിനും സോഫ്റ്റ്ഡ്രിങ്ക് വിഭാഗത്തിൽ ഒരു പുതിയ ആവേശം ഉണർത്തുന്നതിനും തലമുറകളിലുടനീളമുള്ള ഉപഭോക്താക്കളെ പ്രചോദിപ്പിക്കുന്നതിനും കാരണമാകുമെന്ന് റിലയൻസ് പ്രതീക്ഷിക്കുന്നു. പഴയ കാമ്പ ഫാൻസിന് യഥാർത്ഥ കാമ്പയെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഉണ്ടായിരിക്കും കാമ്പയുമായി ബന്ധപ്പെട്ട ഗൃഹാതുരത ഉണർത്തുകയും ചെയ്യും. പുതിയ ഉപഭോക്താക്കൾക്ക് മികച്ച ഉന്മേഷദായകമായ ഒരു ഓപ്ഷൻ കൂടെ ലഭിക്കുകയും, രുചി ഇഷ്ടപ്പെടുകയും ചെയ്യും.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉപഭോഗ അവസരങ്ങൾ വർധിപ്പിച്ചുകൊണ്ട്, എഫ്എംസിജി ബിസിനസ് വിപുലീകരിക്കുന്നതിനായുള്ള മറ്റൊരു ധീരമായ ചുവടുവെയ്പ്പാണ് കാമ്പയെ തിരികെ കൊണ്ടുവരുന്നതിലൂടെ റിലയൻസ് നടത്തുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ തുടങ്ങി ഇന്ത്യയിലുടനീളം ശീതളപാനീയത്തിന്റെ പുതിയനിര റിലയൻസ് റീട്ടെയിൽസ് പുറത്തിറക്കി.

നിയന്ത്രണ പ്രശ്നങ്ങൾ കാരണം മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊക്കകോളയെ രാജ്യത്ത് നിന്ന് പുറത്താക്കിയതിന് ശേഷം 70 കളിലും 80 കളിലും കാമ്പ കോള ഇന്ത്യക്കാരുടെ സ്വന്തം ബ്രാൻഡായി മാറി. കാമ്പയ്ക്കൊപ്പം, പാർലെയുടെ തംസ് അപ്പും അന്നത്തെ ഇന്ത്യൻ ദേശി ബ്രാൻഡായിരുന്നു. പക്ഷെ, കൊക്കകോളയുടെ തദ്ദേശീയമായ തിരിച്ചുവരവും, 1990 കളുടെ തുടക്കത്തിൽ ചിരവൈരികളായ പെപ്സികോയുമായുള്ള വിപണി വിഹിതത്തിനായുള്ള പോരാട്ടവും കാമ്പയെ തകർച്ചയിലേക്കും. പിന്നീട് അതിന്റെ പതനത്തിലേക്കും നയിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് 22 കോടി രൂപയ്ക്ക് ന്യൂഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പിൽ നിന്ന് റിലയൻസ് കാമ്പയെ വാങ്ങിയത്. നിലവിൽ റിലയൻസിന്റെ ജിയോമാർട്ട് പ്ലാറ്റ്ഫോമിലും മറ്റ് റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ. യുഎസ് എതിരാളികൾ മികച്ച ഓഫറുകൾ നൽകുന്നതിനാൽ കോള പാനീയങ്ങൾ കാര്യമായ കിഴിവിലാണ് വിൽക്കുന്നത്. ജിയോ മാർട്ടിൽ, കൊക്കകോള, തംസ് അപ്പ്, ലിംക, ഫാന്റ ഓറഞ്ച് എന്നിവയ്ക്ക് 86 രൂപയും പെപ്സിയുടെ 1.5 ലിറ്ററിന് 69 രൂപയും നൽകുമ്പോൾ, രണ്ട് ലിറ്റർ കാമ്പ കോളയുടെ കുപ്പിയുടെ വില 59 രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.