Sections

ബിസിനസ് വളരണോ, എങ്കില്‍ വാട്സ് ആപ്പ് ഇങ്ങനെ ഉപയോഗിക്കൂ- ബിസിനസ് ഗൈഡ് സീരീസ്

Tuesday, Oct 26, 2021
Reported By Ambu Senan & Jeena S Jayan
business in whatsapp

വാട്സ് ആപ്പ് എന്ന് ആപ്ലിക്കേഷന്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിച്ച് ബിസിനസ് മെച്ചപ്പെടുത്താം

 

ബിസിനസ് ഗൈഡ് സീരീസിലൂടെ ഇതിനോടകം ഒരു സംരംഭം തുടങ്ങാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരുപാട് വിഷയങ്ങളെ കുറിച്ച് നമ്മള്‍ സംസാരിച്ചു.

മാര്‍ക്കറ്റ് സ്റ്റഡിയുടെ അവസരത്തില്‍ തന്നെ സോഷ്യല്‍മീഡിയ ബിസിനസില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യങ്ങള്‍ കൂടി പരിഗണിക്കണം.സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ എങ്ങനെ സംരംഭത്തെ വളര്‍ത്താം എന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും നല്‍കണം.

ഇന്ന് വളരെ പ്രാധാന്യമുള്ള എന്നാല്‍ പലരും നിസാരമായി കരുതുന്ന വാട്സ് ആപ്പ് എന്ന് ആപ്ലിക്കേഷന്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിച്ച് ബിസിനസ് മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചാണ് ബിസിനസ് ഗൈഡ് സീരീസ് ചര്‍ച്ച ചെയ്യുന്നത്.

എന്താണ് വാട്സ് ആപ്പ് എന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ?. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒക്കൈ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി തന്നെ മാറിക്കഴിഞ്ഞ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് വാട്സ് ആപ്പ്.ഈ ആപ്ലിക്കേഷനിലൂടെ ഫയലുകളും ഇമേജുകളും പങ്കിടാന്‍ കഴിയും. അതിനൊപ്പം സൗജന്യ വോയ്സ്-വീഡിയോ കോളുകള്‍ക്കുള്ള സാഹചര്യവുമുണ്ട്.2009ല്‍ സ്ഥാപിതമായ വാട്സ്ആപ്പ് ആശയവിനിമയ രംഗത്ത് വലിയ വിപ്ലവമായി മാറി.

പ്രധാനമായും 3 മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് വാട്സ് ആപ്പ് ഉപയോഗിക്കാം.ഒന്ന് നമ്മളൊക്കെ സര്‍വ്വ സാധാരണ ഉപയോഗിക്കുന്ന വണ്‍ ടു വണ്‍ ചാറ്റ്.സിംപിളായി പറഞ്ഞാല്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആളുമായി നേരിട്ട് ആശയവിനിമയം നടത്താം.ഇനി മറ്റൊന്ന് ബ്രോഡ്കാസ്റ്റ് ലിസ്റ്റുകള്‍,ഇതിലൂടെ ഒരു സന്ദേശം അയച്ചാല്‍ അത് നിങ്ങളുടെ നമ്പര്‍ സേവ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന എല്ലാവരിലേക്കും എത്തുന്നു.ഇനിയാണ് വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗം 'ഗ്രൂപ്പുകള്‍'.നിങ്ങള്‍ക്ക് ഒരെ സമയം 256 ആളുകള്‍ക്ക് സന്ദേശം അയയ്ക്കാനും ഫോട്ടോ,വീഡിയോകള്‍ എന്നിവ പങ്കിടാനും സാധിക്കുന്നു ഒപ്പം ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഉണ്ട്.


ബിസിനസ്സിനായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല കാരണം നിങ്ങളുടെ ഉപഭോക്താക്കളില്‍ 85 ശതമാനത്തിലേറെ ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു എന്നത് തന്നെയാണ്.

പ്രമോഷനുകളെക്കുറിച്ച് നിങ്ങളുടെ ഉപഭോക്താക്കളെ ഓര്‍മ്മപ്പെടുത്താനോ ആക്സസ് ചെയ്യാവുന്ന ഉപഭോക്തൃ സേവന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാനോ സംരംഭത്തിന്റെ പ്രചാരണത്തിനോ ഒക്കെ വാട്ട്സ്ആപ്പ് ഒരു മികച്ച ഉപകരണമാണ്. പരിമിതികള്‍ ഉണ്ടെങ്കിലും ചാറ്റ്ബോട്ട് ഉപയോഗിച്ച് നിങ്ങളുടെ പ്രേക്ഷകര്‍ക്ക് വ്യക്തിഗത ഉപഭോക്തൃ പിന്തുണ വാഗ്ദാനം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.

2018 ന്റെ തുടക്കം മുതലാണ് വാട്ട്‌സ്ആപ്പ് ബിസിനസ് എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നത്. ചെറുകിട ബിസിനസ്സ് സംരംഭകരെ ലക്ഷ്യം വെച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

എങ്ങനെ ബിസിനസിനായി വാട്സ് ആപ് ഉപയോഗിക്കാം എന്ന ആശയക്കുഴപ്പം ഇപ്പോഴും നിങ്ങളിലുണ്ടായിരിക്കും അല്ലെ? എന്നാല്‍ അത് പരിഹരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ആദ്യം തന്നെ ബിസിനസ് ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ഉപയോഗിക്കുന്നത് ബിസിനസ് വാട്‌സ് ആപ്പ് ആക്കുക. കാരണം ബിസിനസ് വാട്സ് ആപ്പില്‍ സാധാരണ വാട്സ് ആപ്പില്‍ ഇല്ലാത്ത നിരവധി ഓപ്ഷനുകള്‍ ഉണ്ട്. 'ബിസിനസ് ടൂള്‍സ്' എന്ന ഓപ്ഷനില്‍ നിങ്ങളുടെ സംരംഭത്തിന്റെ പേരും അഡ്രസ്സും, പ്രവര്‍ത്തന സമയം, വെബ്സൈറ്റ് വിവരങ്ങള്‍, തുടങ്ങിയവ നല്‍കാന്‍ കഴിയും. രണ്ടാമത്തെ ഓപ്ഷനായ കാറ്റലോഗില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്പന്നങ്ങളോ സേവനങ്ങളോ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. കൂടാതെ അവയുടെ ചിത്രം, വില, ഐറ്റം കോഡ് എന്നിവയും കൊടുക്കാന്‍ കഴിയുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവ നമ്മുടെ നമ്പറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുകയും അതിനെക്കുറിച്ച് അന്വേഷിക്കാന്‍ സാധിക്കുകയൂം ചെയ്യും. നമ്മള്‍ എന്തെങ്കിലും അത്യാവശ്യ ജോലിയിലോ അല്ലെങ്കില്‍ ഫോണ്‍ സൈലന്റ് മോഡിലോ മറ്റോ ആണെങ്കില്‍ ചിലപ്പോള്‍ മെസ്സേജുകള്‍ ആ സമയം തന്നെ കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാം. അതിനുള്ള ഏറ്റവും നല്ല പരിഹാരം ബിസിനസ് വാട്സ് ആപ്പില്‍ ഉണ്ടെന്നതാണ്. 'എവേ മെസ്സേജ്' എന്ന സെറ്റിങ്‌സില്‍ നമുക്ക് ഏത് തരം മെസ്സേജ് വേണമെങ്കിലും സെറ്റ് ചെയ്ത് വെയ്ക്കാന്‍ കഴിയും. അത് കൊണ്ട് തന്നെ ഉപഭോക്താവ് മെസ്സേജ് അയയ്ച്ച ഉടനെ വാട്സ് ആപ്പ് തന്നെ നമ്മള്‍ നേരത്തെ സെറ്റ് ചെയ്ത മെസ്സേജ് ഉപഭോക്താവിന് അയക്കയ്ക്കുകയും അത് വഴി ആശയവിനിമയം ഉറപ്പാക്കുകയും ചെയ്യുന്നു. 

ഇനി പുതിയൊരു ഉപഭോക്താവാണ് മെസ്സേജ് ചെയ്യുന്നതെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നതിനായി 'ഗ്രീറ്റിംഗ്സ്'  മെസ്സേജ് സെറ്റ് ചെയ്യാനും കഴിയും. കൂടാതെ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്ക് നമ്മള്‍ ഒരേ റിപ്ലൈ കൊടുക്കാറുണ്ട്. ഉദാഹരണത്തിന് നമ്മുടെ ഉത്പന്നം ഇഷ്ടപ്പെട്ട അവര്‍ നന്ദി പറഞ്ഞു മെസ്സേജ് അയക്കുമ്പോള്‍ നമ്മള്‍ തിരികെ മെസ്സേജ് ചെയ്യും. എന്നാല്‍ ഒരു 100 പേര്‍ ഇത് പോലെ ഒരേസമയം മെസ്സേജ് ചെയ്താല്‍ അവര്‍ക്കെല്ലാം മെസ്സേജ് ടൈപ്പ് ചെയ്തുകൊണ്ടിരുന്നാല്‍ ഒരുപാട് സമയം നഷ്ടപ്പെടും. അതിനാല്‍ 'ക്വിക്ക് റിപ്ലൈ' എന്ന ഓപ്ഷനില്‍ നമുക്ക് മെസ്സേജ് സെറ്റ് ചെയ്ത് അയയ്ക്കാന്‍ സാധിക്കും. ഇങ്ങനെ 50 ക്വിക്ക് റിപ്ലൈകള്‍ സേവ് ചെയ്യാന്‍ സാധിക്കും. ഇനി ഉപയോക്താക്കളെ പെട്ടന്ന് തിരിച്ചറിയുന്നതിനായി ഓപ്ഷനും ബിസിനസ് വാട്സ് ആപ്പിലുണ്ട്. 'ലേബല്‍' എന്ന ഓപ്ഷനില്‍ പുതിയ ഉപയോക്താക്കള്‍, പുതിയ ഓര്‍ഡര്‍ തന്നവര്‍, പണം തരാനുള്ളവര്‍, തുടങ്ങി ലേബലുകള്‍ നമുക്ക് നല്‍കി ഓരോരുത്തരെയും പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. 


നിങ്ങളുടെ ബിസിനസ്   നിങ്ങള്‍ ഉപയോഗിക്കുന്ന  ഉപഭോക്താക്കള്‍ക്ക് തത്സമയ സേവനം നല്‍കാന്‍ കഴിയുന്ന വീഡിയോ, ഓഡിയോ, അല്ലെങ്കില്‍ ടെക്സ്റ്റുകള്‍ തയ്യാറാക്കി വാട്സ് ആപ്പിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാം.ഇത്തരം സന്ദേശങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ സംരംഭത്തില്‍ നിന്ന് നേടുന്ന ഏതൊരു സേവനത്തിലും ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ മാറ്റാന്‍ കഴിയണം. 

ഇതുപോലെ തന്നെ മറ്റൊരാളുടെയും സാങ്കേതിക സഹായം ആവശ്യമില്ലാതെ  തന്നെ ഉപയോക്താക്കള്‍ക്കായി ചെറു വീഡിയോകള്‍ തയ്യാറാക്കാവുന്നതെയുള്ളു.ഉദാഹരണത്തിന് നിങ്ങളുടെ കടയില്‍ പുതിയ ഒരു ഉത്പന്നം വന്നെങ്കില്‍ അതിന്റെ അണ്‍ബോക്‌സിങ് വീഡിയോയോ അല്ലെങ്കില്‍ ഡെമോ വീഡിയോയോ എടുത്ത് ഉപഭോക്താക്കള്‍ക്ക് അയയ്ച്ചു നല്‍കാവുന്നതാണ്.  ഇത്തരത്തിലൂടെ വീഡിയോ സേവനങ്ങള്‍ എത്തിക്കുന്നതിലൂടെ സംരംഭത്തിന്റെ വിശ്വാസ്യത വര്‍ദ്ധിക്കും.ആവശ്യമുള്ളപ്പോള്‍ ആദ്യം നിങ്ങളുടെ സംരംഭത്തെ തന്നെ ബന്ധപ്പെടാന്‍ ഇത് ഉപഭോക്താക്കളെ ഉണര്‍ത്തും.

വ്യക്തിഗതമായി ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നത് വാട്സ് ആപ്പിന്റെ മികച്ച പ്രത്യേകതയാണ്.മാത്രമല്ല ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഉത്പന്നമോ സേവനമോ ആവശ്യമുണ്ടെങ്കില്‍ പോലും നിങ്ങളിലേക്ക് സന്ദേശം ആദ്യമെത്താന്‍ ഇത് സഹായിക്കും.

സംരംഭത്തില്‍ നിന്ന് ഉപയോക്താവിന് ലഭിച്ച സേവനങ്ങളിലുള്ള അവരുടെ ഫീഡ് ബാക്ക് കൃത്യമായി ശേഖരിക്കാന്‍ കഴിയുന്ന രീതിയില്‍ ചോദ്യാവലികള്‍ നല്‍കുക.ഉത്പന്നങ്ങളും സേവനങ്ങളും ഒക്കെ മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.ഇതാണ് വാട്സ് ആപ് ഉപയോഗിച്ചുള്ള ഏറ്റവും പ്രധാന ഉപയോഗം.

ഗ്രൂപ്പുകളിലൂടെ ടാര്‍ഗറ്റുകളെ വേര്‍തിരിക്കാന്‍ സാധിക്കും.ഉദാഹരണത്തിന് ഒരു ഗാര്‍മെന്റ് ഷോപ്പ് തന്നെയാകട്ടെ,ലേഡീസ് വെയര്‍,ജെന്‍സ്വെയര്‍ തുടങ്ങിയവയ്ക്ക് ഉപയോക്താക്കളെ വെവെറേ ഗ്രൂപ്പുകളിലാക്കി അവിടേക്ക് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും.ഇതിലൂടെ സംരംഭത്തിലെ ഡിമാന്റുള്ള മേഖല തിരിച്ചറിയാന്‍ കഴിയും.

പ്രൊമോഷണല്‍ കോഡുകള്‍,ഫ്ളാഷ് സെയില്‍സ് തുടങ്ങിയ കാര്യങ്ങള്‍ വാട്സ് ആപ്പിലൂടെ പങ്കിടുക.നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബിസിനസില്‍ റിഡീം ചെയ്യാന്‍ കഴിയുന്ന പ്രൊമോഷണല്‍ കോഡുകള്‍ കൂടുതല്‍പേരെ ആകര്‍ഷിക്കും.

നിങ്ങള്‍ സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയോ അല്ലെങ്കില്‍ ഒരു ചില്ലറ വില്‍പനക്കാരനായി വില്‍ക്കുകയോ ചെയ്താല്‍, നിങ്ങള്‍ക്ക് അവ ഡെമോ ചെയ്യാനും ഒരു പുതിയ ഉത്പന്നം വരുമ്പോള്‍ ഗ്രൂപ്പിനെ അറിയിക്കാനും കഴിയും.

മറ്റ് ബിസിനസ് ഗ്രൂപ്പുകളിലും പങ്കാളികളാകുക.ഇതിലൂടെ നിങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.മറ്റ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് നിങ്ങളുടെ ഉത്പന്നത്തിലോ സേവനങ്ങളിലോ താല്‍പര്യം തോന്നുന്നെങ്കിലുള്ള പ്രയോജനത്തിനു പുറമെ വാട്സ് ആപ്പിലെയോ മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലോ ഉള്ള കമ്യൂണിക്കേഷനുകള്‍ക്കിടയില്‍ നിങ്ങളുടെ സംരംഭത്തെ കുറിച്ച് മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ പരാമര്‍ശം നടത്തുന്നതും നിങ്ങളുടെ സംരംഭത്തിന് മികച്ച പരസ്യം തന്നെയാണ്.

ഇത്തരം മികച്ച ഗുണങ്ങളുള്ളപ്പോഴും വാട്സ് ആപ് ബിസിനസിനായി ഉപയോഗിക്കുമ്പോള്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ കൂടെയുണ്ട് അതുകൂടി പറയാം.

ഒന്നാമതായി അംഗങ്ങളുടെ എണ്ണത്തില്‍ അല്ലെങ്കില്‍ ഒരേ സമയം മെസ്സേജ് അയയ്ക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തില്‍ പരിമിതി ഉണ്ട്. അത് വലിയ സംരംഭങ്ങളുടെ വ്യാപന കഴിവിനെ പരിമിതപ്പെടുത്തുന്നു.രണ്ടാമതായി, വാട്ട്‌സ്ആപ്പ് ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് നേരിട്ട് ധാരാളം സന്ദേശങ്ങള്‍ അയയ്ക്കുന്നത് ശല്യപ്പെടുത്തുന്നതായിരിക്കും. നമ്മള്‍ ഒരു 100 പേര്‍ക്ക് മെസ്സേജ് ചെയ്തിട്ട് അതില്‍ ഒരു 5 പേര് പോലും തിരികെ മെസ്സേജ് ചെയ്തില്ലെങ്കില്‍ വാട്സ് ആപ്പ് നമ്മളെ ഒരു നിശ്ചിത സമയത്തേക്ക് ബ്ലോക്ക് ചെയ്യാനുള്ള സാധ്യത ഉണ്ട്. 

സംരംഭത്തെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കാന്‍ വാട്സ് ആപ്പിനു കഴിയും.ഇത് നിങ്ങളുടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം ശക്തമാക്കുന്നു ഇതിലൂടെ സംരംഭത്തിലെ പോരായ്മകള്‍ തിരിച്ചറിയാന്‍ കഴിയുന്നു.ചില പോരായ്മകള്‍ നിലനില്‍ക്കുമ്പോഴും ഈ രണ്ട് കാരണങ്ങള്‍ വാട്സ്ആപ്പിനെ ബിസിനസ് രംഗത്ത് തിളക്കമുള്ളതാക്കുന്നു.

ചെറിയ രീതിയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു സോഷ്യല്‍മീഡിയ ആപ്ലിക്കേഷന്‍ ത്ന്നെയാണ് വാട്സ് ആപ്പ്.

*ബിസിനസ് ഗൈഡിന്റെ മുന്‍പുള്ള എല്ലാ ഭാഗങ്ങളും വായിക്കുന്നതിനും കാണുന്നതിനും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

The Local Economy- ബിസിനസ് ഗൈഡ് 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.