Sections

ഭീം ആപ്പിലൂടെ ഇനി സിബിൽ സ്കോർ അറിയാം

Tuesday, Apr 21, 2026
Reported By Admin
Check CIBIL Score on BHIM App: New Feature for Users

കൊച്ചി: രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനമായ ട്രാൻസ് യൂണിയൻ സിബിലിൻറെയും എൻപിസിഐയുടെ കീഴിലുള്ള ഭീം സർവീസസ് ലിമിറ്റഡിൻറെയും സഹകരണത്തിലൂടെ ഇനിമുതൽ ഭീം ആപ്പിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സിബിൽ സ്കോറും വിശദമായ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും നേരിട്ട് പരിശോധിക്കാം. ഭീം ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക സ്ഥിതി ആപ്പിനുള്ളിൽ തന്നെ സുരക്ഷിതമായി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് സ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വ്യക്തതയും അവബോധവും ലഭിക്കും. റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഉപഭോക്താവിൻറെ സമ്മതത്തോടെ മാത്രമേ ക്രെഡിറ്റ് വിവരങ്ങൾ ലഭ്യമാകൂ. ഇത് വിവരങ്ങളുടെ സുതാര്യതയും ഉപഭോക്താവിൻറെ നിയന്ത്രണവും ഉറപ്പാക്കുന്നു.

രാജ്യത്തെ സാമ്പത്തിക ഡിജിറ്റൽ പേയ്മെൻറ് മേഖലയിലെ നിർണ്ണായക സ്ഥാപനങ്ങളാണ് ട്രാൻസ് യൂണിയൻ സിബിലും എൻബിഎസ്എല്ലും. സിബിൽ സ്കോർ ഭീം ആപ്പുമായി സംയോജിപ്പിച്ചതോടെ ദൈനംദിന പണമിടപാടുകൾക്കൊപ്പം ക്രെഡിറ്റ് അവബോധവും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കൾക്ക് പരിചിതവും സുരക്ഷിതവുമായ ഭീം ആപ്പിലൂടെ വിശ്വസനീയമായ ക്രെഡിറ്റ് വിവരങ്ങൾ ലഭ്യമാക്കുന്നത് വഴി വ്യക്തമായ ധാരണയോടെയുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അവർക്ക് സാധിക്കും.

ഉപഭോക്താക്കളുടെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് ഭീം ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളെ മുൻനിർത്തി നിർമ്മിച്ചിരിക്കുന്ന ഈ ആപ്പ് 15-ലധികം ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. നഗര, ഗ്രാമ, അർദ്ധനഗര മേഖലകളിലുടനീളം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ലളിതമായ രീതിയിലാണ് ഇതിൻറെ പ്രവർത്തനം. സ്പ്ലിറ്റ് എക്സ്പെൻസസ്, ഫാമിലി മോഡ്, സ്പെൻഡ്സ് അനലിറ്റിക്സ്, റിമൈൻഡറുകൾ എന്നിങ്ങനെ പണം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ നിലവിൽ ഭീം ആപ്പിലുണ്ട്. സിബിൽ സ്കോർ കൂടി ഉൾപ്പെടുത്തിയതോടെ വെറുമൊരു പണമിടപാട് ആപ്പ് എന്നതിലുപരി ഉപഭോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെക്കുറിച്ച് കൃത്യമായ അറിവ് നൽകുന്ന ഒരു സമഗ്ര സാമ്പത്തിക പ്ലാറ്റ്ഫോമായി ഭീം ആപ്പ് മാറിയിരിക്കുകയാണ്.

ശക്തവും സുസ്ഥിരവുമായ ക്രെഡിറ്റ് മേഖലയുടെ അടിസ്ഥാനം ക്രെഡിറ്റ് അവബോധവും സാമ്പത്തിക ഉൾച്ചേർക്കലുമാണ്. ഭീം ആപ്പിലൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് തങ്ങളുടെ സിബിൽ സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും ഇനി എളുപ്പത്തിൽ ലഭ്യമാകും. പണമിടപാടുകൾക്കപ്പുറം വായ്പകളെയും സാമ്പത്തിക ഭദ്രതയെയും മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന രീതിയിലേക്ക് ഇന്ത്യ മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ ബോധവൽക്കരിക്കാനുള്ള പരിശ്രമങ്ങളിലെ പ്രധാന നാഴികക്കല്ലാണിത്. 'ഇൻഫർമേഷൻ ഫോർ ഗുഡ്' എന്ന ലക്ഷ്യത്തിന് അനുസൃതമായി വ്യക്തമായ ധാരണയോടെ ശാക്തീകരിച്ച ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ട്രാൻസ് യൂണിയൻ സിബിൽ എംഡിയും സിഇഒയുമായ ഭാവേഷ് ജെയിൻ പറഞ്ഞു.

ഉപയോഗിക്കാനുള്ള എളുപ്പവും ഉപഭോക്താവിൻറെ പൂർണ്ണ നിയന്ത്രണത്തിനും മുൻഗണന നൽകിക്കൊണ്ടാണ് ഭീം പേയ്മെൻറ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രാൻസ് യൂണിയൻ സിബിലുമായുള്ള സഹകരണത്തിലൂടെ ക്രെഡിറ്റ് അവബോധത്തിനും അപ്പുറമായി ഉപഭോക്താക്കൾക്ക് സിബിൽ സ്കോർ ഭിം ആപ്പിൽ തന്നെ എളുപ്പത്തിൽ ലഭ്യമാക്കുകയാണ്. ദൈനംദിന ജീവിതത്തിൻറെ ഭാഗമായിത്തന്നെ വ്യക്തമായ ധാരണയോടെയുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു.

ഭീം ആപ്പിൻറെ 4.0.19 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പുകളിലും ഈ സേവനം ഇപ്പോൾ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.