Sections

ഏഷ്യൻ സ്‌ട്രോക്ക് സമ്മർ സ്‌കൂൾ നവംബർ 12 മുതൽ 15 വരെ തിരുവനനന്തപുരത്ത്

Thursday, Nov 12, 2026
Reported By Admin
Asian Stroke Summer School 2026 Begins in Thiruvananthapuram

  • ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും ബെൺ സർവകലാശാലയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: പക്ഷാഘാത ചികിത്സാരംഗത്തെ അറിവും പ്രായോഗിക വൈദഗ്ധ്യവും മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മൂന്നാമത് എഷ്യൻ സ്ട്രോക്ക് സമ്മർ സ്കൂൾ നവംബർ 12 മുതൽ 15 വരെ തിരുവനന്തപുരത്തെ ഹോട്ടൽ ഒ ബൈ താമരയിൽ നടക്കും.

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും (എസ് സിടിഐഎംഎസ് ടി) സ്വിറ്റ്സർലൻഡിലെ ബെൺ സർവകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എഷ്യയിലെ വിവിധ രാജ്യങ്ങളിൽ പക്ഷാഘാത ചികിത്സ കൂടുതൽ മെച്ചപ്പെടുത്തുകയും ന്യൂറോളജിസ്റ്റുകൾക്കും ഇൻറർവെൻഷണലിസ്റ്റുകൾക്കും ഒരുമിച്ച് പരിശീലനം നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം. യൂറോപ്യൻ സ്ട്രോക്ക് വിൻറർ സ്കൂളിൻറെ മാതൃകയിലാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പക്ഷാഘാത ചികിത്സയിലെ പുതിയ രീതികൾ, രോഗികൾക്ക് അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കുന്നതിനുള്ള ആധുനിക ഇമേജിങ് സാങ്കേതികവിദ്യകൾ എന്നിവയിൽ പരിപാടിയിൽ പരിശീലനം നൽകും. രക്തക്കുഴലുകളിലെ തടസം നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബെക്ടമി ചികിത്സാ രീതിക്ക് പരിപാടിയിൽ പ്രത്യേക പ്രാധാന്യം നൽകും.

ചികിത്സാ തീരുമാനങ്ങൾ എടുക്കൽ, ചികിത്സയ്ക്കിടെ ഉണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യൽ, ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള പരിചരണം, ചികിത്സയുടെ ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും.

രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനും ചർച്ചകൾ നടത്തുന്നതിനും അവസരമുണ്ടാകും. പക്ഷാഘാത ചികിത്സ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും ചർച്ച ചെയ്യും.

തിരുവനന്തപുരം എസ് സിടിഐഎംഎസ് ടിയിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ പ്രോഗ്രാം പ്രൊഫസറും മേധാവിയുമായ ഡോ. പി.എൻ സിൽജ, സ്വിറ്റ്സർലൻഡിലെ ബെൺ ഇൻസെൽസ്പിറ്റൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം ഡയറക്ടറും ചെയർമാനുമായ ഡോ. ഉർസ് ഫിഷർ, തിരുവനന്തപുരം എസ് സിടിഐഎംഎസ് ടിയിലെ ഇമേജിങ് സയൻസസ് ആൻഡ് ഇൻറർവെൻഷണൽ റേഡിയോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ഇ. ആർ ജയദേവൻ, ബെൺ ഇൻസെസ്പിറ്റൽ ന്യൂറോസെൻററിലെ ന്യൂറോറേഡിയോളജി വിഭാഗം മേധാവി ഡോ. ജാൻ ഗ്രാല എന്നിവരാണ് പരിപാടിയുടെ ഡയറക്ടർമാർ.

നവംബർ 13 ന് ഒ ബൈ താമരയിൽ നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിൽ നേവി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ സർജൻ വൈസ് അഡ്മിറൽ ശങ്കർ സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരിക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ വിശിഷ്ടാതിഥിയാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.