- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിൻറെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഹരിശങ്കർ രാധാകൃഷ്ണൻ ചുമതലയേറ്റു. സാങ്കേതികവിദ്യ, ഇ-കൊമേഴ്സ്, കൺസ്യൂമർ ഗുഡ്സ് ആൻഡ് മാനേജ്മെൻറ് കൺസൾട്ടിംഗ് എന്നീ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ളയാളാണ് ഹരിശങ്കർ.
ആമസോൺ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ ആഗോള കമ്പനികളിലും ടാറ്റ ഗ്രൂപ്പ്, ഐടിസി തുടങ്ങിയ മുൻനിര ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളിലും പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ ആക്സഞ്ചറിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തൻറെ ഔദ്യോഗിക ജീവിതത്തിൽ ലാഭനഷ്ടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തത്തോടെ ബിസിനസുകളെ നയിക്കുക, വളർച്ചാ തന്ത്രങ്ങൾ ആവിഷ്കരിക്കുക, ബിസിനസ് പ്രവർത്തനങ്ങളിൽ മാറ്റം കൊണ്ടുവരാൻ സാങ്കേതികവിദ്യ, ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവ പ്രയോജനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ ഹരിശങ്കർ നേതൃത്വം നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻറെ അനുഭവസമ്പത്ത് ടെക്നോപാർക്കിൻറെ വളർച്ചാ ലക്ഷ്യങ്ങളെയും കേരളത്തിൻറെ സാങ്കേതിക ആവാസവ്യവസ്ഥയിൽ ടെക്നോപാർക്കിനുള്ള പങ്കിനെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോഫ്റ്റ് വെയർ പ്രോഗ്രാമറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഹരിശങ്കർ ഐടിസിയിൽ അഞ്ച് വർഷത്തോളം സെയിൽസ്, ഡിസ്ട്രിബ്യൂഷൻ സ്ട്രാറ്റജി, ബ്രാൻഡ് മാനേജ്മെൻറ് മേഖലകളിൽ പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രമുഖ സ്റ്റുഡൻറ് സ്റ്റേഷനറി ബ്രാൻഡുകളിലൊന്നായ 'ക്ലാസ്മേറ്റു'മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ജോൺസൺ ആൻഡ് ജോൺസണിൽ കമ്പനിയുടെ ബിസിനസ് യൂണിറ്റിൻറെ വിതരണ തന്ത്രം പുനഃക്രമീകരിക്കുന്നതിനും സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും നേതൃത്വം നൽകി. ആക്സഞ്ചറിൽ മാനേജ്മെൻറ് കൺസൾട്ടൻറായി സേവനമനുഷ്ഠിച്ച അദ്ദേഹം വിപണി പ്രവേശന മാതൃകകൾ, വളർച്ച, ഡിജിറ്റൽ പരിവർത്തനം, അനലിറ്റിക്സ് എന്നിവയിൽ വിവിധ കോർപ്പറേഷനുകൾക്ക് ഉപദേശങ്ങൾ നൽകി. അഞ്ച് വർഷത്തോളം ആമസോൺ ഇന്ത്യയിൽ പ്രവർത്തിച്ച ഹരിശങ്കർ കമ്പനിയുടെ ഏറ്റവും വലിയ മാർക്കറ്റ്പ്ലേസ് ബിസിനസുകളിൽ ചിലത് കൈകാര്യം ചെയ്തു. ടാറ്റ ഗ്രൂപ്പിൻറെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ബി2ബി ഡിജിറ്റൽ പ്ലാറ്റ് ഫോമായ 'ടാറ്റ ബിസിനസ് ഹബ്ബിൽ' മൂന്ന് വർഷം പ്രവർത്തിച്ചു.
ടെക്നോപാർക്ക് സിഇഒ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐടി വിഭാഗമായ യുഎൽ ടെക്നോളജി സൊല്യൂഷൻസിൽ സിഇഒ ആയിരുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോടിൽ നിന്ന് എം.ബി.എ (പിജിഡിഎം) ബിരുദവും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദവും നേടിയിട്ടുണ്ട്. വ്യവസായ, അക്കാദമിക് മേഖലകളിൽ നൽകിയ സംഭാവനകളെ മാനിച്ച് 2025-ൽ ഹരിശങ്കറിന് ഐഐഎംകെ ഡിസ്റ്റിംഗ്വിഷ്ഡ് അലുമ്നി അവാർഡ് ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.