Sections

തൊഴിൽ, സംരംഭക മേഖലകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കണം: മുഖ്യമന്ത്രി

Thursday, Feb 23, 2023
Reported By Admin
Women empowerment

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ 35-ാം വാർഷികവും കെ.ആർ. ഗൗരിയമ്മ എൻഡോവ്മെന്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്തിന്റെ തൊഴിൽ, സംരംഭക മേഖലകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ വികസന കോർപ്പറേഷൻ അടക്കമുള്ള സംരംഭങ്ങൾ ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ 35-ാം വാർഷികവും കെ.ആർ. ഗൗരിയമ്മ എൻഡോവ്മെന്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീ സമൂഹത്തിന്റെ ക്ഷേമ, വികസന കാര്യങ്ങൾ സമൂഹത്തിന്റെ പൊതുവായ വികസനത്തിന് ഒഴിവാക്കാനാകാത്തതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ മുന്നേറ്റത്തിൽ കേരളം വലിയൊരു അടിത്തറയുണ്ടാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പങ്കാളിത്തം അതിന്റെ ഏറ്റവും വലിയ തെളിവാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇക്കാര്യത്തിൽ കേരളത്തിനുള്ളതെന്നാണു നാഷണൽ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ വ്യക്തമാക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ധാരാളം സ്ത്രീകൾ കേരളത്തിലുണ്ട്. അവരുടെ ശേഷി കൂടുതൽ വികസിപ്പിക്കണം. വ്യവസായ ഉത്പാദന തൊഴിൽ രംഗങ്ങളിലെ പങ്കാളിത്തം കൂടുതൽ വിപുലപ്പെടുത്തണം.

കോവിഡ് കാലം രൂപപ്പെടുത്തിയ പുതിയ തൊഴിൽ സംസ്കാരങ്ങളുടെ മികച്ച രീതികൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം പദ്ധതികൾ ഇതിന് ഉദാഹരണമാണ്. മികച്ച കഴിവും യോഗ്യതയുമുള്ള നിരവധി പേർ തൊഴിലെടുക്കാനുള്ള സാഹചര്യമില്ലാതെ സംസ്ഥാനത്തുണ്ട്. ഇവർക്കായി എങ്ങനെ ഈ പുതിയ അവസരം ഉപയോഗിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാനത്തു വർക്ക് നിയർ ഹോം പദ്ധതി നടപ്പാക്കുന്നതിന് 1000 കോടി രൂപയുടെ പദ്ധതിയാണു തയാറാക്കിയിരിക്കുന്നത്. ഇത്തവണത്തെ ബജറ്റിൽ ഇതിനായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

തൊഴിൽ മേഖലയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനൊപ്പംതന്നെ സംരംഭക മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ കഴിയണം. ഒരു വർഷം ഒരു ലക്ഷം വ്യവസായ സംരംഭങ്ങളെന്ന ലക്ഷ്യത്തോടെ സർക്കാർ ഈ സാമ്പത്തിക വർഷം തുടങ്ങിയ പദ്ധതി എട്ടുമാസം കൊണ്ടുതന്നെ ഒരു ലക്ഷം പിന്നിട്ടു. ഇപ്പോൾ 1,33,000 അടുത്ത് എത്തിനിൽക്കുന്നു. സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ഇത് ഇനിയും വർധിക്കും. 43000ലധികം സംരംഭങ്ങൾ ഇക്കൂട്ടത്തിൽ സ്ത്രീകളുടേതായി വന്നിട്ടുണ്ട്. സംരംഭകവർഷം പദ്ധതിയിലൂടെ ആകെ 2,80,000 തൊഴിലവസരങ്ങൾ 8,000 കോടിയുടെ നിക്ഷേപം എന്നിവയും സമാഹരിച്ചു. സ്റ്റാർട്ടപ്പുകൾക്കും കേരളം വലിയ അവസരമാണൊരുക്കിയിട്ടുള്ളത്. 4000ഓളം സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. 40000 തൊഴിലവസരം സൃഷ്ടിക്കാനായി. 2026ഓടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 15000ൽ എത്തിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിലെല്ലാം വനിതാ വികസന കോർപ്പറേഷനും വളരെ പ്രധാന പങ്കു വഹിക്കാനാകും.

സാമൂഹ്യരംഗത്തെ ഇടപെടലുകളിലൂടെ സ്ത്രീ സമൂഹത്തെ നല്ല രീതിയിൽ മുന്നോട്ടു നയിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണു 2017ൽ വനിതകൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചത്. ജെൻഡർ ബജറ്റിൽ നടപ്പാക്കി. ആകെ പദ്ധതി വിഹിതത്തിന്റെ 25 ശതമാനം വനിതകളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾക്കു നീക്കിവയ്ക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആറേ മുക്കാൽ വർഷംകൊണ്ടു വായ്പകൾക്കുള്ള സർക്കാർ ഗ്യാരന്റി ആറ് ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. 2016ൽ 145 കോടിയായിരുന്നത് ഇപ്പോൾ 845 കോടി രൂപയിലെത്തി നിൽക്കുന്നു. തൊഴിൽ മേഖലലയിലടക്കം സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻകൂടി ഉദ്ദേശിച്ചുള്ളതാണിത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രാബല്യത്തിൽവരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടേയും ഭരണഘടനാ വ്യവസ്ഥകളുടേയും നടപ്പിലാക്കൽ അവലോകനം ചെയ്യുക, ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കായി 14 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുള്ള വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളും വകയിരുത്തലുകളും ബജറ്റിന്റെ ഭാഗമായുണ്ട്. ഇതുമായി മുന്നോട്ടുപോകുമ്പോൾത്തന്നെ പുതിയ കാലഘട്ടത്തിന്റെ നൂതന മുന്നേറ്റത്തേയും വനിതാ മുന്നേറ്റത്തിന് ഉപയോഗിക്കാൻ കഴിയണം. വനിതാ വികസന കോർപ്പറേഷനെപ്പോലുള്ള സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മികച്ച ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്ന ചടങ്ങിൽ കെ.ആർ. ഗൗരിയമ്മ എൻഡോവ്മെന്റിന്റെയും കെ.എസ്.ഡബ്ല്യു.ഡി.സി വാർഷികാഘോഷങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സിഗ്നേച്ചർ വിഡിയോയും അദ്ദേഹം പ്രകാശനം ചെയ്തു. ആരോഗ്യ, വനിതാ - ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ഗതാഗത ആന്റണി രാജു കോർപ്പറേഷന്റെ മുൻ അധ്യക്ഷന്മാരെ ആദരിച്ചു. മുൻ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചർ ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി, മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.