Sections

ഓണത്തിനു മുൻപ് കൈത്തറി തൊഴിലാളികൾക്ക് മൂന്നു മാസത്തെ വേതനം നൽകുമെന്ന് വ്യവസായ മന്ത്രി

Thursday, Aug 17, 2023
Reported By Admin
Handloom

അനന്തപുരി ഓണം കൈത്തറി മേള പുത്തരിക്കണ്ടത്ത് തുടങ്ങി


കൈത്തറി തൊഴിലാളികൾക്ക് നൽകാനുള്ള വേതനത്തിൽ മൂന്നുമാസത്തെ വേതനം ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇതുസംബന്ധിച്ച ഫയൽ ഒപ്പിട്ടുകഴിഞ്ഞു. ഓണത്തിന് മുമ്പ് തന്നെ തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരം കൈത്തറി വികസന സമിതി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അനന്തപുരി ഓണം കൈത്തറി മേള പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈത്തറി മേഖലയിൽ പരമാവധി വൈവിധ്യവൽക്കരണം നടപ്പാക്കി, മത്സരക്ഷമത വർധിപ്പിച്ചു മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് സർക്കാർ നയമെന്ന് വ്യവസായമന്ത്രി പറഞ്ഞു. വിവിധ ഡിസൈനുകൾ ഇറക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒക്ടോബറിൽ കൊച്ചിയിൽ ഡിസൈനർ കോൺക്ലേവ് സംഘടിപ്പിക്കും. കൈത്തറി, കയർ, ഹാൻഡിക്രാഫ്റ്റ്സ് മേഖലയിലെ പ്രഗൽഭ ഡിസൈനർമാർ പങ്കെടുക്കും. കൈത്തറി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്തമാസം ലഭിക്കും. റിപ്പോർട്ട് ലഭിച്ചശേഷം മേഖലയിലെ സംഘങ്ങൾ, തൊഴിലാളികൾ, കയറ്റുമതിക്കാർ എന്നിവരുമായി ചർച്ച ചെയ്തു ബാക്കി കാര്യങ്ങൾ തീരുമാനിക്കും. പരമാവധി കൈത്തറി മേഖലയെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

ചേന്ദമംഗലൂർ കൈത്തറി ഗ്രാമത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും ഗ്രാമത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഈ വർഷം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേളയുടെ ആദ്യ വില്പന

മന്ത്രി രാജീവ് നിർവഹിച്ചു. പരിപാടിയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. കൈത്തറി മേഖലയിൽ സമഗ്ര സംഭാവന നൽകിയ എസ് വിശ്വംഭരൻ, ജി മധു എന്നിവർക്ക് മന്ത്രി അനിൽ ഉപഹാരം നൽകി. വിവിധ കൈത്തറി സംഘങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ ഗതാഗതമന്ത്രി ആന്റണി രാജു പുറത്തിറക്കി. കൈത്തറി ആൻഡ് വസ്ത്ര ഡയറക്ടർ അനിൽകുമാർ കെ.എസ്, വാർഡ് കൗൺസിലർ സിമി ജ്യോതിഷ്, എം. എം ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

ഉപഭോക്താക്കൾക്ക് കൈ നിറയെ സമ്മാനങ്ങൾ

മേള ആഗസ്റ്റ് 26 വരെ പുത്തരിക്കണ്ടം നയനാർ പാർക്കിൽ ഉണ്ടാകും. ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളായ പുളിയിലക്കര മുണ്ടുകൾ, സാരികൾ, ഒറിജിനൽ കസവു സാരികൾ, കസവു മുണ്ടുകൾ, ബെഡ് ഷീറ്റുകൾ, വിവിധ തരം ടവ്വലുകൾ, ഫർണിഷിംഗ് ക്ലോത്തുകൾ, ഷർട്ടിംഗ്, സ്യൂട്ടിംഗ്, റെഡിമെയ്ഡുകൾ, കൂടാതെ പരമ്പരാഗത കുത്താമ്പുള്ളി സാരികളും, ഹാന്റക്സ്, ഹാൻവീവ് തുണിത്തരങ്ങളുടെ വൈവിധ്യങ്ങളായ കൈത്തറി വസ്ത്രങ്ങളും 20 ശതമാനം ഗവൺമെന്റ് റിബേറ്റിൽ ലഭിക്കും. മേള സന്ദർശിക്കുന്നവർക്ക് പരമ്പരാഗത തറിയും

ചർക്കയും നേരിട്ട് കാണുന്നതിന് അവസരമുണ്ട്. സ്റ്റാളുകളിൽ നിന്നും കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് സെൽഫി പോയിന്റിൽ നിന്നും സെൽഫിയെടുത്ത് അയയ്ക്കാം. സമ്മാനാർഹമായ സെൽഫിക്ക് അടുത്ത പർച്ചേസിന് 500 രൂപ ഡിസ്കൗണ്ട് ലഭിക്കും. 1000 രൂപയ്ക്ക് മുകളിൽ കൈത്തറി ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുക്കുകയും ആഴ്ചയിൽ ഒരു ഓണ കൈത്തറി കിറ്റ് സമ്മാനമായി നൽകുകയും ചെയ്യും. (ഓണക്കിറ്റിൽ കൈത്തറി മുണ്ട്, ഷർട്ട് പീസ്, സാരി, ബെഡ് ഷീറ്റ്, ടവ്വൽ എന്നിവ ഉണ്ടാകും) ഓരോ 1000 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുക്കുകയും ബംബർ സമ്മാനമായി സ്മാർട്ട് ടി വി, സ്മാർട്ട് വാച്ച്, മിക്സി എന്നിവ സമ്മാനമായി നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.