Sections

എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ കസ്റ്റം ഡിസൈനിലുള്ള ബോയിംഗ് വിമാനം ഇന്ത്യയിലെത്തി

Thursday, Jan 01, 2026
Reported By Admin
Air India Express Adds New Boeing 737-8 Aircraft to Fleet

  • കമ്പനി കസ്റ്റമൈസ് ചെയ്തു വാങ്ങുന്ന 140 ബോയിംഗ് വിമാനങ്ങളിൽ ആദ്യത്തേത്

കൊച്ചി: ആധുനികവൽക്കരണത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് കസ്റ്റ്മൈസ് ചെയ്തു വാങ്ങിയ പുതിയ ബോയിംഗ് വിമാനം ഇന്ത്യലെത്തി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യ എക്സ്പ്രസ് വാങ്ങുന്ന 51-ാമത് ബി737-8 ലൈൻ ഫിറ്റ് വിമാനമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയത്. സിയാറ്റിലിലെ ബോയിംഗിന്റെ കേന്ദ്രത്തിൽ നിന്നെത്തിയ വിമാനത്തിന്റെ ഉൾഭാഗം മികച്ച യാത്രാനുഭവം ഒരുക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പുതുവർഷത്തിൽ ഈ വിമാനത്തിന്റെ സർവീസ് ആരംഭിക്കും.

കൂടുതൽ യാത്രാസുഖം നൽകുന്ന സീറ്റുകൾ, വിശാലമായ ലെഗ്റൂം, ഓരോ സീറ്റിലും ഫാസ്റ്റ് ചാർജറുകൾ, വലിയ ഓവർഹെഡ് ക്യാബിൻ, നിശബ്ദമായ അകത്തളം, മൂഡ് ലൈറ്റിങ്ങോട് കൂടിയുള്ള ബോയിംഗിന്റെ സ്കൈ ഇന്റീരിയർ എന്നിവയും വിമാനത്തിലുണ്ട്. കൂടാതെ ചൂടുള്ള ഗോർമേർ ഭക്ഷണം വിളമ്പുന്നതിനായി വിമാനത്തിൽ ഓവനുകളും സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ വിമാനം കൂടി എത്തിയതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ബോയിംഗ് വിമാനങ്ങളുള്ള കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ 100ലധികം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. 2025ൽ മാത്രം നാല് എ321 നിയോ, നാല് എ320 നിയോ, മൂന്ന് എ320 സിയോ വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ളീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

പൂർണമായും കസ്റ്റമൈസ് ചെയ്ത ബോയിംഗ് ബി 737-8 ലൈൻ ഫിറ്റ് വിമാനത്തെ തങ്ങളുടെ ഫ്ളീറ്റിൽ ഉൾപ്പെടുത്തിയതിൽ വളരെയധികം അഭിമാനിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. തങ്ങളുടെ ഫളീറ്റിലെ മൂന്നിൽ രണ്ടും കൂടുതൽ മെച്ചപ്പെട്ട യാത്രാ സുഖവും മികച്ച ഇന്ധനക്ഷമതയും നൽകുന്ന ആത്യാധുനിക ബി737-8, എ320/ എ321 നിയോ വിമാനങ്ങളാണ്. 2025ൽ പുതിയ 12 സ്ഥലങ്ങൾ ഉൾപ്പടെ 60 ഇടങ്ങളിലേക്ക് വിമാന സർവ്വീസ് വ്യാപിപ്പിച്ചു. മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ ഉൾപ്പടെ ഇന്ത്യയിലെ രണ്ട്, മൂന്ന് നിര നഗരങ്ങൾ വരെ ബന്ധിപ്പിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് രാജ്യത്തെ വ്യോമയാന മേഖലയിൽ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമാനങ്ങളിൽ ഏകീകൃത കൊണ്ടുവരുന്നതിനായി നിലവിൽ സർവീസിലുള്ള 50 ബോയിംഗ് 737-8 വിമാനങ്ങളിലും പുതിയ സീറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. രണ്ട് വിമാനങ്ങളുടെ നവീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്.

പുതിയ വിമാന നിരയ്ക്കൊപ്പം എക്സ്പ്ലോർ മോർ, എക്സ്പ്രസ് മോർ എന്ന പുതിയ കാമ്പയിനും കമ്പനി തുടക്കമിട്ടു. കൂടാതെ ടെയിൽസ് ഓഫ് ഇന്ത്യയിലൂടെ ഇന്ത്യയുടെ കലാ- സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിനായി 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 50ലധികം കലാരൂപങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടെയിൽ ആർട്ടിലുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.