Sections

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസിൽ

Friday, Apr 05, 2024
Reported By Admin
Air India Express

അഭ്യന്തര- വിദേശ യാത്രക്കാർക്ക് മുൻകൂറായി ബുക്ക് ചെയ്യാം


കൊച്ചി: യാത്രക്കാർക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുകയും ബാഗേജുകൾ വൈകിയാൽ നഷ്ടപരിഹാരം നൽകുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആൻറ് പ്രൊട്ടക്ട് സേവനമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ബ്ലൂ റിബൺ ബാഗുമായി ചേർന്നുള്ള ഈ നൂതന സംവിധാനം വഴി യാത്രക്കാർക്ക് ബാഗേജിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ മുഖേന ലഭിക്കും.

വിമാനം ലാൻറ് ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകൾ ലഭിച്ചില്ലെങ്കിൽ ആഭ്യന്തര യാത്രികർക്ക് 19,000 രൂപയും അന്താരാഷ്ട്ര യാത്രികർക്ക് 66,000 രൂപയും ഒരു ബാഗിനെന്ന നിരക്കിൽ നഷ്ടപരിഹാരമായി ലഭിക്കും. എയർ ഇന്ത്യയുടെ മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ (www.airindiaexpress.com) ഈ സേവനം മുൻകൂർ ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാർക്ക് 95 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 330 രൂപയുമാണ് ബുക്കിംഗ് നിരക്ക്.

സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഇത്തരം സേവനങ്ങൾ വഴി യാത്രക്കാർക്ക് കൂടുതൽ അനായാസവും സുഖപ്രദവുമായ യാത്ര ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസിൻറെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഡോ.അങ്കുർ ഗാർഗ് പറഞ്ഞു. ബാഗേജ് ട്രാക്കിംഗ് പോലെയുള്ള സേവനങ്ങളിലൂടെ യാത്രകൾ കൂടുതൽ വ്യക്തിഗതമാക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ എക്സ്പ്രസുമായുള്ള പങ്കാളിത്തത്തിൽ തങ്ങൾ വളരെ സന്തുഷ്ടരാണെന്ന് ബ്ലൂ റിബൺ ബാഗ്സിൻറെ പാർട്ണറും സീനിയർ വൈസ് പ്രസിഡൻറുമായ സിറാജ് ഷാ പറഞ്ഞു. ബാഗേജ് ട്രാക്കിങ്ങിലും സംരക്ഷണത്തിലുമുള്ള തങ്ങളുടെ വൈദഗ്ധ്യം എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ഉപഭോക്തൃ സംതൃപ്തിയും സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി സേവനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് വാഗ്ദാനം ചെയ്യുന്നത്. ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, രണ്ട് മണിക്കൂർ മുൻപ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ് തുടങ്ങിയവക്കൊപ്പം ഗൊർമേർ ഭക്ഷണവും മറ്റ് മുൻഗണന സേവനങ്ങളും ഇതിന് ഉദാഹരണമാണ്.

കൂടുതൽ ലെഗ്റൂമും വിശാലമായ സീറ്റുകളും ബിസിനസ് ക്ലാസ് സൗകര്യങ്ങളുള്ള പുതിയ ഹൈബ്രിഡ് വിമാനങ്ങളാണ് വിവിധ സെക്ടറുകളിലായി എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിക്കുന്നത്. 2024 ഫെബ്രുവരിയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൃത്യ സമയക്രമം പാലിച്ച് ഇന്ത്യയിൽ സർവ്വീസ് നടത്തുന്ന വിമാന കമ്പനിയും എയർ ഇന്ത്യ എക്സ്പ്രസാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.