Sections

ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താൻ എഐ; സ്‌പോർട്‌സ് ടെക് സ്റ്റാർട്ടപ്പ് എഐ ട്രയൽസിൽ  33 ഹോൾഡിങ്‌സിന്റെ നിക്ഷേപം

Friday, Jul 11, 2025
Reported By Admin
AI Trials Receives Global Investment from 33 Holdings

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് ടെക് സ്റ്റാർട്ടപ്പ് എഐ ട്രയൽസിൽ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോൾഡിങ്സ് നിക്ഷേപം നടത്തി. ഫുട്ബോൾ കായിക മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മലയാളികളുടെ സ്റ്റാർട്ടപ്പിന് നേരത്തെ ഖത്തർ ബാങ്കും ഫണ്ടിങ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 33 ഹോൾഡിങ്സ് ഉടമ മുഹമ്മദ് മിയാൻദാദ് വി.പി നിക്ഷേപം നടത്തിയത്. എന്നാൽ നിക്ഷേപത്തുക ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല. പുതിയ നിക്ഷേപം യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഉപയോഗിക്കും. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഫുട്ബോൾ രംഗത്തെ യുവപ്രതിഭകളെ കണ്ടെത്താൻ സഹായിക്കുന്ന നൂതന പ്ലാറ്റ്ഫോമാണ് എഐ ട്രയൽസ്. മലയാളികളായ മുഹമ്മദ് ആസിഫ്, സൊഹേബ് പി.കെ എന്നിവരാണ് ഈ ആശയത്തിന് പിന്നിൽ.

യുവ ഫുട്ബോൾ താരങ്ങൾക്ക് ലോകോത്തര നിലവാരമുള്ള മൂല്യനിർണ്ണയവും അവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രതിഭകളെ കണ്ടെത്താനുള്ള പരമ്പരാഗത രീതികളുടെ പരിമിതികൾ മറികടന്ന്, ഡാറ്റയെ അടിസ്ഥാനമാക്കി താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നതാണ് പ്രവർത്തന രീതി. ലോകത്തിന്റെ ഏത് കോണിലുള്ള കളിക്കാർക്കും അവരുടെ പ്രകടനങ്ങൾ വീഡിയോകളായി പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യാനും, എഐ സഹായത്തോടെ പ്രകടനം സ്വയം വിശകലനം ചെയ്യാനും പ്രൊഫഷണൽ ക്ലബ്ബുകളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും. മാത്രമല്ല, സ്കൗട്ടുകൾക്കും അക്കാദമികൾക്കും അതിർവരമ്പുകളില്ലാതെ പ്രതിഭകളെ കണ്ടെത്തുന്നതിന് ഡാറ്റാധിഷ്ഠിത ടൂളുകൾ പ്രയോജനപ്പെടുവാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. അത്യാധുനിക എഐ പെർഫോമൻസ് അനാലിസിസ് ഉപയോഗിച്ചാണ് കളിക്കാരുടെ വേഗത, സ്റ്റാമിന തുടങ്ങിയ കഴിവുകൾ ഈ പ്ലാറ്റ്ഫോം വിലയിരുത്തുന്നത്.

'സ്കൗട്ടിംഗ് ട്രയലുകളിൽ നിർമ്മിത ബുദ്ധി സമന്വയിപ്പിച്ച് കാര്യക്ഷമതയും കൃത്യതയും വർധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 33 ഹോൾഡിങ്സിന്റെ നിക്ഷേപം ഞങ്ങളുടെ കാഴ്ചപ്പാടിന് ലഭിച്ച വലിയ അംഗീകാരമാണ്. ഇത് കേരളത്തിലെ യുവപ്രതിഭകൾക്ക് ആഗോള തലത്തിൽ അവസരങ്ങൾ നൽകാൻ സഹായിക്കും,' എഐ ട്രയൽസ് സഹസ്ഥാപകർ പറഞ്ഞു.

ആഗോള സ്പോർട്സ് ടെക് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ എഐ ട്രയൽസിന്റെ ആശയത്തിന് സാധിക്കുമെന്നും ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഇവരുടെ സ്കൗട്ടിംഗ് രീതി ഫുട്ബോൾ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും 33 ഹോൾഡിങ്സ് ചെയർമാനും എംഡിയുമായ മുഹമ്മദ് മിയാൻദാദ് വി പി പറഞ്ഞു.
സ്റ്റാർട്ടപ്പ് സ്ഥാപകരുടെ കാഴ്ച്ചപ്പാടിലുള്ള വിശ്വാസമാണ് ഈ നിക്ഷേപത്തിന് കമ്പനിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് കെഎഫ്ടിസി അക്കാദമിയുമായി സഹകരിച്ച് എഐ ട്രയൽസ് ടാലന്റ് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതാരങ്ങളാണ് എഐ സഹായത്തോടെയുള്ള സ്രീനിങ്ങിൽ പങ്കെടുത്തത്. ഈ പങ്കാളിത്തം കേവലം നിക്ഷേപത്തിനപ്പുറം, കായികരംഗത്ത് നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും കൂടിയുള്ളതാണെന്ന് 33 ഹോൾഡിങ്സ് കമ്പനി അധികൃതർ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.