Sections

കേരള അഗ്രോ ബിസിനസ് കമ്പനി ഉടൻ: മന്ത്രി പി. പ്രസാദ്

Wednesday, Mar 29, 2023
Reported By Admin
Kerala Agro Business Company

എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ 'ഹരിതോത്സവ് 2023' കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു


കോട്ടയം: കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിറ്റഴിക്കാനായി കർഷകരുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രവർത്തനം ഈ മാസത്തോടെ ആരംഭിക്കുമെന്ന് കാർഷിക വികസന കർഷകക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ 'ഹരിതോത്സവ് 2023' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകർ തങ്ങളുടെ ഉത്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി കൃഷിയിലൂടെയുള്ള വരുമാനം വർധിപ്പിക്കണം. അതിനായി ഉത്പന്നങ്ങളുടെ പാക്കിംഗ് മുതൽ വിൽപന വരെയുള്ള കാര്യങ്ങളിൽ നൂതന രീതികൾ അവലംബിക്കണം. നിലവിൽ കേരളത്തിലെ 500 കൃഷി ഭവനുകളുടെ നേതൃത്വത്തിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. അങ്ങനെ ഉണ്ടാക്കിയ നൂറ് ഉത്പന്നങ്ങൾ മാർച്ച് 31 നകം കേരള അഗ്രോ എന്ന പേരിൽ ആമസോൺ, ഫ്ളിപ്പ് കാർട്ട് എന്നിവയിലൂടെ ഓൺലൈനായി വാങ്ങാൻ സാധിക്കും.

കാർഷിക രംഗത്തെ മാറ്റങ്ങളെക്കുറിച്ചും നൂതന കൃഷി രീതികളെക്കുറിച്ചും പഠിക്കാൻ ആവശ്യമെങ്കിൽ ഇനിയും കർഷകരെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും അയക്കും. 971 കോടി രൂപ സംസ്ഥാന സർക്കാർ കാർഷികമേഖലയ്ക്കായി മാറ്റി വച്ചിട്ടുണ്ട്. 2023 അന്തർദേശീയ ചെറു ധാന്യ വർഷമായി നാം ആചരിക്കുകയാണ്. കേരത്തിലെ ജനങ്ങൾ അരിഭക്ഷണം പോലെ ആശ്രയിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ചെറു ധാന്യങ്ങളും. ചെറു ധാന്യങ്ങളുടെ ഉത്പാദനവും കർഷകർക്കിടയിൽ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എലിക്കുളം കൃഷി ഭവൻ മന്ദിരം ഉദ്ഘാടനം, എലിക്കുളം റൈസ് സമർപ്പണം, സ്റ്റുഡന്റ്സ് ആർമി ഉദ്ഘാടനം, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ സമർപ്പണം, ഫെയ്സ് കർഷക കൂട്ടായ്മ കുരുമുളക് നഴ്സറി ഉദ്ഘാടനം, നെൽ കർഷകർക്കുള്ള ആദരം, കിസാൻ ഹെൽപ്പ് ഡസ്ക്ക് ഉദ്ഘാടനം, കാർഷിക വിപണന മേള, ഹരിത പത്രിക പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.ചടങ്ങിൽ അഞ്ച് കിലോ എലിക്കുളം റൈസും മന്ത്രി വാങ്ങി. ഒരു കിലോ എലിക്കുളം റൈസിന് 60 രൂപയാണ് വില. ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ എ അധ്യക്ഷനായിരുന്നു.

എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെസ്സി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിത്സൺ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ.എം.കെ രാധാകൃഷ്ണൻ, ജോമോൾ മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സൂര്യാ മോൾ, ഷേർളി അന്ത്യാംകുളം, അഖിൽ അപ്പുക്കുട്ടൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗ്ഗീസ്, കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ ലിസി ആന്റണി, റീന വി ജോൺ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലെൻസി തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ. സിബി ജോസ്,കൃഷി ഓഫീസർ കെ.എ ശ്രീലക്ഷ്മി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സി സോണി, വി.വി.ഹരികുമാർ, ജൂബിച്ചൻ ആനിത്തോട്ടം, അനസ് ഇലവിനാൽ, രാജൻ ആരംപുളിക്കൽ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നാടൻ പാട്ട് പ്രചാരകനും കേരള സാംസ്ക്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കോട്ടയം ജില്ലാ കോർഡിനേറ്ററുമായ രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച 'പാട്ടും പറച്ചിലും' നാടൻ പാട്ടതരണവും അരങ്ങേറി.കെ.വി.ജി.എൽ.പി.സ്കൂൾ സ്റ്റുഡന്റ് ഗ്രീൻ ആർമി വിദ്യാർത്ഥികൾ കർഷക സൗഹൃദ ഗാനം ആലപിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.