Sections

ഇഎംഐ തവണകള്‍ മുടങ്ങാതിരുന്നാല്‍ ടോപ്പ് അപ്പ് വായ്പ ഉറപ്പ്

Thursday, Sep 02, 2021
Reported By Gopika

എന്താണ് ടോപ്പ് അപ്പ് വായ്പ..ആരാണ് ടോപ്പ് അപ്പ് വായ്പയ്ക്ക് അര്‍ഹര്‍..?

 

പണത്തിനായി അത്യാവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ നിലവിലുള്ള വായ്പയ്ക്ക് മേല്‍ അധികമായി എടുക്കുന്ന വായ്പകളെയാണ് ടോപ്പ് അപ്പ് വായ്പകള്‍. അത്തരം ഉപയോക്താക്കള്‍ക്ക് വായ്പ നല്‍കുന്നവര്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലുള്ള പലിശ നിബന്ധനകളും മറ്റും വാഗ്ദാനം ചെയ്യാറുമുണ്ട്. ഉപയോക്താക്കളുടെ വായ്പാ ചരിത്രമാണ് ഇളവുകള്‍ നല്‍കുന്നതിനായി പ്രധാനമായും ഇവിടെ നോക്കുന്നത്.

അധികം വൈകാതെ തന്നെ പണ ലഭ്യതയുണ്ടാകും എന്നൊരു സാഹചര്യത്തില്‍ പെട്ടെന്നുളള സാമ്പത്തീകാവശ്യങ്ങള്‍ക്കായി തെരഞ്ഞെടുക്കാവുന്ന എന്തുകൊണ്ടും മികച്ച ഒരു മാര്‍ഗമാണ് ടോപ്പ് അപ്പ് വായ്പകള്‍. കൈയ്യിലുള്ള സ്വര്‍ണമോ, ഭൂമിയോ മറ്റ് ആസ്തികളോ വില്‍പ്പന നടത്തി പണം കണ്ടെത്തുന്നതിനേക്കാള്‍ നല്ലത് ടോപ്പ് അപ്പ് വായ്പകളെ ആശ്രയിക്കുന്നതാണ്. പെട്ടെന്ന് പണം തിരികെ കൈയ്യിലെത്തുമെങ്കില്‍ പലിശ അടവിലൂടെയുണ്ടാകുന്ന ചിലവും കുറയ്ക്കാം.

പക്ഷേ എല്ലാ വായ്പാ അപേക്ഷകര്‍ക്കും ബാങ്കുകളും ധാനകാര്യ സ്ഥാപനങ്ങളും ടോപ്പ് അപ്പ് വായ്പ അനുവദിച്ചു നല്‍കുകയില്ല. അതിന് ചില നിബന്ധനകളൊക്കെയുണ്ട്. പൊതുവേ, കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു പിഴവുമില്ലാതെ മുടക്കം കൂടാതെ ഇഎംഐ തുക അടച്ചിരിക്കുന്ന വ്യക്തികള്‍ക്ക് മാത്രമാണ് ടോപ്പ് അപ്പ് വായ്പ ലഭിക്കുവാനുള്ള അര്‍ഹത. കൂടാതെ അപേക്ഷകന്റെ വായ്പാ തിരിച്ചടവ് ചരിത്രവും ടോപ്പ് അപ്പ് വായ്പ ലഭിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ്. യഥാര്‍ത്ഥ വായ്പയുടെ സമാന നയ നിബന്ധനകളിലും, പലിശ നിരക്കിലുമാണ് ടോപ്പ് അപ്പ് വായ്പയും ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

 

ഭവന വായ്പകളാണെങ്കില്‍, വീടിനായി ചിലവു വരുന്ന തുകയുടെ 70 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് ബാങ്കുകള്‍ സാധാരണയായി വായ്പയായി നല്‍കാറ്. എന്നാല്‍ പലരും വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ തുകയും വായ്പയായി സ്വീകരിക്കാറില്ല. അതിനാല്‍തന്നെ ശേഷിക്കുന്ന തുക ഭാവിയില്‍ ടോപ്പ് അപ്പ് വായ്പയായി ഉപയോഗപ്പെടുത്താമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ വായ്പ എടുത്തിരിക്കുന്ന വ്യക്തി ഇതുവരെ ബാങ്കിലേക്ക് തിരിച്ചടച്ചിരിക്കുന്ന തുകയും വീണ്ടും വായ്പയായി എടുക്കുവാന്‍ സാധിക്കും.

ടോപ്പ് അപ്പ് വായ്പകള്‍ ഏത് രീതിയില്‍ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് നിബന്ധനകളൊന്നുമില്ല. അതായത് ഭവന വായ്പയായി ലഭിക്കുന്ന തുക വീടോ അപ്പാര്‍ട്ട്മെന്റോ നിര്‍മിക്കുവാനോ, വാങ്ങിക്കുവാനോ മാത്രമാണ് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുക. എന്നാല്‍ ടോപ്പ് അപ്പ് വായ്പ്പകള്‍ക്ക് ഇത്തര ഉപഭോഗ നിബന്ധനകളില്ല. വ്യക്തിഗത വായ്പകള്‍ നാം ഉപയോഗപ്പെടുത്തുന്ന അതേ രീതിയില്‍ തന്നെ അടിയന്തിരമായി നമുക്ക് മുന്നിലെത്തുന്ന ഏത് ആവശ്യത്തിനായും ടോപ്പ് അപ്പ് വായ്പകള്‍ ഉപയോഗപ്പെടുത്താം.

ഉദാഹരണത്തിന് ഒരു വ്യക്തിയ്ക്ക് വീട് ഫര്‍ണിഷിംഗ് ആവശ്യത്തിനോ, പുതുക്കിപ്പണിയുന്നതിനോ ഒക്കെ ടോപ്പ് അപ്പ് വായ്പകള്‍ ഉപയോഗിക്കാം. ഭവന വായ്പാ പരിധിയില്‍ ഉള്‍പ്പെടാത്ത മറ്റ് ആവശ്യങ്ങള്‍ക്കായും ടോപ്പ് അപ്പ് വായ്പ ഉപയോഗിക്കുവാന്‍ സാധിക്കും. അത്തരം വായ്പകള്‍ ജാമ്യ വായ്പകളായാണ് ബാങ്കുകള്‍ പരിഗണിക്കുക. അതിനാല്‍ തന്നെ വ്യക്തിഗത വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വായ്പാ തുക, ഉയര്‍ന്ന വായ്പാ കാലാവധി, കുറഞ്ഞ പലിശ നിരക്ക് എന്നീ നേട്ടങ്ങളും അപേക്ഷകന് ലഭിക്കും.

ടോപ്പ് അപ്പ് വായ്പകളുടെ ഏറ്റവും വലിയ നേട്ടം അവയ്ക്കായി വായ്പാ അപേക്ഷകന് അധിക പേപ്പര്‍ വര്‍ക്കുകളും മറ്റ് ഡോക്യുമെന്റേഷനുകളും ആവശ്യമില്ല എന്നതാണ്. ഉപയോക്താവിന്റെ കെവൈസി വിവരങ്ങള്‍ നേരത്തെ തന്നെ ബാങ്കിന്റെ പക്കല്‍ ഉള്ളത് കാരണമാണിത്. ഇതിനായി അപേക്ഷകന്‍ പുതിയ വായ്പാ അപേക്ഷ ബാങ്കില്‍ സമര്‍പ്പിക്കേണ്ട ആവശ്യവും വരുന്നില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.