Sections

മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കും; വ്യവസായ വകുപ്പ് മന്ത്രി  

Monday, Jun 05, 2023
Reported By admin
minister

മാലിന്യനിർമാർജനത്തിൽ ഹരിതകർമ്മ സേന സ്തുത്യർഹമായ സേവനമാണ് കാഴ്ച്ചവയ്ക്കുന്നത്


മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ശുചിത്വത്തിനൊപ്പം കളമശ്ശേരി' പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പയിന്റെ ഭാഗമായി വൃത്തിയാക്കിയ ശേഷം ലഭ്യമായ സ്ഥലങ്ങളിൽ എംഎൽഎ ഫണ്ടും സിഎസ്ആറും ഉപയോഗിച്ച് ഓപ്പൺ ജിമ്മുകളും ഓപ്പൺ പാർക്കുകളും സ്ഥാപിക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകളും ചെടികളും വച്ചുപിടിപ്പിക്കും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. മാലിന്യനിർമാർജനത്തിൽ ഹരിതകർമ്മ സേന സ്തുത്യർഹമായ സേവനമാണ് കാഴ്ച്ചവയ്ക്കുന്നത്. മാലിന്യത്തിനെതിരെ കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായാണ് കളമശ്ശേരിയെ ശുചീകരിക്കാൻ മുന്നിട്ടിറങ്ങുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ ദിവസത്തിൽ മാത്രം ഒതുക്കാതെ തുടർന്നും പരിപാലിക്കും. വൈവിധ്യമാർന്ന വൃക്ഷങ്ങളാൽ സമ്പുഷ്ടമായ മിയാവാക്കി വനങ്ങൾ മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കും. ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ആക്രി ശേഖരണത്തിൽ വൻ ജനപങ്കാളിത്തമുണ്ടായെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ മാലിന്യം സംസ്‌കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന ഉത്തമ ബോധ്യത്തോടുകൂടി മുന്നോട്ട് പോകണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി വരും തലമുറയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ത്രിദിന ജനകീയ ശുചീകരണ പരിപാടിയുടെ രണ്ടാം ദിനത്തിൽ വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണ യജ്ഞം നടന്നത്. കളമശേരിയിലെ ചാക്കോളാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് മന്ത്രി പി രാജീവ് നേതൃത്വം നൽകി. തുടർന്ന് എൻ.എ.ഡി റോഡ്, ഏലൂർ നഗരസഭയിലെ പാതാളം, ആനവാതിൽ റോഡ്, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്ത് തിരുവാലൂർ, കരുമാലൂർ പഞ്ചായത്ത് തട്ടാംപടി, കുന്നുകര എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.

മണ്ഡലത്തിലെ ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന ക്യാമ്പയിനിൽ തദ്ദേശസ്ഥാപനങ്ങൾ, എൻ.എ.ഡി, ശുചിത്വ മിഷൻ, ഹരിത കർമ്മസേന, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്‌ക്കൂൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധസേവ സംഘടനകൾ, വ്യാപാരി വ്യവസായ സംഘടനകൾ, റെസ്റ്ററന്റ് അസോസിയേഷനുകൾ, പൗര സമൂഹ സംഘടനകൾ തുടങ്ങിയർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.