Sections

തെരുവ് കച്ചവടക്കാരില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പ്രചാരണത്തില്‍ പങ്കാളിയായി ഏസ്വെയര്‍ ഫിന്‍ടെക്

Monday, Sep 27, 2021
Reported By Admin
Aceware Fintech

ഇതിലൂടെ രാജ്യത്തെ 8.68 ലക്ഷം തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

കൊച്ചി:തെരുവ് കച്ചവടക്കാരില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിയില്‍ കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്വെയര്‍ ഫിന്‍ടെക്കിനെ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയായി തെരഞ്ഞെടുത്തു. തെരുവ് കച്ചവടക്കാര്‍ക്ക് ധനസഹായം ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം സ്വാനിധി പദ്ധതിക്ക് കീഴിലാണ് പ്രത്യേക പ്രചാരണം നടക്കുന്നത്. ഇതിലൂടെ രാജ്യത്തെ 8.68 ലക്ഷം തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഭവനനിര്‍മാണ, നഗരവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഐടി മന്ത്രാലയം നടപ്പാക്കുന്ന പ്രചാരണ പരിപാടി രാജ്യത്തെ 223 നഗരങ്ങളിലാണ് നടക്കുന്നത്. യുപിഐ ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ തെരുവ് കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രത്യേക പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏസ്വെയര്‍ ഉള്‍പ്പെടെ അഞ്ച് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് 45 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.

കേരളത്തിലെ 50 നഗരങ്ങളിലായി 5487 തെരുവ് കച്ചവടക്കാരെയാണ് ഏസ് വെയര്‍ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരിക. അടുത്ത ഘട്ടങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍കൊള്ളിക്കും. തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പണമിടപാടിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഏസ്വെയര്‍ ഫിന്‍ടെക് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ നിമിഷ ജെ. വടക്കന്‍ പറഞ്ഞു. ഇതിലൂടെ തെരുവ് കച്ചവടക്കാര്‍ക്ക് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് പുറമേ അവര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. 

ഏസ്വെയര്‍ അടക്കമുള്ള തെരഞ്ഞെടുത്ത ഡിജിറ്റല്‍ പേയ്മെന്റ് അഗ്രിഗേറ്റര്‍മാരാണ് തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ പരിശീലിപ്പിക്കുക. അസംഘടിത മേഖലയില്‍ കൂടി ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പ്രചാരണം സഹായിക്കുമെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പ്രത്യാശിച്ചു. ഇതിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ചെലവ് ചുരുക്കാനും സുതാര്യതയും സുരക്ഷിതത്വവും ഉറപ്പ് വരുത്താനും അവര്‍ക്ക് സഹായകരമാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.