Sections

കാഴ്ചപരിമിതർക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂർ പുത്തൻപള്ളിയിൽ നടന്നത് ചരിത്രസമർപ്പണം

Monday, Mar 30, 2026
Reported By Admin
World’s First Accessible Way of the Cross in Thrissur

തൃശൂർ: ആത്മീയമായ ഉൾച്ചേർക്കലിന്റെയും സാങ്കേതിക തികവിന്റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂർ ലൂർദ് ഫൊറോന പള്ളിയിൽ (പുത്തൻപള്ളി) കാഴ്ചപരിമിതർക്കായി സജ്ജമാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആക്സസിബിൾ 'കുരിശിന്റെ വഴി' വിശ്വാസികൾക്കായി സമർപ്പിച്ചു.

പാരമ്പര്യമായി ദൃശ്യരൂപങ്ങളിലൂടെ മാത്രം അനുഭവിച്ചിരുന്ന കുരിശിന്റെ വഴിയിലെ പതിനാല് പ്രയാണങ്ങളെയും സ്പർശനത്തിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ചറിയാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പദ്ധതിയുടെ ഉദ്ഘാടനവും ആശീർവാദ കർമ്മവും നിർവ്വഹിച്ചു. ആത്മീയ അനുഭവങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകണമെന്നും, മനുഷ്യത്വത്തിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യ എങ്ങനെ ഒരു സമൂഹത്തെ ചേർത്തുപിടിക്കുമെന്ന് ഈ പദ്ധതി തെളിയിക്കുന്നുവെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ലൂർദ് ബസിലിക്ക റെക്ടർ റവ. ഫാ. തോമസ് കാക്കശ്ശേരി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കേരളത്തിലെ പ്രമുഖ എൻജിനീയറിങ് സ്ഥാപനമായ ജ്യോതി എൻജിനീയറിങ് കോളേജിലെ സാംനിത (SAMNITA) സോഷ്യൽ ഇൻക്ലൂഷൻ ലാബും പുനർജീവ ടെക്നോളജി സൊല്യൂഷൻസ് എന്ന സ്റ്റാട്ടപ്പും ചേർന്നാണ് ഈ നൂതന പദ്ധതി യാഥാർത്ഥ്യമാക്കിയത്. സാംനിതയുടെ ഫൗണ്ടർ കൂടിയായ റോബിൻ ടോമി കാഴ്ച പരിമിതരായ സമൂഹത്തെയും വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചാണ് ഈ ആശയം പ്രാവർത്തികമാക്കിയിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൃത്യമായി രൂപകൽപ്പന ചെയ്ത ത്രിമാന ചിത്രങ്ങളാണ് ഇതിന്റെ പ്രധാന ആകർഷണം.

ഓരോ സ്റ്റേഷനിലും വിരലുകൾ കൊണ്ട് തൊട്ടറിയാവുന്ന രീതിയിലുള്ള ടാക്റ്റൈൽ റിലീഫുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഓരോ ഭാഗത്തും നൽകിയിരിക്കുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ മലയാളത്തിലും ഇംഗ്ലീഷിലും ആത്മീയ വിവരണങ്ങൾ ശ്രവിക്കാനും സാധിക്കും. കാഴ്ചപരിമിതർക്ക് മറ്റൊരാളുടെ സഹായമില്ലാതെ തന്നെ ഓരോ സ്റ്റേഷനിലേക്കും എത്തുന്നതിനായി പ്രത്യേക ടാക്റ്റൈൽ (തറയോട്) പാതകളും ബ്രെയിൽ ലിപിയിലുള്ള നിർദ്ദേശങ്ങളും പള്ളി അങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഇതിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും സാംനിത ലാബ് സ്ഥാപകനും ടി.സി.എസ് സീനിയർ സയന്റിസ്റ്റുമായ റോബിൻ ടോമി വിശദീകരിച്ചു.

കാഴ്ചപരിമിതരായ വ്യക്തികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് ഇതിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കേവലം ഒരു എൻജിനീയറിങ് പ്രോജക്റ്റ് എന്നതിലുപരി, സഹജീവികളോടുള്ള സഹാനുഭൂതിയും ആദരവുമാണ് ഈ നിർമ്മിതിയുടെ അടിസ്ഥാനമെന്ന് ജ്യോതി എൻജിനീയറിങ് കോളേജ് അക്കാദമിക് ഡയറക്ടർ റവ. ഫാ. ഡോ. ജോസ് കണ്ണമ്പുഴ തന്റെ ആശംസ പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ ജ്യോതി എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ഡേവിഡ് നെറ്റിക്കാടൻ നന്ദി രേഖപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ, ദർശന സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, രജിസ്ട്രാർ ഡോ. വി.എം സേവ്യർ, ബസിലിക്ക ട്രസ്റ്റി ജോയ് ജോസഫ് ആലൂർ, പുനർജീവ സി.ഡി.ഒ രശ്മി രവീന്ദ്രനാഥൻ, അസിസ്റ്റന്റ് പ്രൊഫസർ ജിനേഷ് കെ.ജെ, അസോസിയേറ്റ് പ്രൊഫസർ ഡോ. ഷൈനി എം.ഐ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

വിശുദ്ധ വാരം ആരംഭിക്കുന്ന വേളയിൽ, ഭിന്നശേഷിക്കാർക്ക് കൂടി ആരാധനാലയങ്ങൾ ഒരുപോലെ പ്രാപ്യമാക്കുക എന്ന വലിയ സന്ദേശമാണ് തൃശൂർ പുത്തൻപള്ളിയിലൂടെ ലോകത്തിന് മുന്നിലെത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.