Sections

എന്തുകൊണ്ട് ക്രെഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി പരിശോധിക്കണം...?

Thursday, Oct 07, 2021
Reported By Aswathi Nurichan
CREDIT SCORE

ക്രെഡിറ്റ് റിപ്പോര്‍ട്ടിന് ഓരോ വ്യക്തിയുടെയും സാമ്പത്തിക ആരോഗ്യം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കാണുള്ളത്


നിങ്ങളുടെ ക്രെഡിറ്റ് അക്കൗണ്ടുകള്‍ നിങ്ങള്‍ എത്ര നന്നായി കൈകാര്യം ചെയ്തു എന്നതിന്റെ സംഗ്രഹമാണ് നിങ്ങളുടെ റിപ്പോര്‍ട്ട്. ഇതില്‍ എല്ലാത്തരം അക്കൗണ്ടുകളും നിങ്ങളുടെ പേയ്മെന്റ് ചരിത്രവും ഉള്‍പ്പെടുന്നു. നിങ്ങളുടെ വായ്പ ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയും എത്രത്തോളം അടച്ചുവെന്ന് ഇതില്‍ വ്യക്തമാക്കുന്നു.

ക്രെഡിറ്റ് റിപ്പോര്‍ട്ടിന് ഓരോ വ്യക്തിയുടെയും സാമ്പത്തിക ആരോഗ്യം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കാണുള്ളത്. ക്രെഡിറ്റ് സ്‌കോറിലെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാം. കൂടാതെ നിങ്ങളുടെ വായ്പാ ഇടപാടുകളുടെയും മറ്റ് സാമ്പത്തിക ബന്ധങ്ങളിലെയും വലിയ ഭാഗം കൂടിയാണ് ക്രെഡിറ്റ് റിപ്പോര്‍ട്ട് എന്ന് എപ്പോഴും ഓര്‍ക്കുക.

ഏറ്റവും ചുരുങ്ങിയത് 12 മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം എന്ന് പറയുന്നതിനും ചില കാരണങ്ങളുണ്ട്. അക്കാര്യങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

നിശ്ചിത ഇടവേളകളില്‍ പരിശോധിച്ചാല്‍

കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് നിങ്ങളുടെ വായ്പാ നില മനസ്സിലാക്കുവാന്‍ സഹായിക്കുന്നു. പുതിയ വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ അനുകൂലമായ സാഹചര്യമാണോ എന്ന് മനസ്സിലാക്കുവാനും അതിലൂടെ സാധിക്കും. കൂടാതെ മുന്‍കാല വായ്പാ ബാധ്യതകളില്‍ നിന്നും നിങ്ങള്‍ റിക്കവര്‍ ചെയ്തു വരുന്നതിന്റെ വളര്‍ച്ചയും ഇതിലൂടെ മനസ്സിലാക്കാം.

ക്രെഡിറ്റ് റിപ്പോര്‍ട്ട് അവലോകനം

നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ക്രെഡിറ്റ്് കാര്‍ഡ് ബില്ലുകളും പരിശോധിച്ച് വിശകലനം ചെയ്യുന്നതിന് സമാനമായി തന്നെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടും നിങ്ങള്‍ അവലോകനം ചെയ്യേണ്ടതുണ്ട്. വായ്പകള്‍ ശരിയായി കൈകാര്യം ചെയ്യുക, ചിലവുകളുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തുക, സമ്പാദ്യത്തിനായി മാറ്റി വയ്ക്കുക എന്നീ കാര്യങ്ങള്‍ ചിട്ടയോടുകൂടി പിന്തുടരേണ്ടത് സാമ്പത്തികമായി ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് അനിവാര്യമാണ്.

തട്ടിപ്പുകളുടെ ആദ്യ സൂചന

നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട് എങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നതിലൂടെ കണ്ടെത്തുവാനാകും. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വ്യാജ ഐഡന്റിറ്റിയില്‍ നടത്തുന്ന അത്തരം തട്ടിപ്പുകള്‍ മനസ്സിലാക്കാനും അതിനെതിരെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് റേറ്റ് വിശകലനം ചെയ്യുന്നതിലൂടെ സാധ്യമാകും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.