Sections

ബിസിനസില്‍ പാര്‍ട്ണറെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

Saturday, Aug 14, 2021
Reported By Aswathi Nurichan
business partners

ജീവിതത്തില്‍ പാര്‍ട്ണറിനെ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ ബുദ്ധിമുട്ടേറിയ ഒന്നാണ് ബിസിനസില്‍ പാര്‍ട്ണറിനെ തിരഞ്ഞെടുക്കുക എന്നത്

 

നമ്മള്‍ കാണുന്ന പല ബിസിനസുകളും പാര്‍ട്ണര്‍ഷിപ്പില്‍ നടക്കുന്നവയാണ്. നമ്മുക്ക് ബിസിനസ് ആരംഭിക്കാന്‍ എന്തിനാണ് ഒരു പാര്‍ട്ണര്‍? കൂടുതല്‍ ആളുകളും സാമ്പത്തിക സഹകരണത്തിനായിരിക്കും പാര്‍ട്ണറിനെ തിരഞ്ഞെടുക്കുക. ഒരു ബലത്തിനു വേണ്ടിയും ബിസിനസിലുള്ള പരിചയകുറവ് മൂലവും പാര്‍ട്ണറിനെ തിരഞ്ഞെടുക്കാറുണ്ട്. ചില സമയങ്ങളില്‍ പാര്‍ട്ണര്‍ഷിപ്പ് ആവശ്യപ്പെട്ട് നിങ്ങള്‍ ഒരാളെ സമീപിക്കുന്നതാകാം. അല്ലെങ്കില്‍ ഒരു വ്യക്തി നിങ്ങളെ സമീപിക്കുന്നതാകാം. എന്തായാലും ബിസിനസ് എന്ന അതീവ അപകടകരമായ മേഖലയില്‍ പാര്‍ട്ണറിനെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ ഇതാ

ബിസിനസിനെ കുറിച്ചുള്ള വ്യക്തമായ വിവരണം 

ആരംഭിക്കാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായ വിവരണം ആദ്യം തന്നെ നല്‍കുക. എന്താണ് ബിസിനസ്, എന്തിനെ കുറിച്ചാണ് ബിസിനസ്, എന്തൊക്കെയാണ് ഈ ബിസിനസില്‍ സാധ്യതകളുള്ളത്, എത്രത്തോളം വളരാന്‍ സാധ്യതയുണ്ട്, എന്തൊക്കെ ഇടപെടലാണ് ബിസിനസില്‍ നടത്തേണ്ടത് തുടങ്ങിയ കാര്യങ്ങള്‍.

പാര്‍ട്ണറിനെ വ്യക്തിപരമായ മൂല്യങ്ങള്‍

പാര്‍ട്ണറിനെ വ്യക്തിപരമായ മൂല്യങ്ങള്‍ മനസിലാക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ മാത്രമേ ആ വ്യക്തിയുമായി പാര്‍ട്ണര്‍ഷിപ്പ് ബന്ധം തുടങ്ങാനും നിലനിര്‍ത്തി കൊണ്ടുപോകാനും സാധിക്കുമോ എന്നു തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെ മൂല്യങ്ങളുള്ള വ്യക്തിയാണ്, അയാളുടെ ഭൂതകാലം എങ്ങനെയാണ്, പ്രത്യേക കാര്യങ്ങളെ എങ്ങനെയാണ അയാള്‍ സമീപിക്കുന്നത്, കള്ളം പറയുന്ന ആളാണോ, മനുഷത്വം ഉള്ള ആളാണോ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നിങ്ങളുമായി പൊരുത്തപ്പെടുന്ന ആളുകളെ മാത്രമേ പാര്‍ട്ണറായി തിരഞ്ഞെടുക്കാവൂ. കാരണം ഒത്തൊരുമയോടെ മുന്നോട്ട് പോയാല്‍ മാത്രമേ നല്ല രീതിയിലുള്ള ആശയ വിനിമയം നടത്താനും ഐക്യത്തോടെ തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുകയുള്ളൂ.

ഉത്തരവാദിത്വങ്ങളും നിയമങ്ങളും അധികാരങ്ങളും

എന്തൊക്കെ ഉത്തരവാദിത്വങ്ങളാണ് നിങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ണറിനും ഉള്ളത് എന്നത് തുടക്കത്തില്‍ തന്നെ തീരുമാനിച്ച് ഉറപ്പിക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ നിങ്ങള്‍ ചെയ്‌തോളുമെന്ന ധാരണയില്‍ മറ്റേയാളും മറ്റേയാള്‍ ചെയ്‌തോളുമെന്ന ധാരണയില്‍ നിങ്ങളും നില്‍ക്കും. പക്ഷേ ആരും ഒന്നും ചെയ്തിട്ടുണ്ടാകില്ലെന്ന് പിന്നീടാണ് മനസിലാകുക. അത് ബിസിനസിന്റെ തളര്‍ച്ചയിലേക്കും പാര്‍ട്ണര്‍മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു. അതുപോലെ ബിസിനസിന്റെ നിയമങ്ങളെ കുറിച്ചും രണ്ടു വ്യക്തികള്‍ക്കുമുള്ള അധികാരങ്ങളെ കുറിച്ചും സംസാരിച്ച് ധാരണയുണ്ടാകേണ്ടത് പ്രധാനമാണ്.

ആശയവിനിമയം

ആളുകളുമായി നമ്മുക്ക് ബന്ധമുണ്ടാകുന്നത് നിരന്തരമായി ആശയവിനിമയം നടത്തുമ്പോഴാണ്. വലിയ ബന്ധങ്ങള്‍ ഇല്ലാത്ത ആളുകളാണെങ്കിലും നിരന്തരമായി ആശയവിനിമയം നടത്തിയാല്‍ ആ പാര്‍ട്ണര്‍ഷിപ്പ് ശക്തമാക്കാന്‍ സാധിക്കും. ബിസിനസിന്റെ പ്രാരംഭ നടപടികളെ കുറിച്ച് പാര്‍ട്‌ണേര്‍സ് നിരന്തരം ആശയവിനിമയം നടത്തിയാല്‍ അത് ബിസിനസിനെ അനുകൂലമായി ബാധിക്കുകയും ആ പാര്‍ട്ണര്‍ഷിപ്പ് പ്രശ്‌നങ്ങളില്ലാതെ ദീര്‍ഘകാലം മുന്നോട്ട് കൊണ്ടു പോകാനും സാധിക്കും.

ബിസിനസിന്റെ ലാഭ വിഹിതം

എല്ലാ വ്യക്തികളും ബിസിനസ് ആരംഭിക്കുന്നതിന്റെ പ്രാധാന കാരണം ലാഭം തന്നെയാണ്. അതുകൊണ്ട്് തന്നെ ലാഭ വിഹിതത്തില്‍ സുതാര്യത നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. തുടക്കത്തില്‍ തന്നെ ഓരോ വ്യക്തിയുടേയും ലാഭ വിഹിതത്തെ കുറിച്ചുള്ള ധാരണ ഉണ്ടാക്കണം. കൂടാതെ ബിസിനസില്‍ നിന്ന് വരുമാനം ലഭിച്ചു തുടങ്ങിയാല്‍ ലാഭ വിഹിതം യഥാ സമയം പാര്‍ട്ണര്‍മാരിലേക്ക് എത്തിക്കാനും ശ്രദ്ധിക്കണം. ഇതിലൂടെ പാര്‍ട്ണര്‍ഷിപ്പിനെ ദൃഢമാക്കാനും അനേകം കാലം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും.

പാര്‍ട്ണര്‍ഷിപ്പ് രേഖ

ബിസിനസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം, നിയമം, അധികാരം, ലാഭ വിഹിതം തുടങ്ങിയ എല്ലാ കാര്യങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു രേഖ ഉണ്ടാക്കുക. ഇത് പാര്‍ട്‌ണേര്‍സിന് പാര്‍ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെടാനുള്ള ധൈര്യം നല്‍കുകയും ചതി, വഞ്ചന പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

ജീവിതത്തില്‍ പാര്‍ട്ണറിനെ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ ബുദ്ധിമുട്ടേറിയ ഒന്നാണ് ബിസിനസില്‍ പാര്‍ട്ണറിനെ തിരഞ്ഞെടുക്കുക എന്നത്. അതുകൊണ്ട് തന്നെ നിങ്ങളുമായി സഹകരിച്ച് പോകുന്ന പാര്‍ട്‌ണേര്‍സിനെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. പാര്‍ട്ണര്‍ഷിപ്പിനായി ഒരാളെ സമീപിക്കുന്നതിന് മുമ്പ് തന്നെ അയാളെ കുറിച്ചുള്ള ഏകദേശ ധാരണ ഉണ്ടാക്കണം. പിന്നീട് മുകളില്‍ പറഞ്ഞ പ്രാഥമിക കാര്യങ്ങളും മനസിലാക്കാന്‍ ശ്രദ്ധിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.