Sections

സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം പുതിയ സീരീസ് ഇന്ന് മുതല്‍ ആരംഭിക്കും

Monday, Oct 25, 2021
Reported By Admin
sovareen gold

വ്യക്തികള്‍ക്ക് ഒരു ഗ്രാം മുതല്‍ നാല് കിലോ ഗ്രാം സ്വര്‍ണം വരെയാണ് പരമാവധി വാങ്ങാനാവുക

 

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം പുതിയ സീരീസ് തിങ്കളാഴ്ച ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിനായി ആര്‍ബിഐ ഇഷ്യൂ ചെയ്യുന്ന എസ്ജിബി 2021-22 ലെ ഏഴാം സീരീസിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ് ഒക്ടോബര്‍ 25 മുതല്‍ 29 വരെയായിരിക്കും. നവംബര്‍ രണ്ടിന് ബോണ്ടുകള്‍ വിതരണം ചെയ്യും. എട്ടാം സീരീസ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്നുവരെ ആയിരിക്കും. ജനുവരി 10 മൂതല്‍ 14 വരെയാണ് ഒമ്പതാം സീരീസ്. അവസാന സീരീസ് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് നാല് വരെയാണ്.

സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം

ഒരു ഗ്രാം സ്വര്‍ണത്തിന് 4,765 രൂപയാണ് ഇഷ്യൂ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകളില്‍ നിന്നും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലി. (എസ്എച്ച്‌സിഐഎല്‍)ല്‍ നിന്നും അംഗീകാരമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിക്കാം. ഭൗതിക സ്വര്‍ണത്തിന്റെ ആവശ്യകത കുറയ്ക്കുന്നതിനായി 2015 നവംബര്‍ മാസത്തിലാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം അവതരിപ്പിച്ചത്.

സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്

സബ്‌സ്‌ക്രിപ്ഷന്‍ കാലാവധിക്ക് മൂമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളില്‍ ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന 999 പ്യുരിറ്റിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാകും ബോണ്ടുകളുടെ വില നിശ്ചയിക്കുക. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 50 രൂപ വീതം കിഴിവും ലഭിക്കും. 2.5 ശതമാനമാണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.

ഒരു ഗ്രാം മുതല്‍ നാല് കിലോ ഗ്രാം സ്വര്‍ണം വരെ  വാങ്ങാം

വ്യക്തികള്‍ക്ക് ഒരു ഗ്രാം മുതല്‍ നാല് കിലോ ഗ്രാം സ്വര്‍ണം വരെയാണ് പരമാവധി വാങ്ങാനാവുക. എന്നാല്‍ ട്രസ്റ്റകുള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണമാണ്. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, നിയുക്ത പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവയിലൂടെ ബോണ്ടുകള്‍ വാങ്ങാം. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും പേയ്‌മെന്റ് ബാങ്കുകള്‍ക്കും ബോണ്ട് ഇഷ്യു ചെയ്യാനുള്ള അധികാരമില്ല.

ബോണ്ടുകള്‍ വില്‍പ്പന നടത്താം

പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇത്തരത്തില്‍ വാങ്ങാം. അതിനായി കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ബോണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് 8 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത പലിശ അടവ് തീയതിയ്ക്ക് മുമ്പായി നിക്ഷേപകന് പദ്ധതി പിന്‍വലിക്കാനും കഴിയും. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്മേല്‍ വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യുവിന്റെ പേപ്പറുകള്‍ ആണ് ബാങ്കുകള്‍ ഇതിനായി ആവശ്യപ്പെടുക. ഓഹരി വിപണിയിലും വില്‍ക്കാം.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണമായി മാത്രമേ ബോണ്ട് തിരിച്ചുനല്‍കാനാവൂ

ഡീമാറ്റ് ആയോ കടലാസ് രൂപത്തിലോ നിക്ഷേപകര്‍ക്ക് സോവറീന്‍ ഗോള്‍ഡ് ബോണ്ട് ലഭിക്കാം. വായ്പകള്‍ക്ക് ഈടായും ബോണ്ടുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കും. കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നേരത്തെ ബോണ്ട് തിരിച്ചുനല്‍കണമെന്നുള്ളവര്‍ക്ക് അത് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ആവാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണമായി മാത്രമേ ബോണ്ട് തിരിച്ചുനല്‍കാനാവൂ. ബോണ്ടിന്റെ പലിശനിരക്ക് കണക്കാക്കുന്നത് നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയാണ്. ഗ്രാമിന്റെ അടിസ്ഥാനത്തിലുള്ള സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ചുള്ള നിക്ഷേപത്തുക സ്വര്‍ണത്തിന്റെ അപ്പോഴത്തെ വില കണക്കാക്കിയായിരിക്കും നിശ്ചയിക്കുക.

ലാഭ-നഷ്ട സാധ്യതകള്‍ 

നിക്ഷേപം കണക്കാക്കുന്ന സമയം മുതല്‍ സ്വര്‍ണത്തിന്റെ വില കുറയുകയാണെങ്കിലോ മറ്റേതെങ്കിലും കാരണത്താലോ മൂന്നു വര്‍ഷത്തെ കാലാവധി കൂടി നിക്ഷേപകന് അനുവദിക്കും. സ്വര്‍ണത്തിന്റെ വില കൂടുമ്പോഴും കുറയുമ്പോഴും അതിന്റെ ലാഭ-നഷ്ട സാധ്യതകള്‍ നിക്ഷേപകര്‍ക്കായിരിക്കും. സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് നിക്ഷേപകന്‍ ബോധവാനായിരിക്കണം. ധനമന്ത്രാലയവുമായി ആലോചിച്ച് റിസര്‍വ് ബാങ്കായിരിക്കും എത്ര രൂപയ്ക്കാണ് ബോണ്ട് പുറപ്പെടുവിക്കുന്നത് എന്നു നിശ്ചയിക്കുന്നത്. ബോണ്ട് വാങ്ങുമ്പോള്‍ ലഭിക്കുന്ന വിലക്കുറവാണ് സര്‍ക്കാരിനു ലഭിക്കുന്ന ആനുകൂല്യം. ഇത് ഗോള്‍ഡ് റിസര്‍വ് ഫണ്ടിലേയ്ക്ക് കൈമാറും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.