Sections

നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് ടെസ്‌ല

Thursday, Oct 21, 2021
Reported By Admin
tesla

ഈ വര്‍ഷം ഇറക്കുമതി ചെയ്ത കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ടെസ്‌ല തീരുമാനിച്ചിരുന്നു


നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല. ഇന്ത്യയിലേക്ക് കാറുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതിയിളവ് വേണമെന്നാണ് ടെസ്‌ലയുടെ ആവശ്യം. റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇന്ത്യയിലെ പ്രാദേശിക വാഹനനിര്‍മ്മാതാക്കള്‍ തീരുമാനത്തെ എതിര്‍ക്കുകയാണ്.

ഈ വര്‍ഷം ഇറക്കുമതി ചെയ്ത കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ടെസ്‌ല തീരുമാനിച്ചിരുന്നു. എന്നാല്‍, ഇന്ത്യയിലെ ഉയര്‍ന്ന നികുതിയാണ് അവര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തന്നെ നികുതി കുറക്കണമെന്ന ആവശ്യം ടെസ്‌ല ഉയര്‍ത്തിയിരുന്നു. പക്ഷേ, ഇന്ത്യയിലെ പ്രാദേശിക ഉല്‍പാദകര്‍ നികുതിയിളവിന് എതിരെ രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ടെസ്‌ല ഇന്ത്യ പോളിസി തലവന്‍ മനോജ് ഖുരാനയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇതുസംബന്ധിച്ച് അടച്ചിട്ട മുറിയില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഉയര്‍ന്ന നികുതിയാണ് രാജ്യം ചുമത്തുന്നതെന്ന് വാദം ചര്‍ച്ചയില്‍ ടെസ്‌ല ഉയര്‍ത്തിരുന്നു.

നിലവില്‍ 40,000 ഡോളറില്‍ താഴെയുള്ള ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 60 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. 40,000 ഡോളറിന് മുകളിലുള്ളതിന് 100 ശതമാനം തീരുവയും ചുമത്തും. ഉയര്‍ന്ന നികുതി ടെസ്‌ല കാറുകളുടെ വില്‍പനയെ ബാധിക്കുമെന്നാണ് കമ്പനിയുടെ വാദം. നരേന്ദ്ര മോദി-ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ചക്കും ടെസ്‌ല അനുമതി തേടിയിട്ടുണ്ട്. നിലവില്‍ ടാറ്റ മോട്ടോഴ്‌സ് പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വന്‍ തോതില്‍ പണം മുടക്കിയിട്ടുണ്ട്. ടെസ്‌ലയുടെ വരവ് ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.