Sections

വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ക്ക് 500 കോടി വായ്പാ സഹായവുമായി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍

Wednesday, Aug 25, 2021
Reported By Aswathi Nurichan
kerala finance corporation

ദീര്‍ഘകാല വായ്പകള്‍, ഹ്രസ്വകാല വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍ എന്നിവക്ക് പുറമെ ബാങ്ക് ഗ്യാരന്റിയും പദ്ധതിയില്‍ നല്‍കുന്നതാണ്. ഇതിലേക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്


കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുകള്‍ക്ക് 500 കോടി വായ്പ സഹായവുമായി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി). ഉത്പ്പാദന - സേവന മേഖലകളിലെ സംരംഭകര്‍ക്ക് പുതിയ യൂണിറ്റുകള്‍ തുടങ്ങുവാനും, നിലവിലുള്ള യൂണിറ്റുകള്‍ വിപുലീകരിക്കാനും സഹായം ലഭിക്കും.

ദീര്‍ഘകാല വായ്പകള്‍, ഹ്രസ്വകാല വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍ എന്നിവക്ക് പുറമെ ബാങ്ക് ഗ്യാരന്റിയും പദ്ധതിയില്‍ നല്‍കുന്നതാണ്. ഇതിലേക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ മികച്ച വ്യവസായിക സ്ഥാപനങ്ങള്‍ കൂടുതലും വ്യവസായ എസ്റ്റേറ്റുകള്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തരമൊരു പദ്ധതിയുമായി കെഎഫ്‌സി മുന്നോട്ട് വന്നത്.

കമ്പനികള്‍ക്ക് 20 കോടിയും, പ്രോപ്രെയ്റ്റര്‍ഷിപ്, പാര്‍ട്ണര്‍ഷിപ് എന്നിവക്ക് 8 കോടിയുമാണ് പരമാവധി വായ്പ ലഭിക്കുക. 50 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റി ലഭിക്കും. പദ്ധതിയിലെ ദീര്‍ഘകാല വായ്പകള്‍ക്ക് പ്രൊജക്റ്റ് തുകയുടെ 66 ശതമാനം വായ്പ ലഭിക്കും. ബാക്കി 34 ശതമാനം പ്രൊമോട്ടര്‍മാര്‍ കൊണ്ട് വരണം.

എന്നാല്‍ പ്രൊജക്റ്റ് തുകയില്‍ ലാന്‍ഡ് കോസ്‌ററ് ഉള്‍പെടുത്തിയിട്ടില്ലെങ്കില്‍ 75 ശതമാനം വരെ വായ്പ ലഭിക്കും. നിലവിലുള്ള യൂണിറ്റുകളുടെ നവീകരണത്തിനായി പ്രൊജക്റ്റ് കോസ്റ്റിന്റെ 90 ശതമാനം വരെ ആയിരിക്കും വായ്പക്കുള്ള അര്‍ഹത. പ്രാഥമിക ജാമ്യവസ്തു പര്യാപ്തമാണെങ്കില്‍ ഹയര്‍ പര്‍ച്ചേസ് ഒഴികെയുള്ള വായ്പകള്‍ക്ക് അധിക ഈട് നല്‍കേണ്ടതില്ല. മാത്രമല്ല 50 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് സിജിടിഎംഎസ്ഇ സൗകര്യവും നല്‍കുന്നതാണ്. 

കേരളത്തിലെ എല്ലാ വ്യാവസായിക എസ്റ്റേറ്റുകളുടെയും പ്രവര്‍ത്തനം വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ പൂര്‍ണരൂപം കെഎഫ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.kfc.org ല്‍ ലഭ്യമാക്കിയിട്ടുണ്ട്. സംരംഭകര്‍ക്ക് ഈ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.