Sections

ഉയര്‍ന്ന ഭവന വായ്പ; തിരിച്ചടച്ച് തലയൂരല്‍ ശ്രദ്ധിച്ചു വേണം

Tuesday, Sep 14, 2021
Reported By admin
prepaying loan

സിംപിളല്ല വായ്പ തിരിച്ചടയ്ക്കല്‍ എന്ന് വിദഗ്ധര്‍ 

 

വീടുവെയ്ക്കാനും മറ്റും വര്‍ഷങ്ങള്‍ കാലാവധിക്ക് ലോണുകള്‍ എടുക്കുകയും പിന്നീട് അത് തിരിച്ചടച്ച് അടച്ച് ജീവിതം മുഴുവന്‍ നീളുന്ന വലിയ ബാധ്യതയായും വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥ പല സാധാരണക്കാരെയും അലട്ടുന്നതാണ്.പലിശ ഇനത്തില്‍ ബാങ്കുകള്‍ ദൈര്‍ഘ്യമേറിയ കാലാവധിയില്‍ വായ്പ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയെടുക്കുന്ന തുകയും വലുതാണ്.അതുകൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ പണം സംഘടിപ്പിച്ച് വായ്പ തിരിച്ചടച്ച് ഒതുക്കാനാണ് പലരും ശ്രമിക്കുന്നത്.

ഇത്തരത്തില്‍ മുന്‍കൂര്‍ വായ്പ തിരിച്ചടവിലൂടെ പലിശ ഇനത്തില്‍ വെറുതെ ചെലവാകുന്ന തുക കുറയ്ക്കാന്‍ സാധിക്കും.പക്ഷെ അത്ര സിംപിളല്ല ഇത്തരത്തിലുള്ള വായ്പ തിരിച്ചടയ്ക്കല്‍ എന്ന് വിദഗ്ധര്‍ പറയുന്നു.

ഭവന വായ്പ് ഉപയോക്താക്കള്‍ക്ക് വായ്പ മുന്‍കൂര്‍ തിരിച്ചടയ്ക്കാന്‍ രണ്ട് വഴികളാണുള്ളത്.ഒന്നുകില്‍ ഇഎംഐകള്‍ കുറച്ചുകൊണ്ട് അതല്ലെങ്കില്‍ വായ്പ തിരിച്ചടവ് കാലയളവ് കുറച്ചുകൊണ്ട്.രണ്ടാമത്തെ വഴി തെരഞ്ഞെടുത്താല്‍ പലിശ ഇനത്തില്‍ ചെലവഴിക്കുന്ന തുക ലാഭിക്കാന്‍ സാധിക്കും.

ഉദാഹരണത്തിന് 50ലക്ഷം രൂപയുടെ ഭവന വായ്പ ഉള്ള ഒരു വ്യക്തിക്ക് 20 വര്‍ഷം 8 ശതമാനം പലിശനിരക്കില്‍ ആണ് വായ്പ ലഭിച്ചിരിക്കുന്നത്.ലോണെടുത്ത ആള്‍ അഞ്ച് വര്‍ഷം മുന്‍പ് എടുത്ത ഈ വായ്പ ഇനത്തില്‍ ആറ് ലക്ഷം രൂപ ഒറ്റത്തവണ തിരിച്ചടയ്ക്കുകയും വായ്പ കാലയളവ് കുറയ്ക്കാനുള്ള അപേക്ഷ നല്‍കുകയും ചെയ്താല്‍ പലിശ തിരിച്ചടവില്‍ 10 ലക്ഷത്തിലേറെ രൂപയോളം ലാഭിക്കാന്‍ സാധിക്കും.തിരിച്ചടവ് കാലാവധി ആകട്ടെ 41 മാസമായി ചുരുങ്ങുകയും ചെയ്യും.

അതെസമയം വായ്പ തിരിച്ചടവിനു പകരം ഇഎംഐ കുറയ്ക്കാനാണ് അപേക്ഷിക്കുന്നതെങ്കില്‍ ഇഎംഐ തുക 41822 രൂപ എന്നത് 36088 രൂപയായി കുറയും.പലിശ ഇനത്തില്‍ വെറും 4.32ലക്ഷം രൂപമാത്രമാണ് ലാഭം പിടിക്കാന്‍ സാധിക്കുന്നത്.

ബാങ്കില്‍ നിന്നുള്ള പലിശ ഭീതിയില്‍ ഭവന വായ്പ തിരിച്ചടച്ച് തലവേദന ഒഴിവാക്കാന്‍ വലിയ റിസ്‌കുകള്‍ എടുക്കരുതെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.അതായത് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള എമര്‍ജന്‍സി ഫണ്ടുകള്‍ എടുക്കാനോ മുന്‍കൂര്‍ വായ്പ തിരിച്ചടവിനായി ഉയര്‍ന്ന പലിശയ്ക്ക് മറ്റുവായ്പകളോ,നിലവിലുള്ള മറ്റ് നിക്ഷേപങ്ങളെയോ ആശ്രയിക്കരുത്.

പിന്നെ ഒരാള്‍ക്ക് അയാളുടെ പേരിലുള്ള ഭവന വായ്പ അതിനെക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഉള്ള മറ്റൊരു വായ്പ ദാതാവിലേക്ക് കൈമാറാന്‍ സാധിക്കും.അതിന് ബാങ്കുമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.