Sections

എല്‍ഐസി പോളിസിയിലൂടെ എങ്ങനെ വ്യക്തിഗത വായ്പ നേടുമെന്ന് അറിയാമോ? 

Tuesday, Oct 19, 2021
Reported By Admin
lic

കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കാന്‍ എല്‍ഐസിയിലൂടെ പോളിസി ഉടമകള്‍ക്ക് സാധിക്കും

 

കോവിഡ് പലരുടെയും ജോലിയെയും വരുമാനത്തെയും വലിയ തോതിലാണ് മോശമായി ബാധിച്ചത്. അവയൊക്കെ വലിയ സാമ്പത്തിക പ്രയാസങ്ങളിലേക്കാണ് ആള്‍ക്കാരെ തള്ളിവിട്ടത്. താത്ക്കാലികമായെങ്കിലും സാമ്പത്തിക ഞെരുക്കം ഒഴിവാക്കുന്നതിനായി പലരും വായ്പകളെ ആശ്രയിച്ചു. ഇക്കാലയളവില്‍ വ്യക്തിഗത വായ്പകള്‍ക്കും, സ്വര്‍ണ വായ്പയ്ക്കുമൊക്കെ ആവശ്യക്കാരുടെ എണ്ണം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു എന്നതാണ് വസ്തുത.

നിങ്ങള്‍ക്ക് ഒരു എല്‍ഐസി പോളിസി ഉണ്ടെങ്കില്‍ അടിയന്തിരമായെത്തുന്ന സാമ്പത്തികാവശ്യങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും എന്ന കാര്യം പലര്‍ക്കുമറിയില്ല. പറഞ്ഞുവരുന്നത് എല്‍ഐസി പോളികള്‍ക്ക് മേല്‍ ഉപയോക്താവിന് ലഭിക്കുന്ന വ്യക്തിഗത വായ്പകളെക്കുറിച്ചാണ്.

കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കാന്‍ എല്‍ഐസിയിലൂടെ പോളിസി ഉടമകള്‍ക്ക് സാധിക്കും. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വ്യക്തിഗത വായ്പാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ എല്‍ഐസി പോളിസി വാങ്ങിച്ചിരിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ പ്രീമിയം തുകയ്ക്ക് മേല്‍ വായ്പ എടുക്കുവാന്‍ സാധിക്കും.

നിങ്ങളുടെ പോളിസിയുടെ പരമാവധി 90 ശതമാനം തുക വരെ വായ്പയായി അപേക്ഷിക്കാം. നിങ്ങളുടെ എല്‍ഐസി പോളിസി പെയ്ഡ് അപ്പ് പോളിസിയാണെങ്കില്‍ സറണ്ടര്‍ വാല്യുവിന്റെ പരമാവധി 85 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക.

ചുരുങ്ങിയത് ആറ് മാസമാണ് എല്‍ഐസി വ്യക്തിഗത വായ്പകളുടെ കാലാവധി. എല്‍ഐസി വായ്പകളുടെ ഏറ്റവും സവിശേഷപരമായ കാര്യം ഉപയോക്താവ് ആ വായ്പ തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ വായ്പാ തുക കുറച്ച് ശേഷിക്കുന്ന തുകയാണ് കമ്പനി ഉപയോക്താവിന് നല്‍കുക. വായ്പയ്ക്കുള്ള പലിശ മാത്രം നിങ്ങള്‍ നല്‍കിയാല്‍ മതി.

നിബന്ധനകള്‍

ഇന്ത്യന്‍ പൗരനായിട്ടുള്ള വ്യക്തികള്‍ക്ക് മാത്രമേ എല്‍ഐസി വായ്പാ സേവനം നല്‍കുകയുള്ളൂ. ഇതിന് പുറമേ, വായ്പാ സേവനം ലഭ്യമാകണമെങ്കില്‍ നിങ്ങള്‍ക്ക് എല്‍ഐസി പോളിസി നിര്‍ബന്ധമായും ഉണ്ടായിരിക്കുകയും വേണം. അതായത് നിലവില്‍ തങ്ങളുടെ ഉപയോക്താക്കളായ വ്യക്തികള്‍ക്ക് മാത്രമാണ് എല്‍ഐസി വായ്പാ സൗകര്യം നല്‍കുന്നത് എന്നര്‍ഥം. പോളിസി എടുത്ത് ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പ്രീമിയം അടച്ചിട്ടുള്ള പോളിസി ഉടമകള്‍ക്കാണ് വ്യക്തിഗത വായ്പ എടുക്കുവാന്‍ സാധിക്കുക. വായ്പാ അപേക്ഷകന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഇത്രയും നിബന്ധനകള്‍ പാലിക്കുന്ന വ്യക്തിയ്ക്ക് വായ്പയ്ക്കായി അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം

വീട്ടിലിരുന്നുകൊണ്ട് തന്നെ വായ്പായ്ക്കായി അപേക്ഷിക്കുവാന്‍ പോളിസി ഉടമകള്‍ക്ക് സാധിക്കും. ഇതിനായുള്ള സൗകര്യം എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ എല്‍ഐസിയില്‍ നിന്നും ഒരു വ്യക്തിഗത വായ്പ എടുക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ https://www.licindia.in/home/policyloanoptions എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.