Sections

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയാമോ...?

Wednesday, Oct 13, 2021
Reported By Aswathi Nurichan
fixed deposite

ഒരുകാലത്ത് കേരള സര്‍ക്കാരിന് കീഴിലുള്ള കെടിഡിഎഫ്സിയും 8 ശതമാനം വരെയും പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു

 

കുറച്ചു പൈസ ഒരുമിച്ച് കയ്യില്‍ വന്നാല്‍ സ്ഥിര നിക്ഷേപത്തെ കുറിച്ചാണ് നമ്മളില്‍ പലരും ചിന്തിക്കുക. ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുകയാണെങ്കില്‍ സമയാസമയം നിക്ഷേപകന് ബാങ്ക് പലിശ വരുമാനം ഉറപ്പാക്കും. അപകടസാധ്യത കുറഞ്ഞ നിക്ഷേപ മാര്‍ഗമാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റ് എന്ന വിശ്വാസത്തിലാണ് എല്ലാവരും അങ്ങനെ ചെയ്യുന്നത്. എന്നാല്‍ അടുത്തകാലത്തായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കിവരുന്ന പലിശ നിരക്ക് കുറവാണെന്ന പരാതി നിക്ഷേപകര്‍ക്കുണ്ട്.

5 മുതല്‍ 5.30 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രമുഖ ബാങ്കുകളെല്ലാം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ബാങ്കുകളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മൂന്നു ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ട്രാന്‍സ്പോര്‍ട് ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (കെടിഡിഎഫ്സി), തമിഴ്നാട് ട്രാന്‍സ്പോര്‍ട് ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (ടിഡിഎഫ്സി), തമിഴ്നാട് പവര്‍ ഫൈനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ (തമിഴ്നാട് പവര്‍ ഫൈനാന്‍സ്) എന്നീ സ്ഥാപനങ്ങള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

ഇതില്‍ ടിഡിഎഫ്സിയും തമിഴ്നാട് പവര്‍ ഫൈനാന്‍സും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം വരെ പലിശ നിരക്ക് ഉറപ്പുവരുത്തുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ രണ്ടു ധനകാര്യസ്ഥാപനങ്ങളും 8.5 ശതമാനം വരെയും പലിശ നല്‍കുന്നുണ്ട്. ഒരുകാലത്ത് കേരള സര്‍ക്കാരിന് കീഴിലുള്ള കെടിഡിഎഫ്സിയും 8 ശതമാനം വരെയും പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം തൊട്ട് കെടിഡിഎഫ്സി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചു.

നിലവില്‍ 6 ശതമാനം പലിശയാണ് ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കെടിഡിഎഫ്സി നല്‍കുന്നത്. 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇവര്‍ 6 ശതമാനം പലിശ തന്നെ ഉറപ്പുവരുത്തുന്നു. ഇനി നിക്ഷേപ കാലാവധി അഞ്ച് വര്‍ഷമെങ്കില്‍ പലിശ നിരക്ക് 5.75 ശതമാനമായി കുറയുന്നുണ്ട്. 

അഞ്ച് വര്‍ഷം കാലാവധി വെച്ച് ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിക്കുകയാണെങ്കില്‍ പലിശ നിരക്ക് ഉയരുമ്പോഴുള്ള ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കില്ല. കോവിഡ് ഭീതിയില്‍ നിന്നും സമ്പദ്ഘടന പതിയെ വിട്ടുണരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നല്‍കുന്ന റീപ്പോ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം ഉയരുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളും പിന്നാലെ നിര്‍ബന്ധിതരാകും.

പുതിയ കാലത്ത് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 മുതല്‍ 5.5 ശതമാനം വരെ മാത്രം പലിശ നിരക്ക് വാഗ്ദാനം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളെ കുറിച്ച് നിക്ഷേപകര്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇതേസമയം, ദീര്‍ഘകാലത്തേക്ക് സ്ഥിര നിക്ഷേപം ആരംഭിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമല്ല. കാരണം ഏറെ വൈകാതെ പലിശ നിരക്കുകള്‍ ഉയരാം. അതിനാല്‍ കൃത്യമായ അറിവോടെയും പ്ലാനിങ്ങോടെയും മാത്രം ഫിക്‌സഡ് ഡെപ്പോസിറ്റ് ആരംഭിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.