- Trending Now:
കൊച്ചി: എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കോർപറേറ്റ് മൈ സ്റ്റാമ്പും പ്രത്യേക തപാൽ കവറും പുറത്തിറക്കി. സ്റ്റാമ്പും കവറും കൊച്ചിയിലെ പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ് ഐപിഒഎസ് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്തു.
പന്ത്രണ്ട് സ്റ്റാമ്പുകൾ വീതമടങ്ങുന്ന 5000 ഷീറ്റുകളാണ് പുറത്തിറക്കിയത്. 75 വർഷത്തെ ഗവേഷണ മികവ് എന്ന് ആലേഖനം ചെയ്ത സ്റ്റാമ്പിൽ സിഎംഎഫ്ആർഐയുടെ ലോഗോയും കൊച്ചിയിലെ ഓഫീസ് സമുച്ഛയത്തിന്റെ ചിത്രവുമാണുള്ളത്. 1947ൽ സ്ഥാപിതമായ സിഎംഎഫ്ആർഐ, സമുദ്രമത്സ്യ-മാരികൾച്ചർ ഗവേഷണ രംഗത്ത് ലോകത്തിലെ തന്നെ മുൻനിര സ്ഥാപനമാണ്. നിലവിൽ, മണ്ഡപം, തൂത്തുക്കുടി, ചെന്നൈ, വിശാഖപട്ടണം, വെരാവൽ, മുംബൈ, കാർവാർ, മംഗലാപുരം, കോഴിക്കോട്, വിഴിഞ്ഞം, ദിഘ എന്നിവിടങ്ങളിലായി 11 പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളുണ്ട്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 17 ഫീൽഡ് സെന്ററുകളും രണ്ട് കൃഷി വിജ്ഞാന കേന്ദ്രങ്ങളും സിഎംഎഫ്ആർഐക്ക് ഉണ്ട്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐസിഎആർ) കീഴിലാണ് സിഎംഎഫ്ആർഐ പ്രവർത്തിക്കുന്നത്.

സിഎംഎഫ്ആർഐക്ക് ഇത് അഭിമാന നിമിഷമാണെന്ന് ചടങ്ങിൽ സംസാരിച്ച ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിലെ സമുദ്രമത്സ്യബന്ധന മാരികൾച്ചർ ഗവേഷണ-വികസനപ്രവർത്തനങ്ങൾക്ക് സിഎംഎഫ്ആർഐ നൽകിയ സംഭാവനകളുടെ പ്രതീകമാണ് ഈ ഉദ്യമം. രാജ്യത്തെ 40 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര പരിപാലനരീതികളിലൂടെ സമുദ്രമത്സ്യ ഉൽപാദനം കാര്യക്ഷമമാക്കുന്നതടക്കമുള്ള ധാരാളം മേഖലയിൽ സിഎംഎഫ്ആർഐ ഗവേഷണം നടത്തിവരുന്നുണ്ട്.
മുത്തൂറ്റ് സ്നേഹസമ്മാനം 2024 പദ്ധതിക്ക് അപേക്ഷ ക്ഷണിച്ച് മുത്തൂറ്റ് ഫിനാൻസ്... Read More
പോസ്റ്റോഫീസ് സീനിയർ സൂപ്രണ്ട് ശിവദാസൻ പി കെ, സിഎംഎഫ്ആർഐ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരീഷ് നായർ, കംപ്ട്രോളർ പ്രശാന്ത് കുമാർ, മാരികൾച്ചർ വിഭാഗം മേധാവി ഡോ വി വി ആർ സുരേഷ്, ഡോ പ്രതിഭ രോഹിത്, ഡോ ബോബി ഇഗ്നേഷ്യസ്, ഡോ രേഖ ജെ നായർ, ഡോ ഗീത ശശികുമാർ, ഡോ മിറിയം പോൾ ശ്രീറാം, ഡോ എൽദോ വർഗീസ്, സി ജയകാന്തൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.