Sections

28-ാമതു കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു; ലോകത്തെ ഏതു മേളയോടും കിടപിടിക്കുന്ന മേളയെന്നു മുഖ്യമന്ത്രി

Saturday, Dec 09, 2023
Reported By Admin
IFFK

28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ. ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്നതിൽ സംശയമില്ലെന്നു മേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്ത നടൻ നാനാ പടേക്കർ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അപൂർവം മേളകൾക്കു മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയൻ സംവിധായിക വനുരി കഹിയുവിനാണ് ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സമ്മാനിക്കുന്നത്. കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്ന കെനിയൻ സാഹചര്യത്തിൽ വിലക്കുകൾക്കും സെൻസർഷിപ്പുകൾക്കുമെതിരേ പടവെട്ടി മുന്നേറുന്ന കലാകാരിയാണ് വനുരി കഹിയു. ഈ കലാപ്രവർത്തകയെ ആദരിക്കുകവഴി ഈ ചലച്ചിത്രോത്സവവും നമ്മുടെ നാടും ആർക്കൊപ്പമാണു നിൽക്കുന്നതെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം വനുരി കഹിയുവിന് മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ സമർപ്പിച്ചു. ഫെസ്റ്റിവൽ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എൽ.എ

സാംസ്കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാലിന് നൽകി പ്രകാശനം ചെയ്തു. ഐ.എഫ്.എഫ്.കെ. ഡെയ്ലി ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായയ്ക്കു നൽകി പ്രകാശനം ചെയ്തു. അക്കാദമി ജേണൽ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പിന്റെ പ്രകാശനം ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി നിർവഹിച്ചു.

ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകൾ പരിചയപ്പെടുത്തി. അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനെത്തുടർന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിച്ചു. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാൻ ചലച്ചിത്രമേളയിൽ ഔദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ജേതാവും കർണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാൽ നയിക്കുന്ന സ്ത്രീ താൽ തരംഗിന്റെ 'ലയരാഗ സമർപ്പണം' എന്ന സംഗീതപരിപാടിയും അരങ്ങേറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.