Sections

ഡീമാറ്റ് അക്കൗണ്ടുകളുടെ ഉപയോഗമെന്ത്...?

Tuesday, Sep 28, 2021
Reported By Admin
demat account

ഡിമാറ്റ് അക്കൗണ്ടുകൊണ്ടുള്ള ഉപയോഗങ്ങള്‍

 

നേരിട്ട് ഇക്വിറ്റി ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഒട്ടേറെ പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമുള്ള ദീര്‍ഘമേറിയ ഒരു പ്രക്രിയ തന്നെയാണ്. അത് മാത്രമല്ല പലപ്പോഴും വ്യാജ ഓഹരികള്‍ നമ്മുടെ കൈയ്യിലെത്തുവാനും ഇത് കാരണമാകുന്നു. ഓഹരി വാങ്ങിക്കുന്ന പ്രക്രിയ എളുപ്പമാക്കുവാനും കൃത്യതയോടെ അവ ഇലക്ട്രോണിക് രീതിയില്‍ ചെയ്യുന്നതിനുമായി നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

എന്താണ് ഡീമെറ്റീരിയലൈസേഷന്‍ അക്കൗണ്ട് അഥവാ ഡീമാറ്റ് അക്കൗണ്ട്? ഇലക്ട്രോണിക് രൂപത്തില്‍ ഇക്വിറ്റി അല്ലെങ്കില്‍ ഡെബ്റ്റ് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റികള്‍ കൈയ്യില്‍ വയ്ക്കുന്നതിനുള്ള അക്കൗണ്ടിനെയാണ് ഡീമാറ്റ് അക്കൗണ്ട് എന്ന് പറയുന്നത്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് എന്നീ രണ്ട് ഡെപ്പോസിറ്ററി ഓര്‍ഗനൈസേഷനുകളാണ് ഇന്ത്യയില്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.


ബാങ്ക് പോലുള്ള ഒരു ഡെപ്പോസിറ്ററി പാര്‍ടിസിപ്പന്റ് നിക്ഷേപകന്റെയും ഡെപ്പോസിറ്ററിയുടേയും മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നതിനായി ഒരു ഇന്റര്‍നെറ്റ് പാസ്വേഡും ഒരു ട്രാന്‍സാക്ഷന്‍ പാസ്വേഡും ആവശ്യമാണ്. ഇടപാടുകള്‍ കണ്‍ഫേം ചെയ്ത് പൂര്‍ത്തിയാക്കിയാല്‍ സ്വയമേവ ഡീമെറ്റീരിയലൈസ്ഡ് അക്കൗണ്ടുകളില്‍ സെക്യൂരിറ്റികള്‍ കൈമാറ്റം ചെയ്യുവാനും വാങ്ങിക്കുവാനും സാധിക്കും.

ഓഹരികള്‍ സുരക്ഷിതമായി വാങ്ങിക്കുവാനും സൂക്ഷിക്കുവാനും ഡീമാറ്റ് അക്കൗണ്ട് ഉള്ളത് വഴി സാധിക്കും. നിങ്ങള്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതില്‍ പണം സൂക്ഷിക്കുകയും ബാങ്ക് പാസ് ബുക്കില്‍ ക്രെഡിറ്റ്, ഡെബിറ്റ് ബാലന്‍സ് സൂക്ഷിക്കുകയും ചെയ്യുന്നതിന് സമാനമാണിത്. ഇവിടെ നിങ്ങള്‍ ഓഹരികള്‍ വാങ്ങിക്കുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ അതു പ്രകാരം ഡീമാറ്റ് അക്കൗണ്ടില്‍ ഡെബിറ്റ്, ക്രെഡിറ്റ് ചേര്‍ക്കപ്പെടും. ഇക്വിറ്റി ഷെയറുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ തുടങ്ങിയ പല നിക്ഷേപങ്ങള്‍ കൈവശം വയ്ക്കുവാന്‍ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാം.


ഒരു നിക്ഷേപകന്റെ കൈവശമുള്ള ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിനായി ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നു. ഓഹരികള്‍ വ്യാപാരം ചെയ്യുന്നതിനായി ഡെലിവറി ഇന്‍സ്ട്രക്ഷന്‍ സ്ലിപ്പ് (ഡിഐഎസ്) ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഇടപാടുകള്‍ പ്രയാസങ്ങളില്ലാതെ എളുപ്പം പൂര്‍ത്തിയാക്കുന്നതിനായി ആവശ്യമായ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ഈ സ്ലിപ്പില്‍ നല്‍കാവുന്നതാണ്.നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള സെക്യൂരിറ്റികള്‍ ബാങ്കില്‍ നിന്നും പല തരത്തിലുള്ള വായ്പകള്‍ ലഭ്യമാക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു. ബാങ്കില്‍ നിന്നും വായ്പകള്‍ സ്വന്തമാക്കുന്നതിനായി നിങ്ങള്‍ക്ക് ഈ സെക്യൂരിറ്റികള്‍ ഈടായി സമര്‍പ്പിക്കാവുന്നതാണ്. അവയുടെ ഈടിന്മേല്‍ ബാങ്ക് വായ്പ അനുവദിക്കും.


നിങ്ങള്‍ക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ സെക്യൂരിറ്റികള്‍ പല രീതിയിലേക്ക് മാറ്റുന്നത് ഏറെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. ഡീമെറ്റീരിയലൈസേഷന്‍ അഥവാ ഫിസിക്കല്‍ രൂപത്തിലുള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റുന്നതിനായി നിങ്ങളുടെ ഡെപ്പോസിറ്ററി പാര്‍ടിസിപ്പന്റ് (ഡിപി)ന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാവുന്നതാണ്. ഇനി ആവശ്യത്തിനനുസരിച്ച് ഇലക്ട്രോണിക് സെക്യൂരിറ്റികള്‍ വീണ്ടും ഫിസിക്കല്‍ രൂപത്തിലേക്കും ഇതേ രീതിയില്‍ മാറ്റാവുന്നതാണ്.


സെക്യൂരിറ്റികളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട എല്ലാ നേട്ടങ്ങളും ആസ്വദിക്കുന്നതിനായി ഒരു ഡീമാറ്റ് അക്കൗണ്ട് ഉള്ളത് വഴി നിങ്ങള്‍ക്ക് സാധിക്കും. എപ്പോഴൊക്കെ ഒരു കമ്പനി അതിന്റെ നിക്ഷേപകര്‍ക്ക് ഡിവിഡന്റ്, ഇന്ററസ്റ്റ്, റീഫണ്ട് എന്നിവ നല്‍കുന്നുവോ അപ്പോഴൊക്കെ എല്ലാ ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്കും സ്വയമേവ ഈ നേട്ടങ്ങളെല്ലാം ലഭ്യമാകും. അതിന് പുറമേ ഇക്വിറ്റി ഓഹരികളുമായി ബന്ധപ്പെട്ടുള്ള കോര്‍പ്പറേറ്റ് ആക്ഷനുകളായ ഷെയര്‍ സ്പ്ലിറ്റുകള്‍, റൈറ്റ് ഷെയറുകള്‍ അല്ലെങ്കില്‍ ബോണസ് ഇഷ്യൂകള്‍ എന്നിവ ഓഹരി ഉടമകളുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യും.

ഇലക്ട്രോണിക് രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ എന്നതുകൊണ്ടു തന്നെ ഡീമാറ്റ് അക്കൗണ്ട് മള്‍ട്ടിപ്പിള്‍ മീഡിയയിലൂടെ ഉപയോഗിക്കുവാനാകും. നിക്ഷേപം, വ്യാപാരം, വിശകലനം, മറ്റ് സെക്യൂരിറ്റി സംബന്ധമായ കാര്യങ്ങള്‍ എന്നിവ ഏതെങ്കിലും കമ്പ്യൂട്ടറോ, സ്മാര്‍ട് ഫോണോ, കൈവശമുള്ള മറ്റ് ഡിവൈസുകള്‍ മുഖേനയോ ഇന്റര്‍നെറ്റ് കണക്ഷന്റെ സഹായത്തോടെ ചെയ്യാവുന്നതാണ്.

ഡീമാറ്റ് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യാന്‍ നിക്ഷേപകരുടെ സൗകര്യ പ്രകാരം ഒരു നിശ്ചിത കാലയളവിലേക്ക് അവരുടെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുവാനുള്ള സൗകര്യം ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്കുണ്ട്. ഡീമാറ്റ് അക്കൗണ്ടില്‍ അപ്രതീക്ഷിതമായ ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകള്‍ ഒഴിവാക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഫ്രീസിംഗ് സൗകര്യം ലഭ്യമാകുന്നതിനായി അക്കൗണ്ട് ഉടമ അവരുടെ അക്കൗണ്ടില്‍ നിശ്ചിത അളവ് സെക്യൂരിറ്റികള്‍ നില നിര്‍ത്തേണ്ടതുണ്ട്. ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്കായി നിരവിധി സൗകര്യങ്ങള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലി. (എന്‍എസ്ഡിഎല്‍) വാഗ്ദാനം ചെയ്തുവരുന്നുണ്ട്. നേരിട്ട് ഇന്‍സ്ട്രക്ഷന്‍ സ്ലിപ്പ് സമര്‍പ്പിക്കുന്നതിന് പകരം അക്കൗണ്ട് ഉടമയ്ക്ക് അത് ഡെപ്പോസിറ്ററി പാര്‍ടിസിപ്പന്റിന് ഇലക്ട്രോണിക് രൂപത്തിലും നല്‍കാവുന്നതാണ്. ഇത് പ്രക്രിയ എളുപ്പവും ലഘുവുമാക്കുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.