Sections

എഐ- അധിഷ്ഠിത തത്സമയ ബഹുഭാഷാ വിവർത്തന സംവിധാനം - 'ഭാഷാ സേതു', വികസിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റിന്റെ സ്റ്റാർട്ടപ്പ് പ്രോത്സാഹന പ്ലാറ്റ്ഫോമായ വേവ്എക്സ്, സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു

Tuesday, Jul 01, 2025
Reported By Admin
WAVEX Startup Challenge 2025 Launched in India

  • 12 ഇന്ത്യൻ ഭാഷകളിലായി വിവർത്തനം, ലിപ്യന്തരണം, വോയ്സ് ടെക് സംവിധാനം വികസിപ്പിക്കുന്നതിനുള്ള മത്സരമായ' ഭാഷാ സേതു' വിൽ പങ്കെടുക്കുന്നതിന് യോഗ്യതാ മാനദണ്ഡങ്ങളില്ല
  • പ്രോട്ടോടൈപ്പ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 22

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻനിര സ്റ്റാർട്ടപ്പ് പ്രോത്സാഹന പദ്ധതിയായ വേവ്എക്സിന് കീഴിൽ 'WAVEX സ്റ്റാർട്ടപ്പ് ചലഞ്ച് 2025' ആരംഭിച്ചു. ഇതിന്റെ ഭാഗമായി എഐ- അധിഷ്ഠിത ബഹുഭാഷാ വിവർത്തന സംവിധാനം വികസിപ്പിക്കുന്നതിനായി ദേശീയ ഹാക്കത്തോണിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു.

'ഭാഷാ സേതു - ഭാരതത്തിനായുള്ള തൽസമയ ഭാഷാ സാങ്കേതിക വിദ്യ ' എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം, കുറഞ്ഞത് 12 പ്രധാന ഇന്ത്യൻ ഭാഷകളിൽ തത്സമയ വിവർത്തനം, ലിപ്യന്തരണം, വോയ്സ് ലോക്കലൈസേഷൻ എന്നിവ സാധ്യമാകുന്ന നൂതന നിർമ്മിത ബുദ്ധി അധിഷ്ഠിത സംവിധാനം വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും, പ്രവേശനക്ഷമതയുള്ളതും വികാര- അവബോധമുള്ളതുമായ ആശയവിനിമയ സാങ്കേതികവിദ്യകൾ വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

വിപുലമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കത്തിൽ, ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതാ മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. വികസനത്തിന്റെ ഏത് ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും അപേക്ഷിക്കാൻ കഴിയും. ഓപ്പൺ സോഴ്സ് അല്ലെങ്കിൽ കുറഞ്ഞ ചെലവിലുള്ള എ ഐ മാതൃകകൾ ഉപയോഗിച്ച് വിപുലീകരിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ സംവിധാനം സൃഷ്ടിക്കാൻ ഇത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ താങ്ങാനാവുന്നതും വിപുലമായ രീതിയിൽ പ്രായോഗികവുമാണെങ്കിൽ കമ്പനികൾക്ക് അവരുടെ നിലവിലുള്ള ഇത്തരം സംവിധാനങ്ങളും നിർദ്ദേശിക്കാവുന്നതാണ്.

വിജയിക്കുന്ന സ്റ്റാർട്ടപ്പിന് വേവ്എക്സ് ആക്സിലറേറ്റർ പദ്ധതിയ്ക്ക് കീഴിൽ ഇൻകുബേഷൻ പിന്തുണ നൽകും. അന്തിമ ഉൽപ്പന്നം പൂർത്തിയാക്കി പ്രാവർത്തികമാക്കുന്നത് വരെ ആവശ്യമായ വിദഗ്ധ മാർഗ്ഗ നിർദ്ദേശങ്ങൾ,തൊഴിലിടം, മറ്റു സഹായങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. രജിസ്ട്രേഷനുകൾ ഇന്ന്, (ജൂൺ 30, 2025) മുതൽ ആരംഭിക്കുന്നു. പ്രോട്ടോടൈപ്പുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 22 ആണ്. താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് https://wavex.wavesbazaar.com എന്ന ഔദ്യോഗിക വേവ്എക്സ് പോർട്ടൽ വഴി അപേക്ഷിക്കാം.

വേവ്എക്സിനെ (WaveX) ക്കുറിച്ച്:

മാധ്യമം, വിനോദം, ഭാഷാ സാങ്കേതിക മേഖലകളിൽ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വേവ്സ് സംരംഭത്തിന് കീഴിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് പ്രോത്സാഹന പ്ലാറ്റ്ഫോമാണ് WaveX. 2025 മെയ് മാസത്തിൽ മുംബൈയിൽ നടന്ന വേവ്സ് ഉച്ചകോടിയിൽ, ഗവൺമെന്റ് ഏജൻസികൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവരുമായി നേരിട്ട് ഇടപഴകാൻ കഴിയുന്ന തരത്തിൽ 30-ലധികം സ്റ്റാർട്ടപ്പുകൾക്ക് WaveX പിച്ചിംഗ് അവസരങ്ങൾ നൽകി. പ്രത്യേക ഹാക്കത്തോണുകൾ, ഇൻകുബേഷൻ, വിദഗ്ധോപദേശം, ദേശീയ പ്ലാറ്റ്ഫോമുകളുമായുള്ള സംയോജനം എന്നിവയിലൂടെ വേവ്എക്സ് മികവുറ്റ നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്നത് തുടരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.