- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് പുനർഘടനയുടെ ഭാഗമായി വേദാന്ത ഗ്രൂപ്പിലെ പുതുതായി രൂപീകരിച്ച നാല് സ്വതന്ത്ര കമ്പനികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു. അലുമിനിയം, എണ്ണ-പ്രകൃതിവാതകം, ഇരുമ്പ്-ഉരുക്ക്, ഊർജ്ജം എന്നീ മേഖലകളിലെ കമ്പനികളാണ് ഒറ്റ ചടങ്ങിൽ ലിസ്റ്റ് ചെയ്തത്. മാതൃസ്ഥാപനമായ വേദാന്ത ലിമിറ്റഡിനൊപ്പം വേദാന്ത അലുമിനിയം, വേദാന്ത ഓയിൽ & ഗ്യാസ്, വേദാന്ത അയൺ & സ്റ്റീൽ, വേദാന്ത പവർ എന്നീ നാല് പുതിയ കമ്പനികളാണ് ഇന്ന് ട്രേഡിംഗ് ആരംഭിച്ചത്.
ഇതൊരു ചരിത്ര ദിനമാണെന്ന് ലിസ്റ്റിംഗ് ചടങ്ങിൽ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 300 ശതമാനത്തിലധികം ഷെയർഹോൾഡർ റിട്ടേണാണ് കമ്പനി നിക്ഷേപകർക്ക് നൽകിയതെന്നും, രാജ്യം ഇന്ന് ധാതുക്കളുടെയും ഊർജ്ജത്തിൻറെയും 50 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും ഭാവിയിൽ ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വേദാന്ത അലുമിനിയം രാജ്യത്തെ ഏറ്റവും വലിയ അലുമിനിയം ഉൽപ്പാദകരും ചൈനയ്ക്ക് പുറത്ത് ആഗോളതലത്തിൽ മൂന്നാമത്തെ വലിയ കമ്പനിയുമാണിത്. ഒഡീഷയിലെ ഝാർസുഗുഡയിലാണ് ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം സ്മെൽറ്റർ പ്രവർത്തിക്കുന്നത്. നിലവിൽ 30 ലക്ഷം ടൺ ഉൽപ്പാദന ശേഷിയുള്ള കമ്പനി, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് 60 ലക്ഷം ടണ്ണായി ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു.
വേദാന്ത ഓയിൽ ആൻഡ് ഗ്യാസ് രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക ഉൽപ്പാദകരാണ്. പൂർണ്ണമായും കടരഹിതമായ ബാലൻസ് ഷീറ്റോടെയാണ് കമ്പനി പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. പ്രതിദിനം 500,000 ബാരൽ ഉൽപ്പാദനം ലക്ഷ്യമിട്ട് അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ ഏകദേശം 5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന വേദാന്ത അയൺ & സ്റ്റീൽ കടരഹിതമായാണ് പുതിയ ഘട്ടം ആരംഭിക്കുന്നത്. നിലവിൽ പ്രതിവർഷം 4 ദശലക്ഷം ടൺ സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന കമ്പനി, ഇത് 15 ദശലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിടുന്നു. കമ്പനിക്ക് ഏകദേശം 4 ബില്യൺ ടൺ ഇരുമ്പയിര് നിക്ഷേപം സ്വന്തമായുണ്ട്.
4.2 ജിഡബ്ല്യു പ്രവർത്തന ശേഷിയുള്ള ഇന്ത്യയിലെ അഞ്ചാമത്തെ വലിയ താപവൈദ്യുത ഉൽപ്പാദകരാണ് വേദാന്ത പവർ. ഈ ശേഷി ഭാവിയിൽ 20 ജിഡബ്ല്യു ആയി ഉയർത്താൻ കമ്പനിക്ക് വ്യക്തമായ പദ്ധതിയുണ്ട്. രാജ്യത്തെ ഊർജ്ജ പരിവർത്തനത്തിൻറെ ഭാഗമായി ആണവോർജ്ജ മേഖലയിലെ സാധ്യതകളും കമ്പനി വിലയിരുത്തുന്നുണ്ട്.
പുതിയ കമ്പനികൾക്കൊപ്പം ഗ്രൂപ്പിൻറെ മുൻനിര കമ്പനിയായ വേദാന്ത ലിമിറ്റഡ് അതിൻറെ പ്രവർത്തനം തുടരും. ലോകത്തിലെ ഏറ്റവും വലിയ സംയോജിത സിങ്ക് ഉൽപ്പാദകരും മൂന്നാമത്തെ വലിയ വെള്ളി ഉൽപ്പാദകരുമായ ഹിന്ദുസ്ഥാൻ സിങ്ക് ഈ കമ്പനിയുടെ ഭാഗമാണ്. ഇതിന് പുറമെ രാജ്യത്തെ നിക്കൽ ഉൽപ്പാദിപ്പിക്കുന്ന ഏക കമ്പനിയായ വേദാന്ത, നിക്കൽ ഉൽപ്പാദനം പ്രതിവർഷം 60,000 ടണ്ണായി ഉയർത്താനും ലക്ഷ്യമിടുന്നു. കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനായി 1.5 ദശലക്ഷം ടൺ ശേഷിയുള്ള വളം നിർമ്മാണ പ്ലാൻറും ഹിന്ദുസ്ഥാൻ സിങ്ക് വികസിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.