Sections

കേരളത്തിലെ കർഷകർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തും

Wednesday, Jun 21, 2023
Reported By admin
farmers

ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉത്പന്നങ്ങൾ വാങ്ങാനും ഇക്കോഷോപ്പിലൂടെ സാധിക്കും


സംസ്ഥാനത്തെ കർഷകർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഓൺലൈൻ ഇക്കോഷോപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഓൺലൈൻ വിൽപന നടത്തുന്നതിനാണ് ഇക്കോഷോപ്പ് ആരംഭിച്ചത്. വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചത്. നിലവിൽ 23,000 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കല്ലിയൂരെന്ന് മന്ത്രി അറിയിച്ചു.

കാർഷിക ഉത്പന്നങ്ങൾ ആകർഷകമായ രീതിയിൽ പാക്ക് ചെയ്യുന്നതിന് കല്ലിയൂരിലെ കർഷകർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ വിദഗ്ധ പരിശീലനം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇക്കോഷോപ്പിൽ സംഭരിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാർഷിക ഉത്പന്നങ്ങളും കല്ലിയൂർ ഗ്രീൻസ് എന്ന പേരിൽ ബ്രാൻഡ് ചെയ്താണ് വിപണിയിൽ എത്തിക്കുന്നത്. പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള 176 കൃഷിക്കൂട്ടങ്ങൾക്ക് മികച്ച വിപണി ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉത്പന്നങ്ങൾ വാങ്ങാനും ഇക്കോഷോപ്പിലൂടെ സാധിക്കും.

തദ്ദേശീയമായി നിർമിക്കുന്ന മഞ്ഞൾപ്പൊടി, നാടൻ കുത്തരി, പച്ചരി, വയനാടൻ സ്റ്റൈലിൽ ഉത്പാദിപ്പിച്ച നെന്മേനി, ചിറ്റുണ്ടി, കെട്ടിനാട്ടി അരി, വിവിധ അരിയുത്പന്നങ്ങൾ, ചക്കയിൽ നിന്നുണ്ടാക്കിയ 10 മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, വിവിധ തരം അച്ചാറുകൾ, ചമ്മന്തിപ്പൊടി, മുളപ്പിച്ച പച്ചക്കറികൾ തുടങ്ങിയ 40ഓളം സാധനങ്ങളാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. അവിയൽ, തോരൻ, സാമ്പാർ തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറാക്കിയ കട്ട് വെജിറ്റബിളിനും ആവശ്യക്കാർ ഏറെയാണ്.

പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പ് വഴിയോ ഇക്കോഷോപ്പിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തോ ഷോപ്പിംഗ് നടത്താം. ഇതിനുപുറമെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ഓർഡറുകൾ നൽകാം. നഗരത്തിലെ 25 കിലോമീറ്റർ പരിധിയിൽ ഹോം ഡെലിവറി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടി ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കും.

കല്ലിയൂർ ഗ്രീൻസ് ലോഗോയുടെ പ്രകാശനവും കൃഷിക്കൂട്ടങ്ങൾക്കൊരു കൈത്താങ്ങ് സംയുക്ത പദ്ധതി, കൃഷിക്കൂട്ടങ്ങൾക്ക് നെയിംബോർഡ് സ്ഥാപിക്കൽ, പ്രകൃതി സൗഹൃദ കൃഷിയിട പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനവും മികച്ച പ്രകടനം കാഴ്ചവച്ച കർഷക കൂട്ടങ്ങൾ, മുതിർന്ന കർഷകർ എന്നിവരെ ആദരിക്കൽ ചടങ്ങും നടന്നു. എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ , വൈസ് പ്രസിഡന്റ് വി. സരിത, ത്രിതല പഞ്ചായത്തംഗങ്ങൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. അനിൽ കുമാർ, കല്ലിയൂർ കൃഷി ഓഫീസർ സി. സ്വപ്ന, കർഷകർ, രാഷ്ട്രീയ - സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.