Sections

കൃഷിയിൽ നേട്ടവുമായി ട്രാൻസ് വുമൺ ശ്രാവന്തിക; വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Thursday, Sep 14, 2023
Reported By Admin
Trans Women Farmer

ആലപ്പുഴ: ട്രാൻസ്ജെൻസർ വിഭാഗക്കാർക്കായി സാമൂഹ്യസമഗ്രപദ്ധതി നടപ്പിലാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി. ട്രാൻസ് വുമൺ ശ്രാവന്തികയുടെ കാർഷികവിളവെടുപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ആലപ്പുഴ ജില്ലയിലെ ട്രാൻസ്ജെൻഡർമാരുടെ സാമൂഹികവും സാമ്പത്തികവുമായ പദവി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാകും പദ്ധതി നടപ്പിലാക്കുക. ഇതിനായി ഈ വിഭാഗത്തിലെ എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും നൽകുന്നതിന് പ്രഥമ പരിഗണന നൽകും. തുടർച്ചയായ കൗൺസിലിംഗ്, മോട്ടിവേഷൻ ക്ലാസുകൾ, തൊഴിൽ പരിശീലനം എന്നിവയും നൽകും. ഇത്തരത്തിൽ ഘട്ടംഘട്ടമായി അവരുടെ സാമൂഹിക പദവി ഉയർത്താനും പൊതുസമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും മുൻഗണന നൽകി പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.

മുളക്കുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന ശ്രാവന്തികയ്ക്ക് സ്വന്തമായി വീടും സ്ഥലവുമില്ല. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ പള്ളിക്കാരാണ് താല്ക്കാലികമായി താമസിക്കാൻ വീടും സ്ഥലവും നൽകിയത്. കാട് കയറികിടന്നിരുന്ന സ്ഥലം ശ്രാവന്തികയും ഭർത്താവും അച്ഛനും ചേർന്ന് വാസയോഗ്യമാക്കിയാണ് കൃഷി ആരംഭിച്ചത്. കപ്പ, കാച്ചിൽ, ചേന, ചേമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കോഴി, താറാവ്, കരിങ്കോഴി എന്നിവയുമുണ്ട്. മീൻ വളർത്താൻ മീൻകുളവും തയ്യാറാക്കിയിട്ടുണ്ട്. രണ്ടേമുക്കാൽ ഏക്കർ സ്ഥലത്താണ് കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നത്. കാർഷിക പ്രവർത്തനത്തിന്റെ ഭാഗമായ ഫാം തുടങ്ങുന്നതിനും മത്സ്യകൃഷിയ്ക്കും ശ്രാവന്തികയെ ആലപ്പുഴ ജില്ലാപഞ്ചായത്ത് സഹായിക്കും. ഒപ്പം ട്രാൻസ്വുമൺ ശിഖയുടെ ഡാൻസ് പരിശീലനകേന്ദ്രവും പ്രസിഡന്റ് സന്ദർശിച്ച് ആവശ്യമായ സഹായം നല്കുമെന്ന് ഉറപ്പു നൽകി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, അംഗങ്ങളായ ഹേമലത, ആർ. റിയാസ്, ഗ്രാമപഞ്ചായത്ത് അംഗം, സാമൂഹ്യനീതി ജില്ലാ ഓഫീസർ എ.ഒ. അബീൻ, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് അനിൽ
ജി. രാജമ്മ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.