- Trending Now:
പശു ഫാം തുടങ്ങി വിജയകരമായി മുന്നോട്ട് പോകുന്നവരും അതിന്റെ ഇരട്ടി നഷ്ടത്തിലായി പരാജയപ്പെട്ട് അടച്ചു പൂട്ടി പോകേണ്ട അവസ്ഥ വന്നവരും ഉണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫാം നഷ്ടത്തില്‍ ആവാതെ വിജകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും. ആദ്യം തന്നെ പറയട്ടെ, ഇപ്പോഴത്തെ കാലത്ത് പലരും ഫാം തുടങ്ങുന്നത് വിജയകരമായി ഫാം നടത്തുന്നവരുടെ കഥകള്‍ കേട്ടിട്ടും കണ്ടിട്ടുമാണ്. പല പ്രവാസികളും നാട്ടില്‍ തിരിച്ചെത്തിയിട്ട് ഫാം തുടങ്ങാന്‍ കാരണം യൂട്യൂബ് വീഡിയോസ് ആണെന്ന് പറയാം. വിഡിയോയില്‍ ഒരു കര്‍ഷകന്‍ അയാളുടെ വിജയ കഥ പറയുമ്പോള്‍ എന്ത് കൊണ്ട് എനിക്ക് ഇങ്ങനെ ചെയ്തുകൂടാ എന്ന് ചിന്തിക്കുന്നത് തെറ്റല്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പായും നിങ്ങളുടെ സാഹചര്യവും സ്ഥലവും എല്ലാം പരിഗണിച്ച ശേഷമേ ഇറങ്ങി തിരിക്കാവുള്ളൂ. കാരണം ഒരു പശു ഫാം തുടങ്ങാന്‍ എന്താണ് ഏറ്റവും ആവശ്യം എന്ന് ചോദിച്ചാല്‍ പലരും പറയും പണം വേണം, സ്ഥലം വേണം, നല്ല ഇനം പശുക്കള്‍ വേണം എന്നൊക്കെ.
എന്നാല്‍ ഇതിനെല്ലാം ഉപരിയായി വേണ്ടത് നിങ്ങള്‍ ഫാം തുടങ്ങാന്‍ പോകുന്ന സ്ഥലത്തിന് സമീപത്തുള്ള നാട്ടുകാരുടെ സഹകരണമാണ്. നാട്ടുകാരുടെ മാത്രമല്ല വിവിധ വകുപ്പിലുള്ള ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണ്. നല്ലയിനം പശുക്കളും, പണിക്കാരും, പണവും ഒക്കെ ഉണ്ടെങ്കിലും നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ഇല്ലെങ്കില്‍ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാന്‍ മാനസികമായും ശാരീരികമായും ഒരാള്‍ പ്രയാസപ്പെടും. അത്‌കൊണ്ട് തന്നെ ഒരു ഡയറി ഫാം വന്നാല്‍ നാട്ടില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, പ്രധാനമായും ശുദ്ധമായ പാല്‍ ലഭിക്കുമെന്നും പല രീതിയിലുള്ള തൊഴില്‍ സാധ്യതകള്‍ ഉണ്ടെന്നുമുള്ള വസ്തുത നാട്ടുകാര്‍ക്ക് ബോധ്യപ്പെടുത്താന്‍ കഴിയണം.
പശുവിനും ഫാറ്റി ലിവര്‍ വരുമോ? കര്‍ഷര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക... Read More
കേരളത്തില്‍ എന്ത് വേണമെങ്കിലും നിര്‍മിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ അത് മാര്‍ക്കറ്റ് ചെയ്യാനാണ് പ്രയാസം. കൃത്യമായി മാര്‍ക്കറ്റ് ചെയ്തില്ലെങ്കില്‍ ഉത്പന്നം പരാജയപ്പെടാന്‍ സാധ്യതയുണ്ട്. പരമ്പരാഗതമായി പാല്‍ വില്‍ക്കാന്‍ കര്‍ഷകര്‍ സ്വീകരിക്കുന്ന മാര്‍ഗം എന്നത് സൊസൈറ്റിയില്‍ കൊടുക്കുക എന്നതാണ്. പാലിന്റെ ഗുണമേന്മ അനുസരിച്ച് 36 രൂപ തൊട്ട് 40 രൂപ വരെ ലഭിക്കും. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ചെലവുകളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഇത് തീരെ കുറവാണ്. അത് കൊണ്ട് തന്നെ പാല്‍ കൂടിയ വിലയ്ക്ക് വില്‍ക്കാനുള്ള വഴികള്‍ പ്രാദേശികമായി തന്നെ തേടണം. ഫാം ഫ്രഷ് പാലിന് പട്ടണ പ്രദേശങ്ങളിലും ഹോട്ടലുകളിലും നല്ല ഡിമാന്‍ഡ് ഉണ്ട്. തിരുവനന്തപുരം നഗരത്തില്‍ ഫാം ഫ്രഷ് പാല്‍ ലിറ്ററിന് 70 രൂപയ്ക്ക് വില്‍ക്കുന്ന കര്‍ഷകര്‍ ഉണ്ട്. കൂടാതെ പാല്‍ കൊണ്ടുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ തേടണം.
ആവശ്യത്തിനുള്ള ജോലിക്കാരെ മാത്രമേ നിയമിക്കാവൂ. അധ്വാനിക്കാനുള്ള മനസ് നമ്മള്‍ക്ക് കൂടി ഉണ്ടെങ്കിലേ നമ്മുടെ പ്രസ്ഥാനം വിജയകരമായി മുന്നോട്ട് പോവുകയുള്ളൂ. എല്ലാ ജോലിയും ചെറിയ രീതിയിലെങ്കിലും ചെയ്യാന്‍ അറിയുക. കറവ ഉറപ്പായും പഠിച്ചിരിക്കുക. കാരണം ഒരു ദിവസം എന്തെങ്കിലും കാരണം കൊണ്ട് കറവക്കാരന്‍ വന്നില്ലെങ്കില്‍ അല്ലെങ്കില്‍ പശുവിനെ കറക്കാന്‍ സാധിച്ചില്ലെങ്കില്‍ അകിട് വീക്കം വരികയും അത് പശുവിന്റെ ജീവന് വരെ ഹാനിയായേക്കാം.ഓര്‍ക്കുക, മറ്റേത് ജോലിയിലും ഒരു ദിവസം എങ്കിലും അവധിയെടുക്കാന്‍ സാധിക്കും, എന്നാല്‍ പശു ഫാം അല്ലെങ്കില്‍ പശു വളര്‍ത്തല്‍ അങ്ങനെയല്ല.
പാല്‍ വില്പനയില്‍ മാത്രം ആശ്രയിച്ചു ജീവിക്കാതെ ഫാമില്‍ നിന്ന് മറ്റ് വരുമാനം കൂടി കണ്ടെത്താന്‍ ശ്രമിക്കുക. പശുവിന്റെ ചാണകം മൂത്രം എന്നിവ വളമാക്കി മാറ്റി വില്പന നടത്തുക. കൂടാതെ അവ ബിയോഗ്യാസാക്കി വീട്ടിലെ അല്ലെങ്കില്‍ ഫാമിലെ ആവശ്യത്തിന് ഉപയോഗിക്കുക. കൂടാതെ ഫാമില്‍ സ്ഥലം ഉണ്ടെങ്കില്‍ ആടുകള്‍ അല്ലെങ്കില്‍ കോഴി, താറാവ് എന്നിവയെ വളര്‍ത്താന്‍ ശ്രമിക്കുക. തീറ്റപ്പുല്ല് വളര്‍ത്തിയാല്‍ ആ ഇനത്തില്‍ നല്ലൊരു തുക ലാഭിക്കാന്‍ കഴിയും.
പശുവിന് ആവശ്യത്തിനുള്ള തീറ്റ മാത്രം കൊടുക്കുക. അവയുടെ ശരീരത്തിന്റെ ഭാരം, കിട്ടുന്ന പാലിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം കാലിത്തീറ്റയും പുല്ലും നല്‍കേണ്ടത്. പശു നല്ല കൊഴുത്തു വരട്ടെ എന്ന് കരുതി അമിതമായി ഭക്ഷണം നല്‍കിയാല്‍ അത് പശുവിന്റെ ആരോഗ്യത്തിനും നിങ്ങളുടെ വരുമാനത്തിനും ദോഷം ചെയ്യും, ഓര്‍ക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.