Sections

'ഇന്റർവൽ' സ്റ്റാർട്ടപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനം മുഖ്യമന്ത്രി

Thursday, Nov 30, 2023
Reported By Admin
Interval Startup Company

ഫിൻലാൻഡിലെ ടാലൻറ് ബൂസ്റ്റ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഇന്റർവൽ' എന്ന എഡ് ടെക് സ്റ്റാർട്ട് അപ്പ് കമ്പനിയുടെ നേട്ടം കേരളത്തിനാകെ അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് ഇൻറർവെൽ. ഇന്ന് ചേർന്ന പ്രഭാത യോഗത്തിൽ ഇൻറർവൽ കമ്പനിയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാർട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാർത്ഥികൾക്കാണ് ഇന്റർവെൽ വിദ്യാഭ്യാസസാങ്കേതിക സേവനം നൽകുന്നത്. രാജ്യത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്രധനകാര്യ മന്ത്രിക്കും എടുത്തു പറയേണ്ടി വന്നു. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാൻ നിർബന്ധിതരാക്കുന്നതിൻറെ പേരുകൂടിയാണ് കേരള മോഡലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2022 ഒക്ടോബറിൽ കേരള സംഘം ഫിൻലാൻഡ് സന്ദർശിച്ചിരുന്നു. കേരളവും ഫിൻലാൻഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിൻലാഡുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു അന്നത്തെ സന്ദർശനം. വയോജനങ്ങളുടെ സംഖ്യ വർധിച്ചുവരുന്ന ഒരു ഏയ്ജിങ് സൊസൈറ്റിയാണ് ഫിൻലാൻഡ്. പ്രായം കുറഞ്ഞവരുടെ സംഖ്യ കുറഞ്ഞ അവിടെ നൈപുണ്യമുള്ളവരുടെ അപര്യാപ്തത സ്വാഭാവികമായും ഉണ്ട്. ഈ 'സ്കിൽ ഷോർട്ടേജ്' നികത്താനാണ് ഫിന്നിഷ് ഗവണ്മെൻറ് 'ടാലൻറ് ബൂസ്റ്റ് പ്രോഗ്രാം' എന്ന വിപുലമായ പദ്ധതി ആസൂത്രണം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കഴിവുള്ള യുവാക്കളെ ഫിൻലാൻഡിലേക്ക് ക്ഷണിക്കാനാണ് അവർ തീരുമാനിച്ചത്. അവരുടെ പ്രധാന ടാർഗറ്റ് രാജ്യം ഇന്ത്യയായിരുന്നു. ഇന്ത്യയിൽ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാൻ ആദ്യമായി ഒരു സംഘത്തെ ഫിൻലാൻഡിലേക്ക് അയച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

4800 സ്റ്റാർട്ടപ്പുകൾ, 64 ഇൻകുബേറ്ററുകൾ, 450 ഇന്നൊവേഷൻ കേന്ദ്രങ്ങൾ, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു. ലോകോത്തര സാങ്കേതിക വിദ്യകൾക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാർഗനിർദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ൽ കൊച്ചിയിൽ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയം യാഥാർഥ്യമാക്കി. കേരളത്തെ നവ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എമേർജിങ് ടെക്നോളജി ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. 4,800ൽ പരം സ്റ്റാർട്ടപ്പുകൾ വഴി 50,000 തൊഴിലുകളാണ് സൃഷ്ടിച്ചത്.

2021-22ൽ ലോകത്തിലെ ഒന്നാം നമ്പർ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗിൽ തുടർച്ചയായി ബെസ്റ്റ് പെർഫോർമർ പുരസ്കാരം ലഭിച്ചു. ഡിപിഐഎടിയുടെ റാങ്കിങ്ങിൽ 2018, 2019, 2020 എന്നീ വർഷങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. സാമൂഹിക ഉന്നമനത്തിൽ സ്റ്റാർട്ടപ്പ് മിഷൻറെ പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യിൽ പണമുള്ളവർക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല. അതിന് കഠിനാധ്വാനവും ഉൾക്കാഴ്ചയുമാണ് വേണ്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.