Sections

ടെക്സ്റ്റയിൽ മില്ലുകൾക്ക് 10.50 കോടി രൂപ അനുവദിച്ചു

Tuesday, Aug 15, 2023
Reported By Admin
Textile Mills

5 സ്പിന്നിങ് മില്ലുകൾ ഉടൻ തുറക്കും


വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചതായും ഇതോടെ സംസ്ഥാനത്ത് അടച്ചിട്ടിരുന്ന 5 ടെക്സ്റ്റൈൽ മില്ലുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

ടെക്സ്റ്റയിൽ കോർപ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മിൽസ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്സ്റ്റൈൽസ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്റ്റയിൽസ് എന്നിവയും തൃശൂർ ജില്ലയിലെ സീതാറാം ടെക്സ്റ്റയിൽസ് സഹകരണ മേഖലയിൽ ടെക്സ്ഫെഡിന് കീഴിലുള്ള തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലുമാണ് വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള മറ്റു മില്ലുകളുടെ തുടർപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയുമെന്നും മന്ത്രി അറിയിച്ചു.

മിൽ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുവാനാണ് മില്ലുകൾക്ക് ആദ്യഘട്ട പ്രവർത്തനമൂലധനമായി 10.50 കോടി രൂപ അനുവദിച്ചത്. ഓണത്തിന് മുമ്പ് മില്ലുകളുടെ പ്രവർത്തനം പുനരാരംഭിക്കും. താരതമ്യേന നവീകരണം നടന്നിട്ടില്ലാത്ത മില്ലുകൾ മാസ്റ്റർ പ്ലാൻ വഴി ഘട്ടം ഘട്ടമായി നവീകരിക്കും. വിപണിയിലെ പ്രതിസന്ധികൾ നേരിടുന്നതിന് മില്ലുകളെ സ്വയംപര്യാപ്തമാകും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തുമ്പോഴും സംസ്ഥാന ടെക്സ്റ്റൈൽ മേഖലയെ കേരള സർക്കാർ സംരക്ഷിക്കുകയാണെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യവും നൂലുല്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം വിപണിയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മില്ലുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. അസംസ്കൃതവസ്തുവിന്റെ വിലവർദ്ധനവും ഉയർന്ന വൈദുതിനിരക്കും ഉൽപ്പാദനച്ചിലവ് കൂടി. വിപണി മാന്ദ്യം മൂലം ഉൽപ്പന്നത്തിന് മികച്ച വില ലഭിക്കാത്തതും ഉൽപ്പാദനചിലവിനു ആനുപാതികമായി വിലവർധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിപണിനഷ്ടവും മില്ലുകളുടെ ധനസ്ഥിതി മോശമാക്കി. ഇത് മറികടക്കാൻ ഇപ്പോൾ അനുവദിച്ച സഹായധനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.