- Trending Now:
തിരുവനന്തപുരം: ഇൻറഗ്രേറ്റഡ് ഐടി മൈക്രോ-ടൗൺഷിപ്പ് പദ്ധതിയായ ക്വാഡിൽ ഉൾപ്പെടുത്തി ടെക്നോപാർക്ക് ഫേസ്-4 (ടെക്നോസിറ്റി, പള്ളിപ്പുറം) കാമ്പസിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഐടി ഓഫീസ് കെട്ടിടത്തിനായി കരാറുകാരിൽ നിന്ന് ടെക്നോപാർക്ക് താൽപ്പര്യപത്രം (ഇഒഐ) ക്ഷണിച്ചു. ഓഫീസിൻറെയും വാണിജ്യ സമുച്ചയത്തിൻറെയും നിർമ്മാണത്തിനും പ്രവർത്തനത്തിനും യോഗ്യതയുള്ള സഹ-ഡെവലപ്പർമാരിൽ നിന്നാണ് ഇഒഐ ക്ഷണിച്ചിട്ടുള്ളത്.
30 ഏക്കർ വിസ്തൃതിയുള്ള നോൺ-എസ്.ഇ.ഇസെഡ് ഇൻറഗ്രേറ്റഡ് ഐടി മൈക്രോ-ടൗൺഷിപ്പായി വിഭാവനം ചെയ്തിരിക്കുന്ന ക്വാഡ് രണ്ട് ഐടി ടവറുകൾ, ഒരു വാണിജ്യ സമുച്ചയം, ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്നതാണ്. രണ്ടാമത്തെ ഐടി കെട്ടിടത്തിൻറെയും വാണിജ്യ സമുച്ചയത്തിൻറെയും നിർമ്മാണത്തിനുള്ളതാണ് നിലവിലെ ഇഒഐ.
ഏകദേശം 800,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 4.50 ഏക്കറിൽ ഐടി കെട്ടിടം വികസിപ്പിക്കും. 7 എഫ്എആർ (ഫ്ളോർ ഏരിയ റേഷ്യോ) നിരക്കിൽ 1.35 ദശലക്ഷം ചതുരശ്ര അടി വരെ വികസിപ്പിക്കാൻ കഴിയും. 5.60 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ വാണിജ്യ സമുച്ചയം ഏകദേശം 900,000 ചതുരശ്ര അടി സ്ഥലം വാഗ്ദാനം ചെയ്യുന്നു. 7 എഫ്എആർ നിരക്കിൽ 1.7 ദശലക്ഷം ചതുരശ്ര അടി വരെ വികസിപ്പിക്കാൻ കഴിയും.
രണ്ടാമത്തെ ഐടി കെട്ടിടം ദീർഘകാലാടിസ്ഥാനത്തിൽ പാട്ടത്തിന് നൽകും. ഇത് സഹ-ഡെവലപ്പർമാർക്ക് ടെക്നോപാർക്ക് പോലെ പ്രധാനപ്പെട്ട ഐടി ആവാസവ്യവസ്ഥയിൽ പ്രവർത്തിക്കാനും ഐടി/ഐടിഇഎസ് കമ്പനികളെ ആകർഷിക്കാനും അവസരമൊരുക്കും. നിലവിൽ ഏകദേശം 125 കമ്പനികൾ ടെക്നോപാർക്കിൽ പ്രവർത്തിക്കാൻ സ്ഥലത്തിനായി കാത്തിരിക്കുന്നുണ്ട്.
500-ലധികം കമ്പനികൾ, 80,000-ത്തിലധികം ജീവനക്കാർ, 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐടി സ്ഥലം എന്നിവയുള്ള ടെക്നോപാർക്ക് ഭാവിക്ക് അനുയോജ്യമായ ഐടി ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നു.
സി പി കുക്രേജ & അസോസിയേറ്റ്സിൻറെ സമഗ്ര മാസ്റ്റർ പ്ലാനിൽ ഏകദേശം 390 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ടെക്നോസിറ്റി തിരുവനന്തപുരത്തിൻറെ ഐടി/ഐടിഇഎസ്, ഗ്ലോബൽ കപ്പാസിറ്റി സെൻററുകൾ (ജിസിസി), ഗവേഷണ വികസനം, നവീകരണ നേതൃത്വത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്ക്കുള്ള പ്രധാന വളർച്ചാ എഞ്ചിനായി വിഭാവനം ചെയ്യപ്പെടുന്നു. ക്വാഡ്, ജിസിസി ക്ലസ്റ്ററുകൾ, ഡിജിറ്റൽ സയൻസ് പാർക്ക്, എമർജിംഗ് ടെക്നോളജി ഹബ്, കേരള സ്പേസ് പാർക്ക്, സിഎഫ്എസ്എൽ തുടങ്ങിയ നാഴികക്കല്ലായ സംരംഭങ്ങളും അനുബന്ധ പദ്ധതികളും ഇതിന് അടിത്തറയിടുന്നു.
ടെക്നോപാർക്കിൻറെ 5.5 ഏക്കറിൽ ഏകദേശം 850,000 ചതുരശ്ര അടി ഓഫീസ് സ്ഥലത്തിൽ ക്വാഡിനു കീഴിലുള്ള ആദ്യത്തെ ഐടി കെട്ടിടത്തിൻറെ നിർമ്മാണം 2026 ജനുവരിയിൽ ആരംഭിക്കും. സി പി കുക്രേജ ആൻഡ് അസോസിയേറ്റ്സ് പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടൻറും മെസ്സേഴ്സ് സി സി സി എൽ നിർമ്മാണ ഏജൻസിയുമായി പ്രവർത്തിക്കും.
സഹഡെവലപ്പർമാർക്കായുള്ള പ്രീ-ബിഡ് മീറ്റിംഗ് ഡിസംബർ 30 ന് വൈകുന്നേരം 4 ന് ഓൺലൈനായും ഓഫ് ലൈനായും നടക്കും. ഇഒഐ അവതരണത്തിനുള്ള തീയതി 2026 ജനുവരി 5 ആണ്.
കൂടുതൽ വിവരങ്ങൾക്ക്: www.technopark.in/tenders.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.