Sections

ടാറ്റ അസറ്റ് മാനേജുമെൻറ് ഇൻബൗണ്ട് റീട്ടെയിൽ ഫണ്ടായ ടാറ്റ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു

Thursday, Oct 09, 2025
Reported By Admin
Tata Asset Management Gets IFSCA Nod for $500 Dynamic Equity Fund

കൊച്ചി: കുറഞ്ഞത് 500 ഡോളർ നിക്ഷേപത്തോടു കൂടിയ ടാറ്റ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട്-ഗിഫ്റ്റ് ഐഎഫ്എസ്സി പുറത്തിറക്കാൻ ടാറ്റാ അസറ്റ് മാനേജുമെൻറിന് ഐഎഫ്എസ്സിഎയിൽ (ഇൻറർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻറർസ് അതോറിറ്റി) നിന്ന് അനുമതി ലഭിച്ചു. ഇന്ത്യയുടെ വളരുന്ന ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാനും ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ പങ്കാളികളാകാനും ഈ പദ്ധതി ആഗോള നിക്ഷേപകർക്ക് അവസരമൊരുക്കും. മ്യൂച്വൽ ഫണ്ട് ഇക്വിറ്റി സ്കീമുകളിലും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലും (ഇടിഎഫ്) നിക്ഷേപിക്കുന്ന ഒരു ഇൻബൗണ്ട് ഫീഡർ പദ്ധതിയായാണ് ഈ ഫണ്ട് രൂപകൽപന ചെയ്തിരിക്കുന്നത്.

വിപണി പ്രവണതകൾക്ക് അനുസൃതമായി വൻകിട, ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപിക്കുന്ന രീതിയിൽ വകയിരുത്തൽ നടത്തുന്ന രീതിയാവും ടാറ്റ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട് പിന്തുടരുക. സാങ്കേതികവിദ്യ, ഊർജ്ജം, ആരോഗ്യ സേവനം തുടങ്ങി വളർന്നു വരുന്ന മേഖലകളിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തി സാധ്യതകൾ വിപുലമാക്കുകയും ചെയ്യും.

ഈ ഫണ്ടിലൂടെ നേടുന്ന വരുമാനം ഇന്ത്യൻ നികുതികളിൽ നിന്നു പൂർണമായും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നതാണ് നോൺ റസിഡൻറ് വിഭാഗത്തിൽപെട്ടവർക്ക് ലഭിക്കുന്ന സുപ്രധാന നേട്ടം. നിക്ഷേപകർ അവർ താമസിക്കുന്ന രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായ നികുതിക്കു മാത്രമാവും വിധേയം.

നോൺ റസിഡൻറ് വിഭാഗത്തിൽ പെട്ടവർക്ക് കുറഞ്ഞത് 500 ഡോളർ നിക്ഷേപത്തിനൊപ്പം ഗണ്യമായ നികുതി നേട്ടങ്ങൾ കൂടി നൽകുന്നതാണ് ഗിഫ്റ്റ് ഐഎഫ്എസ്സിയിൽ നിന്നുള്ള ടാറ്റാ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ടെന്ന് ടാറ്റാ അസറ്റ് മാനേജുമെൻറ് ഇൻറർനാഷണൽ ബിസിനസ് മേധാവി അഭിനവ് ശർമ പറഞ്ഞു. നിലവിലെ വിപണി സാഹചര്യങ്ങൾക്കനുസരിച്ചു ആസ്തികൾ വകയിരുത്തുന്ന രീതിയാവും പദ്ധതിയുടേത്. നിലവിലെ സാഹചര്യത്തിൽ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ 50-100 ശതമാനം വിപുലമായ അടിത്തറയുള്ള ഫണ്ടുകളിലും 0-50 ശതമാനം വിവിധ മേഖലകളിലും വിഭാഗങ്ങളിലുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികളിലും നിക്ഷേപിക്കും. ഇന്ത്യയുടെ വളർച്ചാ സാധ്യതകളിൽ വൈവിധ്യവൽക്കരണത്തോടെ പങ്കാളിയാകാനും മാറ്റങ്ങൾ വരുത്താനുള്ള അവസരവുമായി മുന്നോട്ടു പോകാനും ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ നിക്ഷേപകർക്ക് വ്യക്തികൾ എന്ന നിലയിലും സ്ഥാപനങ്ങൾ എന്ന നിലയിലും ഈ പദ്ധതിയിൽ നിക്ഷേപിക്കാനാവും. പ്രവാസികൾക്കും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിലവാരമനുസരിച്ചുള്ള മാനദണ്ഡങ്ങൾക്കു വിധേയമായ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗത്തിൽപെട്ടവർക്കും ഇതിൽ നിക്ഷേപിക്കാനാവും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.