Sections

ബിനാലെ ആഘോഷവേളയാക്കി തമിഴ് തൊഴിലാളികൾ

Monday, Dec 01, 2025
Reported By Admin
Tamil Families Behind World-Class Upkeep of Kochi-Muziris Biennale Venues

കൊച്ചി: സമകാലീന കലാലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനോത്സവമായ കൊച്ചി-മുസിരിസ് ബിനാലെ (കെ.എം.ബി.) വേദികളെ ലോക നിലവാരത്തിൽ നിലനിറുത്തുന്നത് പതിനഞ്ചോളം തമിഴ് കുടുംബങ്ങളാണ്. ബിനാലെ വേദികൾ വൃത്തിയാക്കുന്ന ജോലി സ്ഥിരമായി ലഭിക്കുന്ന കുടുംബങ്ങളാണിവർ.

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വേദികളിൽ ആദ്യ (2012) ബിനാലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ഈ കുടുംബങ്ങളാണ്.

ഇടയ്ക്ക് ഒരെണ്ണം മാത്രമാണ് എനിക്ക് നഷ്ടപ്പെട്ടതെന്ന് ഈ സംഘത്തിലെ പ്രധാനിയായ അശോകൻ ആന്റണി പറയുന്നു.

ഓരോ ബിനാലെയുടെയും ആറു മാസത്തെ മുന്നൊരുക്കങ്ങൾ കുടുംബങ്ങൾക്ക് ആഘോഷത്തിന്റെ സമയമാണെന്ന് അരനൂറ്റാണ്ട് മുൻപ് ജോലി തേടി തിരുച്ചിറപ്പള്ളിയിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ അദ്ദേഹം പറഞ്ഞു. ബിനാലെ തുടങ്ങാറായാൽ പിന്നെ ദിവസക്കൂലിക്ക് വേണ്ടിയുള്ള ജോലി കണ്ടെത്താൻ വിഷമിക്കേണ്ടതില്ല. ബിനാലെ വേദികളിൽ അകത്തും പുറത്തുമുള്ള എല്ലാത്തരം ശുചീകരണ ജോലികളും ചെയ്യും.

ഡിസംബർ 12-ന് ആരംഭിച്ച് അടുത്ത വർഷം മാർച്ച് 31-ന് അവസാനിക്കുന്ന ബിനാലെ ആറാം ലക്കം ലോക പ്രശസ്ത കലാകാരനായ നിഖിൽ ചോപ്രയും ഗോവയിലെ എച്ച്.എച്ച്. ആർട്ട് സ്പേസസും ചേർന്നാണ് ക്യൂറേറ്റ് ചെയ്യുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) സംഘടിപ്പിക്കുന്ന ഈ കലാവിരുന്നിന്റെ110 ദിവസത്തെ പ്രദർശനം അവസാനിക്കുന്നതുവരെ അശോകന്റെ കുടുംബവും മറ്റ് തൊഴിലാളികളും വേദികളിൽ ജോലിയിൽ തുടരും.

ശുചിമുറികൾ വൃത്തിയാക്കലിനു പുറമെ മരപ്പണി, കല്ലുവെട്ട്, തറ കെട്ടൽ, വെൽഡിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ, പെയിന്റിംഗ് ജോലികൾ എന്നിവയിൽ നിന്നുള്ള അവശിഷ്ടങ്ങളും ഇവരാണ് നീക്കം ചെയ്യുന്നത്.അശോകന്റെ മകൾ നോട്ട്ബുക്കിൽ എല്ലാ ദിവസവും ചെയ്ത ജോലികൾ രേഖപ്പെടുത്തും.

ഈ സമയമാകുമ്പോൾ അശോകന്റെ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും തിരുച്ചിറപ്പള്ളിയിൽ നിന്ന് ജോലിക്കായി ഇവിടെയെത്തും. ജനുവരി ഒന്നിന് അശോകന്റെ ജന്മദിനാഘോഷങ്ങൾ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിൽ വച്ചാണ് നടത്തുന്നതെന്നും അടുത്ത വർഷം പുതുവത്സര ദിനത്തിൽ 66 വയസ്സ് തികയുന്ന അശോകൻ പറഞ്ഞു.

വിലയേറിയതും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുമായ വസ്തുക്കളാൽ നിറഞ്ഞിരിക്കുന്നതാണ് ബിനാലെ വേദികളെന്ന് അശോകൻ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ എപ്പോഴും ശ്രദ്ധാലുവായിരിക്കണം. ബിനാലെ ഫൗണ്ടേഷന് ഞങ്ങളിലുള്ള വിശ്വാസം വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.