Sections

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍; 25 രൂപ സബ്‌സിഡി നിരക്കില്‍ ഡ്രാഗണ്‍ ഫ്രൂട്ട്   നടീല്‍വസ്തുക്കളുമായി കൃഷിവകുപ്പ്

Friday, Dec 10, 2021
Reported By Admin

കേരളത്തിലെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സാധ്യതകള്‍ അദ്ദേഹം 'ക്രഫ്റ്റ്‌സ് & ക്രോപ്‌സ്‌ന്റെ' എപ്പിസോഡില്‍ 'ദി ലോക്കല്‍ ഇക്കോണമി'യുമായി പങ്ക് വെച്ചിരുന്നു

ഡ്രാഗണ്‍ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതിയുമായി കൃഷിവകുപ്പ്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡി നിരക്കിലാണ് ഓരോ പഞ്ചായത്തുകള്‍ വഴിയും നടീല്‍വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. 100 രൂപ വിലയുള്ള വേരു പിടിപ്പിച്ച നടീല്‍വസ്തു 75 ശതമാനം സബ്‌സിഡിയോടെ 25 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക. 100 രൂപയ്ക്ക് 4 തൈകള്‍ ഒരു വ്യക്തിക്ക് ലഭിക്കും. ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനിലെത്തി ബുക്ക് ചെയ്യണം.

ഡ്രാഗണ്‍ ഫ്രൂട്ടിനെ കേരളത്തിന് പരിചയപ്പെടുത്തിയ തിരുവനന്തപുരം തണ്ണിച്ചാല്‍ സ്വദേശി വിജയന്‍ 15 ഏക്കറിലെ റബര്‍ കൃഷി അവസാനിപ്പിച്ച് ഡ്രാഗണ്‍ ഫ്രൂട്ടും മറ്റ് ഫലവൃക്ഷങ്ങളുമാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കേരളത്തിലെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സാധ്യതകള്‍ അദ്ദേഹം 'ക്രഫ്റ്റ്‌സ് & ക്രോപ്‌സ്‌ന്റെ' എപ്പിസോഡില്‍ 'ദി ലോക്കല്‍ ഇക്കോണമി'യുമായി പങ്ക് വെച്ചിരുന്നു.  

വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍, മഗ്‌നീഷ്യം എന്നിവയാല്‍ സമൃദ്ധമാണ് ഡ്രാഗണ്‍ഫ്രൂട്ട്. ഫൈബര്‍ കൂടുതലുള്ളതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. പഴത്തിലടങ്ങിയിരിക്കുന്ന ആന്തോസയാനിന്‍ കാഴ്ച വര്‍ധിപ്പിക്കും. നട്ട് രണ്ടാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങുന്ന ചെടിയില്‍ ശരാശരി 400 ഗ്രാം തൂക്കമുള്ള പഴങ്ങളുണ്ടാകും. താങ്ങിന് കോണ്‍ക്രീറ്റ് തൂണുകളോ വേലിക്കല്ലുകളോ ഉപയോഗിക്കാം. പന്തലിച്ചു വളരുന്നതിന് കാലിന്റെ മുകളില്‍ പഴയ ടയര്‍ പിടിപ്പിക്കുന്നത് നല്ലതാണ്. 
അമേരിക്കന്‍ സ്വദേശിയായ ഡ്രാഗണ്‍ഫ്രൂട്ട് കേരളത്തിലെ വരണ്ട കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് തിരിച്ചരിഞ്ഞതോടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. നന്നായി സൂര്യപ്രകാശമേല്‍ക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലത്തായിരിക്കണം നടേണ്ടത്. 60 സെന്റി മീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്തു മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു കുഴി നിറച്ച് തൈകള്‍ നടാം. ഏഴടി നീളവും നാലടി കനവുമുള്ള കോണ്‍ക്രീറ്റ് കാലുകളില്‍ ചെടിയുടെ വള്ളികള്‍ നന്നായി പടര്‍ന്നു കയറും. ഓരോ താങ്ങു കാലിനും മുകളിലായി ക്രോസ് ബാറിലോ, ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ വീതം സ്ഥാപിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴെക്ക് തൂങ്ങുന്ന വിധത്തിലാക്കണം. ഇങ്ങനെ വളരുന്ന വള്ളികളുടെ തുമ്പിലായി പൂക്കള്‍ വിടരും. അവ ഏകദേശം ഒരു മാസമാകുമ്പോള്‍ കായ്കളായി മാറും. ഏപ്രില്‍ മാസത്തിലെ വേനല്‍ മഴയില്‍ മൊട്ടിടുന്ന പൂക്കള്‍ ഒക്ടോബറില്‍ വിളവെടുക്കാന്‍ പാകത്തില്‍ പഴങ്ങളാകും. ഒരു വര്‍ഷത്തില്‍ ആറു തവണ വരെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് സാധ്യമാകും. മൂന്നു വര്‍ഷം പ്രായമായ ചെടിയില്‍ 25ല്‍പ്പരം പഴങ്ങളുണ്ടാകും. ഓരോ വര്‍ഷം കഴിയുംതോറും കായ്ഫലം കൂടുമെന്നതാണ് കര്‍ഷകരുടെ അനുഭവം. ഒരു ചെടിക്ക് 25 വര്‍ഷത്തിലേറെ ആയുസുമുണ്ട്.

ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളില്‍ കീടബാധ കുറവാണെന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. സമീപകാലത്ത് മഴ കൂടുതല്‍ ആയതിനാല്‍ ചെടികളില്‍ ചീയല്‍രോഗം കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തിലായിരിക്കണം നടേണ്ടത്. കള്ളിമുള്‍ വര്‍ഗത്തില്‍പ്പെട്ടതിനാല്‍ വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. തേനീച്ചകളാണ് പൂക്കളില്‍ പരാഗണം നടത്തുക. ഡ്രാഗണ്‍ഫ്രൂട്ട് തോട്ടത്തില്‍ ചെറുതേന്‍ പെട്ടികള്‍ സ്ഥാപിക്കുന്നത് പരാഗണം വര്‍ധിപ്പിക്കും. ഇത് ഉല്‍പാദനം മെച്ചപ്പെടുത്തുമെന്ന് കര്‍ഷകര്‍ പറയുന്നു. വീടുകളുടെ മട്ടുപ്പാവില്‍പ്പോലും വിജയകരമായി കൃഷി ചെയ്യാം. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.