Sections

ആധുനീകരണത്തിലൂടെ സമ്പാദ്യശീലം വളർത്തും - മന്ത്രി കെ എൻ ബാലഗോപാൽ

Friday, Oct 20, 2023
Reported By Admin
KSFE Mega Prize

മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്ന ആധുനീകരണത്തിലൂടെ കേരളത്തിലെ പുതുതലമുറയുടെ സമ്പാദ്യശീലം വർധിപ്പിക്കുകയാണ് സർക്കാർ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര ഹൈലാൻഡ് ഓഡിറ്റോറിയത്തിൽ കെ എസ് എഫ് ഇയുടെ സംസ്ഥാനതല മെഗാ സമ്മാനവിതരണവും മേഖലാതല സമ്മാനവിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ ധനകാര്യസ്ഥാപനമായ കെ എസ് എഫ് ഇ ലക്ഷ്യംമറികടന്നും ഇടപാടുകൾ നടത്തി വിശ്വാസ്യതയിൽ എന്നും മുന്നിലുള്ളതിന്റെ കാരണമാണ് വ്യക്തമാക്കുന്നത്. ഇവിടെ നടത്തുന്ന നിക്ഷേപം നാടിന് തന്നെയാണ് മുതൽക്കൂട്ടാകുന്നത്. മറ്റിടങ്ങളിൽ സാന്നിദ്ധ്യമുള്ള ധനകാര്യസ്ഥാപനങ്ങളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എ ജി ഉൾപ്പടെ മൂന്ന് തട്ടിലുള്ള ഓഡിറ്റിംഗാണ് കെ എസ് എഫ് ഇയിലുള്ളത്. സർക്കാർ ഗ്യാരന്റി എന്ന വലിയ സുരക്ഷയുണ്ട് ഇവിടുത്തെ നിക്ഷേപങ്ങൾക്ക്. ഏറ്റവും മികച്ച് സേവന-വേതന വ്യവസ്ഥയാണ് ഇവിടെ നടപ്പിലാക്കുന്നതും. രണ്ടര വർഷത്തിനുള്ളിൽ 1500 പേർക്ക് നിയമനവും നൽകാനായി. 77000 കോടി രൂപയുടെ വിറ്റുവരവും 25 ലക്ഷത്തിലധികം ചിട്ടികളും 51 ലക്ഷത്തിലേറെ ഇടപാടുകാരുമാണ് കരുത്ത്.

സമാനമാണ് സഹകരണമേഖലയിലെ നിക്ഷേപസുരക്ഷയും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നാടിന്റെ നിലനിൽപ്പിന് സഹകരണമേഖലയുമായി കൈകോർക്കുന്നതാണ് ഉചിതം. രണ്ടര ലക്ഷം കോടിരൂപയാണ് മേഖല കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒരു കോടിരൂപയുടെ സമ്മാനം ഉൾപ്പടെ പ്രകൃതിസൗഹൃദ വാഹനങ്ങളും ചേർത്ത് ഇക്കൊല്ലം ഏറ്റവും വലിയ സമ്മാനങ്ങളാണ് കെ എസ് എഫ് ഇ നടപ്പിലാക്കിയതെന്നും പുതിയ ചിട്ടി പദ്ധതികൾകൂടി നടപ്പിലാക്കി കൂടുതൽ വളർച്ച സാധ്യമാക്കുമെന്നും അധ്യക്ഷനായ ചെയർമാൻ കെ വരദരാജൻ പറഞ്ഞു.

കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ എസ് ആർ രമേശ്, കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടർ സനിൽ, മെഗാസമ്മാനജേതാക്കളായ ജയകുമാർ, നൗഷാദ്, ജനപ്രതിനിധികൾ, രാഷ്ട്രീകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.