Sections

ടെക്നോപാർക്കിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ശാഖ തുറന്നു; മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു

Friday, Oct 09, 2026
Reported By Admin
State Central Library Opens Extension Counter at Technopark

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ടെക്നോപാർക്ക് ജീവനക്കാരിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ടെക്നോപാർക്കിൽ എക്സ്റ്റൻഷൻ കൗണ്ടർ ആരംഭിച്ചു. ടെക്നോപാർക്ക് ഫേസ് 1 കാമ്പസിലെ ഭവാനി കെട്ടിടത്തിലെ ലൈബ്രറി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

സ്റ്റേറ്റ് സെൻട്രൽ ലൈബ്രേറിയൻ ശോഭന പി.കെ, മുൻ എം.എൽ.എയും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി അഡൈ്വസറി കമ്മിറ്റി ചെയർമാനുമായ കെ. മോഹൻകുമാർ, ടെക്നോപാർക്ക് അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് അഭിലാഷ് ഡി.എസ്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബാബു രാമചന്ദ്രൻ, പൊതുപ്രവർത്തകൻ മലയിൻകീഴ് വേണുഗോപാൽ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹീം, ടെക്നോപാർക്ക് ജീവനക്കാർ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലൈബ്രറിയുടെ സ്മാർട്ട് കാർഡ്, ഡിജിറ്റൽ പേയ്മെൻറ് സംവിധാനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്മാർട്ട് കാർഡ് സംവിധാനം വഴി അംഗങ്ങളുടെ വിവരങ്ങൾ ഏകീകരിക്കാനും പുസ്തകങ്ങൾ ബുക്ക് ചെയ്യുന്ന നടപടിക്രമങ്ങൾ ലളിതമാക്കാനും സാധിക്കും. ഡിജിറ്റൽ പേയ്മെൻറ് സംവിധാനം പിഴ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കും.

ടെക്നോപാർക്ക് ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ഒരു ശാഖയെന്നും സംസ്ഥാന സർക്കാരിൻറെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി അത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ടെക്നോപാർക്ക് ജീവനക്കാരും സംരംഭകരും ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ജോലിത്തിരക്കിനിടയിലും വായനാശീലം വളർത്തിയെടുക്കുകയും വേണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ക്ലാസിക് കൃതികൾ പുതിയ ശാഖയിൽ ലഭ്യമാണ്. വരും ദിവസങ്ങളിൽ ഈ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാവുന്നതാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അവ പരിഗണിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ വായനാശീലം വളർത്താൻ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി പ്രതിജ്ഞാബദ്ധമാണെന്നും ടെക്നോപാർക്കിൽ ശാഖ ആരംഭിക്കുന്നത് ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണെന്നും ശോഭന പി.കെ. പറഞ്ഞു.

പുസ്തകവായന തലച്ചോറിൻറെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്നും ഐടി ജീവനക്കാരുടെ ജോലിഭാരം കണക്കിലെടുക്കുമ്പോൾ ഇത് അവർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ബാബു രാമചന്ദ്രൻ പറഞ്ഞു.

ടെക്നോപാർക്കിലെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.