Sections

ആവശ്യക്കാര്‍ അന്വേഷിച്ച് വരും; വീട്ടിലിരുന്ന് തന്നെ തുടങ്ങാം

Friday, Oct 08, 2021
Reported By admin

വീട്ടില്‍ തന്നെ തുടങ്ങുകയാണെങ്കില്‍ ചിലവ് പരമാവധി കുറയ്ക്കാനും ഈ സംരംഭത്തിലൂടെ കഴിയും

 

വീട്ടിനു പുറത്തേക്ക് ഒരു സംരംഭം ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇന്നത്തെ കാലത്ത് വീട്ടിലിരുന്നു സ്വന്തമായി ബിസിനസ് ചെയ്യാം.ഓണ്‍ലൈന്‍ ട്യൂഷനൊക്കെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മാത്രം സാധ്യമാകുമ്പോള്‍ വളരെ എളുപ്പത്തില്‍ ഏതൊരു വ്യക്തിക്കും വീടുകളില്‍ ആരംഭിക്കാവുന്ന സംരംഭം ആണ് ചപ്പാത്തി നിര്‍മ്മാണം.

ഇന്ന് ആളുകള്‍ ഇന്‍സ്റ്റന്റ് ചപ്പാത്തിക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.ജോലിക്കാരായ ദമ്പതികളുള്ള വീടുകളില്‍ പൊതുവെ ചപ്പാത്തി പുറത്തുനിന്ന് വാങ്ങി സമയം ലാഭിക്കാന്‍ ആണ് ആളുകള്‍ ശ്രദ്ധിക്കുന്നതും.വീട്ടില്‍ തന്നെ തുടങ്ങുകയാണെങ്കില്‍ ചിലവ് പരമാവധി കുറയ്ക്കാനും ഈ സംരംഭത്തിലൂടെ കഴിയും. ചിലവ് എത്ര കുറയുന്നോ അത്രയും ലാഭം കൂടും. നഷ്ടം സംഭവിച്ചാല്‍ അതിന്റെ ആഘാതം കുറയ്ക്കാനും സാധിക്കും. 

ഏതൊരു സംരംഭമാണെങ്കിലും ആദ്യം ചെറിയ തോതില്‍ ആരംഭിക്കുന്നതാണ് ഉത്തമം. വലിയ തോതില്‍ ഈ സംരംഭം തുടങ്ങണമെങ്കില്‍ ഇതിനായി ഏകദേശം 3 ലക്ഷം രൂപ മൂലധനം യന്ത്രങ്ങളും മറ്റും വാങ്ങാന്‍വേണ്ടി വരും.പുതിയ സംരംഭം തുടങ്ങുന്നതിന് വായ്പ സൗകര്യങ്ങള്‍ ഏറെയുണ്ട്. അതില്‍ സഹായകരമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി). ഇത് പ്രകാരം മുടക്കു മുതലിന്റെ 95% വരെ വായ്പ ലഭിക്കും. അതില്‍ 35% സബ്സിഡി കഴിച്ച് ബാക്കി തുക തിരിച്ച് അടച്ചാല്‍ മതിയാകും. 

ഈ പദ്ധതിയില്‍ നിന്ന് വായ്പ്പയെടുക്കുന്നതിനു വരുമാനപരിധി ബാധകമല്ല. ഒറ്റയ്ക്കും കൂട്ടായും തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നതാണ്. കൂടാതെ കേരള ഗവണ്മെന്റ് വനിതകള്‍ക്കായി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ശരണ്യ എന്ന വായ്പ്പാ പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 50000 രൂപ വരെ വായ്പ്പ 50% സബ്‌സിഡിയോടുകൂടി ലഭിക്കും. അതായത് 50000 രൂപ വായ്പ്പ എടുക്കുകയാണെങ്കില്‍ തിരിച്ച് 25000 രൂപ അടച്ചാല്‍ മതിയാകും. ഇതുപോലുള്ള കൂടുതല്‍ തുക കിട്ടുന്ന പദ്ധതികള്‍ ഇനിയും ഉണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്മായി ബന്ധപ്പെടുക.

സെമി ഓട്ടോമാറ്റിക്ക് മെഷീന്‍ ഉപയോഗിച്ചും, ഫുള്ളി ഓട്ടോമാറ്റിക്ക് മെഷീന്‍ ഉപയോഗിച്ചും ഈ സംരംഭം ആരംഭിക്കാം. സെമി ഓട്ടോമാറ്റിക്ക് മെഷീന്‍ ആകുമ്പോള്‍ ഒന്നര ലക്ഷത്തിന് മുകളിലും, ഫുള്ളി ഓട്ടോമാറ്റിക്ക് മെഷീനുകള്‍ ആകുമ്പോള്‍ 3 ലക്ഷത്തിന് മുകളിലുമാണ് വിലകള്‍ വരുന്നത്. ഒരു മണിക്കൂറില്‍1000 മുതല്‍ 2000 ചപ്പാത്തി വരെ ഇത്തരം മെഷീനുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

ഒരാള്‍ കൂടി സഹായത്തിനു ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ഈ ബിസിനസ്സ് തുടങ്ങാം. തൊഴിലാളികളുടെ ലഭ്യത കുറവുമൂലം ഹോട്ടലുകള്‍, രാത്രികാല തട്ടുകടകളും ഇത്തരം ബിസിനസ്സ്‌കാരെ ആശ്രയിക്കുന്നു. കൂടാതെ ചെറിയ മുറി വാടകയ്ക്ക് എടുത്തോ വൈകുന്നേരങ്ങളില്‍ വാഹനത്തിലോ വയ്ച്ചു നേരിട്ടും വില്‍പന നടത്താവുന്നതാണ്. ഒരു ലഘു വ്യവസായമെന്ന രീതിയില്‍ എളുപ്പത്തില്‍ ആരംഭിക്കാവുന്ന ബിസിനസ്സാണിത്. നിലവില്‍ നിരവധി പേര്‍ ഇത്തരം ബിസിനസുകള്‍ ചെയ്യുന്നുണ്ട്. ഈ സംരംഭത്തിന്റെ പ്രധാന ചിലവ് എന്ന് പറയുന്നത് മെഷീനുകള്‍ വാങ്ങുന്നതാണ്.

ചപ്പാത്തിക്ക് ആവശ്യമായ മാവ് കുഴയ്ക്കുന്നതിന് മിക്‌സിംഗ് മെഷീന്‍, ചപ്പാത്തി മേക്കിങ് മെഷീന്‍, സീലിംഗ് മെഷീന്‍ തുടങ്ങി പാക്കിംഗ് കവറുകള്‍ എന്നിവക്കായി ഏകദേശം 1.5 ലക്ഷം മുതല്‍ 3 ലക്ഷം വരെ ചിലവ് ഉണ്ട്.പ്രതിദിനം ശരാശരി 1000 മുതല്‍ 1500 വരെ ചപ്പാത്തികള്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഒരു യൂണിറ്റിന് എല്ലാ ചിലവുകളും കഴിഞ്ഞ് 50,000 രൂപയോളം ലാഭമുണ്ടാക്കാന്‍ കഴിയും.

ചപ്പാത്തി നിര്‍മ്മാണത്തോടൊപ്പം സംരംഭത്തില്‍ വൃത്തിയുള്ള പാക്കിങ്ങില്‍ ബ്രാന്‍ഡ് നെയിമോടുകൂടി വിപണനം നടത്താന്‍ ശ്രദ്ധിക്കണം.അതോടൊുപ്പം ഭക്ഷ്യ വസ്തു വിതരണം ആയതിനാല്‍ F.S.S.A.I, G.S.T പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടാന്‍ മറക്കരുത്.മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കുന്നതാകും ചപ്പാത്തി പാഴായി പോകാതിരിക്കാന്‍ സഹായിക്കുന്നത് പിന്നീട് ഓര്‍ഡറുകള്‍ കൂടുന്നതിനനുസരിച്ചു ബിസിനസ്സ് വിപുലീകരിക്കാം.വിതരണത്തില്‍ കൃത്യതയും ഗുണമേന്മയും ഉറപ്പാക്കണം.

വീട്ടിലിരുന്ന് ഒരു സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെഷിനൂകളോ വലിയ ബഹളങ്ങളോ ഇല്ലാതെ ചെറിയ രീതിയിലോ അല്ലെങ്കില്‍ വായ്പ സഹായത്തോടെ വിപുലമായോ ചപ്പാത്തി നിര്‍മ്മാണത്തിന് തുടക്കമിടാന്‍ സാധിക്കുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.