Sections

ശബരി വെളിച്ചെണ്ണയില്‍ മിനറല്‍ ഓയില്‍ സാന്നിധ്യം

Wednesday, Nov 30, 2022
Reported By MANU KILIMANOOR

റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ശബരി വെളിച്ചെണ്ണയില്‍ മിനറല്‍ ഓയില്‍ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ നടപടിയുമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍. വില്പനശാലകളില്‍ നിന്നും ഡിപ്പോകളില്‍ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെളിച്ചെണ്ണ വിതരണം ചെയ്ത റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നുമാണ് വിശദീകരണം.

സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ റോയല്‍ എഡിബിള്‍ കമ്പനി വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലാണ്ണ് മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഇതേ ബാച്ചില്‍ പെട്ട ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണ എല്ലാ വില്പനശാലകളില്‍ നിന്നും ഡിപ്പോകളില്‍ നിന്നും തിരിച്ചെടുക്കുന്നതിനാണ് സപ്ലൈകോ നിര്‍ദേശം നല്‍കിയത്. വെളിച്ചെണ്ണ വിതരണം ചെയ്ത റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും സപ്ലൈകോ നല്‍കി.

കമ്പനിക്ക് നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറിന്മേല്‍ ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിട്ടുണ്ട്. സ്റ്റോക്കില്‍ അവശേഷിക്കുന്ന എല്ലാ ബാച്ചിലും പെട്ട സാമ്പിളുകളും അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുന്നത് അടക്കമുള്ള തുടര്‍നടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്‌ജോഷി അറിയിച്ചു. ഈ മാസം 25 ന് കോന്നിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി എഫ് ആര്‍ ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ശബരി വെളിച്ചെണ്ണയില്‍ കണ്ടെത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.