Sections

റബര്‍ വില താഴേക്ക്; കര്‍ഷകന്റെ കണക്ക് കൂട്ടല്‍ തെറ്റുന്നു

Wednesday, Apr 27, 2022
Reported By Admin

പശക്കും പ്ലാസ്റ്റിക്കിനും 35 ശതമാനം വില ഉയര്‍ന്നു

 

കോട്ടയം: വില ഉയരുമെന്ന കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് റബര്‍ വില താഴേക്ക്. വന്‍കിട കമ്പനികള്‍ റബര്‍ വാങ്ങാതെ വിട്ടുനില്‍ക്കുന്നതാണ് വിലകുറയാന്‍ പ്രധാനകാരണം. ആര്‍.എസ്.എസ് നാല് റബറിന് കിലോയ്ക്ക് കഴിഞ്ഞയാഴ്ച 172 രൂപയായിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഇത് 167 രൂപയിലേക്ക് താഴ്ന്നു. ഒരുമാസംമുമ്പ് വില 180 രൂപവരെയെത്തിയിരുന്നു. ഉല്‍പാദനം സജീവമാകാത്തതിനാല്‍ വില ഉയരുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ.

ടാപ്പിങ് സജീവമാകുന്നതോടെ കൂടുതല്‍ റബര്‍ വിപണിയിലെത്തുമെന്ന കണക്കുകൂട്ടലില്‍ വില പരമാവധി താഴ്ത്തിവാങ്ങാന്‍ ലക്ഷ്യമിട്ടാണ് ടയര്‍കമ്പനികളുടെ വിട്ടുനില്‍ക്കല്‍ നീക്കം. ഈസ്റ്റര്‍, വിഷു ആഘോങ്ങള്‍ക്കായി കര്‍ഷകര്‍ കൈയിലിരുന്ന റബര്‍ വലിയതോതില്‍ വിറ്റഴിച്ചിരുന്നു.

കുറഞ്ഞവിലയ്ക്കും വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഇതും കമ്പനികള്‍ മുതലെടുത്തു. തുടര്‍ച്ചയായി പെയ്യുന്ന മഴയും കര്‍ഷകര്‍ക്ക് വെല്ലുവിളിയായി. വന്‍കിട വ്യാപാരികള്‍ ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് റബര്‍ ശേഖരം കരുതിവെക്കാറുണ്ട്. മഴ തുടര്‍ച്ചയായി പെയ്യുന്നത് ശേഖരിച്ച ഷീറ്റ് റബറിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാല്‍ വ്യാപാരികള്‍ ഇത് വിപണിയിലെത്തിച്ചത് വിലയിടിവിന് കാരണമായി.

നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ ലാറ്റക്സ് വില ഉയര്‍ന്ന നിലയിലായിരുന്നു. ഇതില്‍ മാറ്റം വന്നതോടെ കര്‍ഷകരില്‍ പലരും ഷീറ്റാക്കി വില്‍ക്കാന്‍ തുടങ്ങി. അതിനിടെ, ടാപ്പിങ് പൂര്‍ണതോതിലാക്കാമെന്ന കര്‍ഷകരുടെ പ്രതീക്ഷകളും വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ താളംതെറ്റി.

മഴ തുടരുന്നതിനാല്‍ പ്ലാസ്റ്റിക് ഒട്ടിക്കുന്നതടക്കാനുള്ള തയാറെടുപ്പുകളും കര്‍ഷകര്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്ലാസ്റ്റികും പശയും അടക്കമുള്ള വസ്തുക്കളുടെ വിലക്കയറ്റം കര്‍ഷകര്‍ക്ക് ബാധ്യതയാവുകയാണ്.

പശക്കും പ്ലാസ്റ്റിക്കിനും 35 ശതമാനം വില ഉയര്‍ന്നു. 25 കിലോയുടെ ഒരു കുറ്റി പശക്ക് നേരത്തേ 1125 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1480 രൂപയായി. പ്ലാസ്റ്റിക് വില കിലോക്ക് 180 രൂപയായി. കഴിഞ്ഞ സീസണില്‍ 150 രൂപയായിരുന്നു. ചില്ലിനും ടാപ്പിങ്ങ് കത്തിക്കും 20 ശതമാനം വരെയാണ് വിലക്കയറ്റം. സാധാരണ ഈ സമയങ്ങളില്‍ മലയോരത്തെ തോട്ടങ്ങളില്‍ 60-75 ശതമാനംവരെ ജോലികള്‍ പൂര്‍ത്തിയാകുന്നതാണ്.

എന്നാല്‍, ഇത്തവണ കര്‍ഷകര്‍ റെയിന്‍ ഗാര്‍ഡിങ്ങിലെ ചെലവു വര്‍ധനയോര്‍ത്ത് മടിച്ചു നില്‍ക്കുകയാണ്. റബറിന് വളപ്രയോഗം നടത്തേണ്ട കാലമാണിതെങ്കിലും രാസ, ജൈവ വിലയിലെ വര്‍ധനയും കര്‍ഷകര്‍ക്ക് ദോഷകരമായി. ചാണകത്തിന്റെ വില വര്‍ധിച്ചതും പലയിടങ്ങളിലും കിട്ടാനില്ലാത്തതും വളപ്രയോഗം വൈകുന്നതിന് കാരണമാകുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.